യുഎസ് കമ്പനി ബോള്‍ട്ടിന്റെ സിഇഒ ആയി കട്ടപ്പനക്കാരന്‍ മജു കുരുവിള
സാന്‍ഫ്രാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോള്‍ട്ടിന്റെ സിഇഒ ആയി ചുമതലയേറ്റ് മലയാളി മജു കുരുവിള. ഇടുക്കി കട്ടപ്പന സ്വദേശിയായ മജുവിന്റെ ഭാര്യ ചങ്ങനാശ്ശേരിക്കാരിയാണ്.
എട്ടു വര്‍ഷക്കാലം ആമസോണിനൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷം 2021 ജനുവരിയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായി ബോള്‍ട്ടിലെത്തിയ മജു കുരുവിളയ്ക്ക്, ഓഗസ്റ്റ് മുതല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടിയിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് അതിവേഗം എത്തിയിരിക്കുകയാണ്.
ഫോര്‍എവര്‍21 അടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകള്‍ക്ക് പേയ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നല്‍കുന്ന കമ്പനിയാണ് ബോള്‍ട്ട്. ഈയിടെ 11 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലെത്തിയ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്ന് 27 കാരനായ റയാന്‍ ബ്രെസ്ലോ രാജിവെച്ചൊഴിഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും പകരക്കാരനായി മജു കുരവിളയെന്ന 44കാരനെ നിയമിച്ച് സ്റ്റാര്‍ട്ടപ്പ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് റയാന്‍ ബ്രെസ്ലോ.
കര്‍ണാടകയിലെ മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മജു കുരുവിള കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയത്. ശേഷം യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.
''ബോള്‍ട്ട് ഒരിക്കലും കാര്യങ്ങള്‍ മറ്റുള്ളവരെപ്പോലെ ചെയ്യാറില്ല. ഭയരഹിതമായ തീരുമാനങ്ങളെടുക്കുകയും ദുഷ്‌കീര്‍ത്തി ഒഴിവാക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. മറ്റൊരു ഭയരഹിതമായ തീരുമാനം പ്രഖ്യാപിക്കുകയാണിന്ന്. മജു കുരുവിള ബോള്‍ട്ടിന്റെ പുതിയ സിഇഒ ആയിരിക്കുന്നു''- ബോള്‍ട്ട് സ്ഥാപകന്‍ കൂടിയായ റയാന്‍ ബ്രെസ്ലോ ട്വീറ്റ് ചെയ്തു.
''ഏതാണ്ട് കമ്പനിയുടെ ഭൂരിഭാഗം കാര്യങ്ങളും അദ്ദേഹം നോക്കുന്ന സ്ഥിതിക്ക്, ഞാന്‍ സ്വയം ഒരു ചോദ്യമുന്നയിച്ചു: എന്തുകൊണ്ട് നൂറ് ശതമാനം ആയിക്കൂട?''- റയാന്‍ ബ്രെസ്ലോ പ്രതികരിച്ചു. മുന്‍ സ്ഥാനത്തിരുന്ന് ബോള്‍ട്ടിന്റെ സഞ്ചാരപഥം തന്നെ മാറ്റിയ ആളെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതോടെ അതൊരു വീരേതിഹാസ യാത്ര തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റായാണ് മജു കുരുവിള ആമസോണില്‍ ചേര്‍ന്നത്. ഗ്ലോബല്‍ ലോജിസ്റ്റിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയുടെ ആഗോളതലത്തിലുള്ള മേല്‍നോട്ടം വഹിച്ച മജു കുരുവിള, കമ്പനിയിലെ ഏറ്റവും വേഗത്തില്‍ ഉദിച്ചുയര്‍ന്ന എന്‍ജിനിയറിംഗ് താരമായി മാറി. ആയിരക്കണക്കിന് എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന സംഘത്തെ നയിച്ച പരിചയവുമായാണ് അദ്ദേഹം ബോള്‍ട്ടിലെത്തിയത്.