കുമ്പളങ്ങി നൈറ്റ്സും ചില മാനേജ്മെന്റ് പാഠങ്ങളും

രാജേഷ് ആത്രശ്ശേരി

മലയാളക്കരയൊന്നാകെ രണ്ടും കൈയും നീട്ടി സ്വീകരിച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ആ സിനിമയെ ആസ്പദമാക്കി, ബിസിനസില്‍ പ്രസക്തമായ ചില പാഠങ്ങള്‍ എടുത്തു കാണിക്കാന്‍ ശ്രമിക്കുകയാണ്.

പേര്

ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ വളരെയധികം കുഴക്കുന്ന കാര്യമാണ് അതിന് എന്ത് പേരിടണമെന്നത്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യവസായത്തോട് യോജിച്ച പേരാണോ? പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന പേരാണോ തെരഞ്ഞെടുക്കേണ്ടത്? ഒരര്‍ത്ഥത്തില്‍ പേരിന് വലിയ പ്രസക്തിയുണ്ടോ? ഇങ്ങനെ പല ചോദ്യങ്ങളും നമ്മെ കുഴക്കാം. ഇവിടെയാണ് കുമ്പളങ്ങി നൈറ്റ്‌സ് കടന്നുവരുന്നത്. രണ്ട് വ്യത്യസ്തമായ പേരുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴുണ്ടാകുന്ന വൈചിത്ര്യമാണ് അതിനെ ആകര്‍ഷകമാക്കുന്നത്.

കൂടാതെ നൈറ്റ്‌സ് എന്ന വാക്കിന് നമ്മുടെ അബോധമനസിനെ ഒരു പ്രത്യേക തരത്തില്‍ സ്പര്‍ശിക്കാനുള്ള കഴിവുണ്ട്. രാത്രി, രാവ്, രാവുകള്‍, നൈറ്റ്‌സ് എന്നീ വാക്കുകള്‍ നമ്മില്‍ പലതരത്തിലുള്ള വികാരങ്ങള്‍ സൃഷ്ടിക്കും. ആ വാക്ക്, കുമ്പളങ്ങിയെന്ന അല്‍പ്പം വിചിത്രമായ പേരുമായി ചേരുമ്പോള്‍ അതിന് വല്ലാത്തൊരു കൗതുകം കൈവരുന്നു. ഒരു ആകര്‍ഷണത്തിനുവേണ്ടി മാത്രമല്ല നൈറ്റ്‌സ് എന്ന പേരു ചേര്‍ത്തിരിക്കുന്നത്.

ഈ സിനിമയിലെ പ്രധാനപ്പെട്ട പല രംഗങ്ങളും നടക്കുന്നത് രാത്രിയിലാണ്. അതുകൊണ്ട് ആ പേര് സിനിമയുമായി ചേര്‍ന്നു നില്‍ക്കുന്നു. ഒരു പേര് തെരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും ഇതുതന്നെയാണ്. കഴിയുന്നതും സ്ഥാപനവുമായി ബന്ധമുള്ളതും എന്നാല്‍ കേള്‍ക്കുന്നവരില്‍ കൗതുകമുണര്‍ത്തുന്നതുമാകണം നാം തെരഞ്ഞെടുക്കുന്ന പേര്.

ഉല്‍പ്പന്നം

കച്ചവടം തുടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നമ്മെ അലട്ടുന്ന ഒരു ചോദ്യമാണ് എന്തു കച്ചവടം ചെയ്യണമെന്നത്. ഈ ചോദ്യത്തിന് ഒരു നല്ല ഉത്തരമാണ് ഈ സിനിമ. ഈ സിനിമയ്ക്ക് അസാധാരണമായ ഒരു കഥയൊന്നുമില്ല. നമുക്ക് ചുറ്റും നടക്കുന്ന ജീവിതം തന്നെയാണ് ഈ സിനിമയുടെ കഥ.

എന്നാല്‍ സിനിമയുടെ ഓരോ നിമിഷവും നമ്മുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ കാരണമെന്താണ്? ആത് ആ കഥയെ ഒരുക്കിയെടുത്ത രീതിയാണ്. കുമ്പളങ്ങി നൈറ്റ്‌സ് ആ വിധത്തില്‍ രൂപപ്പെട്ടുവരാന്‍ ഏഴ് വര്‍ഷങ്ങളെടുത്തു. അത്രയും വര്‍ഷങ്ങള്‍ അതിന്റെ കഥാകാരന്‍ അതിനെ ഉരച്ചു മിനുക്കിയെടുക്കുകയായിരുന്നു.

ഉല്‍പ്പന്നം ശ്രദ്ധയോടെ മിനുക്കി എടുത്ത് ഒരു രത്‌നമാക്കാനുള്ള ക്ഷമയും ആത്മാര്‍ത്ഥതയും നമുക്കിടയില്‍ എത്രപേര്‍ക്കുണ്ടാകും? കച്ചടവം തുടങ്ങുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ചോദ്യമിതാണ് -- കസ്റ്റമറുടെ കൈയിലെത്തുമ്പോഴും എന്റെ ഉല്‍പ്പന്നം അതിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപം കൈവരിച്ചിട്ടുണ്ടോ? മനോഹരമായ ഉല്‍പ്പന്നം വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമെന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ സിനിമ..

മാര്‍ക്കറ്റിംഗ് തന്ത്രം

കച്ചവടത്തെ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ അനേകം മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ലഭ്യമാണ്. അതിലൊന്നാണ് പുഷ്/പുള്‍ തന്ത്രം. ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിച്ച്, അവ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുമെന്ന വിശ്വാസത്തോടെ, മാര്‍ക്കറ്റിലേക്ക് തള്ളിവിടുന്ന രീതിയാണ് പുഷ് എന്ന് പറയുന്നത്.

ഇതിന് അപകട സാധ്യത അല്‍പ്പം കൂടുതലാണ്. അതിനു പുറമെ പരസ്യത്തിനും പ്രചാരത്തിനും വളരെയധികം പണവും ചെലവാക്കേണ്ടി വരും. ഇതൊക്കെ ചെയ്തിട്ടും ഉല്‍പ്പന്നം വിറ്റുപോയിട്ടില്ലെങ്കിലുണ്ടാവുന്ന നഷ്ടം വേറെയും. എന്നാലും അതൊരു മോശം തന്ത്രമൊന്നുമല്ല. ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും ഇങ്ങനെയാണ് മാര്‍ക്കറ്റിലെത്തുന്നത്.

ഉല്‍പ്പന്നത്തിന്റെ മേന്മകൊണ്ട് ഉപഭോക്താക്കളെ അതിലേക്കടുപ്പിക്കുന്ന തന്ത്രമാണ് പുള്‍ എന്നത്. അത് വളരെ ബുദ്ധിമുട്ടുള്ള തന്ത്രമാണ്. ഉല്‍പ്പന്നം അത്രയും മികച്ചതാകണം. അതാണ് കുമ്പളങ്ങി നൈറ്റ്‌സിന് സാധിച്ചത്. വലിയ കോലാഹലങ്ങളും, പരസ്യവുമൊന്നുമില്ലാതെയാണ് സിനിമ തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിവസംതന്നെ സിനിമ ഹിറ്റാവുകയായിരുന്നു. ഉല്‍പ്പത്തിന് ഗുണമുണ്ടെങ്കില്‍ ആവശ്യക്കാര്‍ അത് തേടിവരും.

പൊതുലക്ഷ്യം

കുമ്പളങ്ങി നൈറ്റ്‌സില്‍ രണ്ട് വീടുകളുണ്ട്. ഒരു വീട് അച്ചടക്കരാഹിത്യത്തിന്റെ ഉദാഹരണമാണെങ്കില്‍, മറ്റേ വീട് അച്ചടക്കം എങ്ങനെ ഉണ്ടാവണമെന്ന് കാണിച്ചുതരുന്നു. ഒരു വീട്ടില്‍ ഒന്നിനും ഒരു ചിട്ടയുമില്ല. അവിടെയുള്ളവര്‍ തോന്നുന്ന സമയത്ത് വരുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം കലഹിക്കുന്നു. അവരെ കോര്‍ത്തിണക്കുന്ന ഒരു കണ്ണിപോലുമാവീട്ടിലില്ല. എന്നാല്‍ മറ്റേ വീട്ടില്‍ എല്ലാറ്റിനും അടുക്കും ചിട്ടയുമുണ്ട്. ചാവി തിരിച്ചുവിട്ട യന്ത്രത്തെപോലെയാണ് പലപ്പോഴും ആ വീട്ടിലുള്ളവര്‍ പെരുമാറുന്നത്.

ഒരു കച്ചവട സ്ഥാപനത്തില്‍ ഇതിനെ Process അല്ലെങ്കില്‍ System എന്നു പറയും. സ്ഥലം, ഉല്‍പ്പന്നം, ആളുകള്‍ (Place, Product, People) ഇവപോലെ തന്നെ പ്രധാനമാണ് പ്രോസസും. കച്ചവടത്തിന് അനുയോജ്യമായ പ്രക്രിയ തെരഞ്ഞെടുക്കേണ്ടത് അതിന്റെ വിജയത്തിന് വളരെ ആവശ്യമാണ്.

എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ഒരു പൊതു ലക്ഷ്യമുണ്ടാവുകയെന്നത്. കച്ചവടത്തിനെ വളര്‍ത്താനുള്ള ഒരോ കല്ലും പടുക്കേണ്ടത് ആ പൊതു ലക്ഷ്യമെന്ന അടിത്തറയ്ക്കു മുകളിലാണ്. അതല്ലെങ്കില്‍ കെട്ടിപൊക്കിയത് എത്ര മനോഹരമായിട്ടാണെങ്കിലും അത് തകര്‍ന്നുവീഴും. സിനിമയില്‍ ആകെ ശിഥിലമായി കിടക്കുന്ന വീട്ടിലേക്ക് പതുക്കെ ചിട്ടകളും താളവും കടന്നുവരുന്നത് നാം കാണുന്നു. അവരുടെ ജീവിതത്തില്‍ അവിചാരിതമായി നടന്ന സംഭവങ്ങള്‍ അവരെ ഒരു പൊതുലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം മറ്റേ വീട്ടില്‍ നാം കണ്ട ചിട്ട തികച്ചും ബാഹ്യമായിരുന്നു. ഒരു വ്യക്തി തന്റെ ശക്തികൊണ്ട് മറ്റുള്ളവരെ അനുസരിപ്പിച്ച ചിട്ടയും ക്രമവുമാണ് നാം ഇവിടെ കണ്ടത്. എന്നാല്‍ ഇതൊന്നും ഒരു പൊതുവായ താല്‍പ്പര്യത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തിയതല്ല. അതുകൊണ്ട് ആദ്യത്തെ ചെറുകാറ്റില്‍ തന്നെ അതെല്ലാം ഒരു ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു.

നമ്മുടെ പല സ്ഥാപനങ്ങളിലേക്കും സൂക്ഷിച്ചുനോക്കിയാല്‍ ഈ രണ്ട് വീടുകളും വ്യക്തമായി കാണാന്‍ കഴിയും. ബാഹ്യമായ പ്രക്രിയ പിന്തുടരുന്ന സ്ഥാപനത്തിലെ അച്ചടക്കവും ചിട്ടയും മോടിയും കണ്ട് നമ്മള്‍ പലപ്പോഴും കബളിപ്പിക്കപ്പെടും. അതിനിടയില്‍ പതിയിരിക്കുന്ന അപകടം നാം പലപ്പോഴും മനസിലാക്കുന്നില്ല. പകരം ഒത്തൊരുമയില്‍ നിന്നും ഉരുത്തിരിയുന്ന ആര്‍ജ്ജവം നമ്മെ ഒരു പൊതുലക്ഷ്യത്തിലേക്ക് നയിക്കുകയാണെങ്കില്‍ അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കെട്ടിപ്പടുക്കുന്നതെന്തും ശാശ്വതമായിരിക്കും.

ലീഡര്‍ഷിപ്പ്

മാനേജ്‌മെന്റ് തലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലീഡര്‍ഷിപ്പ്. ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വലിയൊരു ആശയമാണ് കളക്റ്റീവ് ലീഡര്‍ഷിപ്പ്. അഥവാ കൂട്ടായ നേതൃത്വം എന്നത്. ഒരു നേതാവിനെ മാത്രം ആശ്രയിക്കാതെ, നേതൃത്വഗുണമുള്ള പലരുടെയും കഴിവുകളെ, ഗുണങ്ങളെ ഉപയോഗപ്രദമാക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നേതൃത്വം ഒരാളില്‍ മാത്രം നിക്ഷിപ്തമാകുമ്പോള്‍ അതിന് പല പോരായ്മകളും വരാനുള്ള സാധ്യതയുണ്ട്. പല വ്യക്തികള്‍ക്കും പല കഴിവുകളുമുണ്ടാകാം ആ കഴിവുകളെ പരമാവധി ഉപയോഗിക്കുകയെന്നതാണ് കൂട്ടായ നേതൃത്വ സങ്കല്‍പ്പം കൊണ്ട് ഉദ്ദേശിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് ഇതിന് ഉത്തമ ഉദാഹരണമാണ്. ഫഹദിന്റെ വീട്ടില്‍ അയാളാണ് നായകന്‍. എല്ലാം അടക്കി ഭരിക്കുന്ന നായകന്‍. എന്നാല്‍ മറ്റേ വീട്ടില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.

അവിടെ ഒരു നേതാവില്ല. പ്രായത്തിനും അനുഭവത്തിനും വിദ്യാഭ്യാസത്തിനും പരിഗണനയില്ല. പരസ്പരം മല്ലിടുന്ന വ്യത്യസ്തവും ശക്തവുമായ നാല് വ്യക്തിത്വങ്ങളാണ് അവിടെയുള്ളത്. എന്നാല്‍ ഒടുവില്‍ ഒരു പൊതുലക്ഷ്യത്തിന്റെ ചരട് അവരെ ഒരുമിച്ച് കോര്‍ക്കുമ്പോള്‍ ആ നാലുപേരും ഒന്നായതിന്റെ ശക്തി നാം കാണുന്നു. ഏറ്റവും ചെറിയ ആള്‍ക്കുപോലും ആ പോരാട്ടത്തിലൊരു വലിയ പങ്കുണ്ട്. എല്ലാം തന്റെ കൈയിലൊതുക്കുന്ന നേതൃത്വ ശൈലി വേണോ, അതോ ഒരു കൂട്ടമാളുകള്‍ ഒരു പൊതുലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കണോ എന്ന ചോദ്യത്തിന് ഈ സിനിമ ലളിതമായ ഒരുത്തരം തരുന്നു.

തൊഴിലിനോടുള്ള ആദരവ്

ഏത് തൊഴിലിനും അതിന്റെ അന്തസുണ്ട് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു. 'ഞാന്‍ അന്തസ്സുള്ള ജോലി ചെയ്താണ് ജീവിക്കുന്നതെന്ന് ഫഹദ് പറയുമ്പോള്‍ അത് ബാര്‍ബര്‍ ഷോപ്പിലെ ജോലിയാണെന്ന് നമ്മള്‍ കരുതുന്നില്ല. അതുപോലെതന്നെ തനിക്ക് തീരെ പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ജോലിയില്‍ നിന്നും ഓടി രക്ഷപ്പെടുന്ന ബോബിയോട്, അയാളുടെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ കഴിയുന്ന 'മീന്‍ പിടുത്തത്തിലേക്ക്' തിരിച്ചുവന്നുകൂടെ എന്ന് അയാളുടെ കൂട്ടുകാരി ചോദിക്കുന്നുണ്ട്. ആ ചോദ്യം ശരിക്കും, കുട്ടികളെ ഞെക്കി പഴുപ്പിച്ച്, മറ്റാരൊക്കെയോ ആക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിനോടാണ് ചോദിക്കുന്നത്.

പ്രതീക്ഷ

ചുണ്ടില്‍ ചിരിയും, മനസില്‍ പ്രതീക്ഷയുമായാണ് നാമെല്ലാം സിനിമ കണ്ടിറങ്ങിയിട്ടുണ്ടാവുക. സിനിമയുടെ തുടക്കത്തില്‍ എല്ലാം കെട്ടഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പക്ഷെ അതവസാനിക്കുന്നത് വളരെയധികം പ്രതീക്ഷയോടെയാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഉത്തരവാദിത്തവും ലക്ഷ്യബോധവുമൊക്കെയുണ്ടാവുന്നു. അവരുടെ പ്രണയം പൂവിടുന്നു. ജീവിതത്തിന് താളവും സൗന്ദര്യവുമുണ്ടാകുന്നു.

അതില്‍ എടുത്തുപറയേണ്ട കഥാപാത്രം ഏറ്റവും ചെറിയ അനുജന്റേതാണ്. എന്നെങ്കിലും ഈ വീട് ശരിയാവുമെന്ന പ്രതീക്ഷ അവനില്‍ എപ്പോഴുമുണ്ട്. ഏത് ആകുലതയിലും മനസിലെ പ്രതീക്ഷകള്‍ മങ്ങരുത് എന്ന് പറയുന്നതിനോടൊപ്പം, ഇന്നത്തെ തലമുറയ്ക്ക് മുന്നോട്ട് പോകാന്‍ പുതിയ തലമുറയില്‍ നിന്നും പലതും പഠിക്കാനുണ്ട് എന്നും സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഏതൊരു കച്ചവടത്തിനും ഇത് ബാധകമാണ്.

(ലേഖകന്‍ ഹ്യൂമന്‍ ഗാര്‍ഡനേഴ്‌സ് കണ്‍സള്‍ട്ടന്റ്‌സ് & ട്രെയ്‌നേഴ്‌സ് ഡയറക്ടറാണ്)

Related Articles
Next Story
Videos
Share it