മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ബിസിനസില്‍ എന്തിനാണിതൊക്കെ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്... വരും കാലങ്ങളില്‍ ബിസിനസിനെ നയിക്കാന്‍ പോകുന്ന സാങ്കേതിക വിദ്യകള്‍. ഇതൊക്കെ നമ്മുടെ ബിസിനസിലും പ്രാവര്‍ത്തികമാക്കണോ, അല്ലെങ്കില്‍ ഇത് നമുക്കൊക്കെ സാധ്യമാണോ എന്നു ചിന്തിക്കുന്നവരാണ് ബിസിനസ് ലോകത്തെ പലരും. അതിവേഗം കുതിക്കുന്ന സാങ്കേതികവിദ്യകളെ പുണരാന്‍ വൈകിയാല്‍ ആ ബിസിനസ് കാലങ്ങളേറെ പിറകിലേക്ക് പോകുമെന്നാണ് ചരിത്രപാഠം. കൊഡാക്കും നോക്കിയയുമൊക്കെ ആ ദുരന്തത്തിന്റെ ഓര്‍മകളാണ്.

മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ) കമ്പനികളെ കൂടുതല്‍ നേട്ടത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എ.ഐ സംവിധാനം ഉപയോഗിക്കുന്ന കമ്പനികള്‍ക്കിടയില്‍ മക്കിന്‍സി അടുത്തിടെ നടത്തിയ സര്‍വേയില്‍ 63 ശതമാനം പേരും വ്യക്തമാക്കിയത്, തങ്ങള്‍ക്ക് വരുമാന വര്‍ധന ഉണ്ടായെന്നാണ്. ഇവരെല്ലാം എ.ഐ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലുമാണ്. 2024 അവസാനത്തോടെ 75 ശതമാനം സംരംഭങ്ങളും പ്രാരംഭ എ.ഐ ഉപയോഗത്തില്‍ നിന്ന് വിപുലമായ എ.ഐ ഉപയോഗത്തിലേക്ക് മാറുമെന്ന് ഗാര്‍ട്ട്‌നര്‍ വ്യക്തമാക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനിടെ തങ്ങളുടെ സ്ഥാപനങ്ങളെ ഐ.ഐയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ 57 ശതമാനം പേര്‍ സജ്ജരായിക്കഴിഞ്ഞുവെന്ന് ഡിലോയ്റ്റ് സര്‍വേയിലും പറയുന്നു.
എങ്ങനെ തുടങ്ങണം?
ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് എ.ഐ, മെഷീന്‍ ലേണിംഗ് എന്നിരിക്കെ, അത് എങ്ങനെയാണ് തങ്ങളുടെ ബിസിനസില്‍ നടപ്പിലാക്കുകയെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഐഡിയയുമില്ലാതെ നില്‍ക്കുകയാണ് പലരും. എവിടെ നിന്ന് തുടങ്ങണമെന്ന കാര്യത്തില്‍ പോലും സംശയമായിരിക്കും. ആദ്യം ഇതേപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കുക എന്നതു തന്നെയാണ് കാര്യം.
എന്താണ് മെഷീന്‍ ലേണിംഗ്, എന്താണ് എ.ഐ?
പലയിടങ്ങളില്‍ നിന്നായി ചിലതൊക്കെ കേട്ടോ, ഭാഗികമായി മനസിലാക്കിയോ ഇതൊരു വയ്യാവേലിയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. പുതുതായി എന്തു വന്നാലും ഏതെങ്കിലും ഏജന്‍സിയെയോ കണ്‍സള്‍ട്ടന്‍സിയെയോ ഏല്‍പ്പിച്ച് തടിയൂരുന്നവരാണ് പലരും. വിദഗ്ധരെ ഏല്‍പ്പിക്കുമ്പോഴും അതേപ്പറ്റി ധാരണയുണ്ടായിരിക്കുന്നത് ഗുണമല്ലാതെ ദോഷം ചെയ്യില്ല.
മനുഷ്യബുദ്ധി ഉപയോഗിച്ച് ചെയ്തിരുന്ന കാര്യങ്ങളുടെ തനിപ്പകര്‍പ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യുന്നതിനെയാണ് ലളിതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്നു പറയുക.
നിലവില്‍ ഏതാണ്ടെല്ലാ എ.ഐ സംവിധാനങ്ങളും സജ്ജീകരികരിക്കുന്നത് മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ്. യുക്തിപരമായ തീരുമാനമെടുക്കുന്നതിനും അതിന്റെ സാധുത ഉറപ്പാക്കുന്നതിനും ഭീമമായ വിവരങ്ങള്‍ മെഷീന്‍ ലേണിംഗ് ഉപയോഗപ്പെടുത്തുന്നു. ഇത് മോഡല്‍ എന്നാണ് അറിയപ്പെടുന്നത്. ഈ മോഡലിലേക്ക് എ.ഐ സംവിധാനം ഇന്‍പുട്ട് വിവങ്ങള്‍ നല്‍കുന്നു. ഇത് അവലോകനം ചെയ്തശേഷം മനുഷ്യബുദ്ധിക്ക് സമാനമായി ഉത്തരം നല്‍കുകയാണ് മോഡല്‍ ചെയ്യുന്നത്.
മെഷീന്‍ ലേണിംഗ് ഇല്ലാതെ എ.ഐ നിര്‍മിക്കാനാവില്ല. എ.ഐയെ കൂടാതെ മറ്റനവധി കാര്യങ്ങള്‍ക്ക് മെഷീന്‍ ലേണിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും എ.ഐ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മെഷീന്‍ ലേണിംഗ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
എന്തിനാണ് മെഷീന്‍ ലേണിംഗ്?
എന്തിനാണ് തന്റെ ബിസിനസില്‍ മെഷീന്‍ ലേണിംഗിന്റെ ആവശ്യമെന്നാണ് ആദ്യമുയരുന്ന ചോദ്യം. ഭാവിയിലെ ബിസിനസ് എ.ഐ അധിഷ്ടിതമായിരിക്കുമെന്നതാണ് പ്രഥമമായി പരിഗണിക്കാവുന്ന ഉത്തരം. പുതിയ ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തി മുന്നേറുമ്പോഴാണ് കാലത്തിനൊപ്പം ബിസിനസിനെയും വളര്‍ത്താനാവുക.
തീരുമാനത്തിലെ വേഗത
കൂടുതല്‍ നേട്ടങ്ങളിലേക്കായി വേഗത്തിലുള്ള തീരുമാനമെടുക്കുന്നതിനായി എ.ഐ സഹായിക്കും. അതിസങ്കീര്‍ണമായ വിവരങ്ങളെ എളുപ്പത്തിലുള്ള ഡാറ്റകളാക്കി നമ്മുടെ മുന്നിലെത്തിക്കുന്നതോടെ സ്മാര്‍ട്ടായും വേഗത്തിലായും കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവും.
കസ്റ്റമൈസേഷന്‍
ഓരോ ഉപഭോക്താവിന്റെയും ആവശ്യം, അഭിരുചി തുടങ്ങിയ വൈവിധ്യങ്ങളൊക്കെ മനസിലാക്കി, അവരിലേക്ക് കസ്റ്റമൈസ് ചെയ്ത ഉല്‍പന്നമോ സേവനമോ എത്തിക്കാന്‍ എ.ഐ സഹായിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, മ്യൂസിക് ആപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത് എ.ഐ റെക്കമന്റേഷന്‍ ഓപ്ഷനോടെയാണ്.
നിലവിലെ ഉല്‍പന്നങ്ങള്‍ക്ക് ശക്തി പകരും
നിങ്ങള്‍ നല്‍കുന്ന സേവനം, ഉല്‍പന്നം എന്നിവയ്ക്ക് ശക്തി പകരാന്‍ എ.ഐ സംവിധാനം സഹായിക്കും. ഉദാഹരണത്തിന്, ഒരു മെഡിക്കല്‍ ഉപകരണമാണ് വില്‍ക്കുന്നതെങ്കില്‍, എ.ഐ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതോടെ ആ ഉല്‍പ്പന്നത്തിന് അനേകം സവിശേഷതകള്‍ കൊണ്ടുവരാനാവും.
പുതിയ ഉല്‍പ്പന്നങ്ങളുടെ കണ്ടുപിടുത്തം
നിങ്ങളുടെ ഇപ്പോഴത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി കണക്കാക്കുന്നതിലൂടെ പുതിയ ഉല്‍പ്പന്നം കൂടി പുറത്തിറക്കാനുള്ള വിവരങ്ങള്‍ എ.ഐ സഹായത്തോടെ ലഭിക്കും.
അതിജീവനം
വേണമെങ്കില്‍ തെരഞ്ഞെടുത്താല്‍ മതിയല്ലോയെന്ന കാലം കഴിഞ്ഞു. ഇനിയുള്ള കാലത്ത് മെഷീന്‍ ലേണിംഗ് അത്യാവശ്യമായ ഘടകമാണ്. നിങ്ങളുടെ സ്ഥാനം ബിസിനസില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ മാറ്റം അനിവാര്യമായി വരും.


Related Articles
Next Story
Videos
Share it