‘സ്മോൾ’ ബിസിനസിൽ നിന്ന് ‘സ്മാർട്ട്’ ബിസിനസിലേക്ക്; എംഎസ്എംഇകൾക്ക് തുറക്കുന്ന പുതിയ അവസരങ്ങൾ

ഇത് ചെറുകിട, ഇടത്തരം ബിസിനസുകളുടെ നിര്‍ണായക കാലമാണ്. അവസരങ്ങള്‍ മുന്നിലുണ്ട്, ആവേശത്തോടെ അവ ഉപയോഗിക്കാം
msme-smart-business
Image courtesy: Canva
Published on: 

രമേഷ് കൃഷ്ണന്‍

നീല്‍ ആംസ്ട്രോങ്ങിന്റെ ചെറു ചുവടുവെപ്പ് എന്തൊക്കെ സാധ്യമാണെന്ന മനുഷ്യരാശിയുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ച ഒന്നാണ്. എംഎസ്എംഇകളെ സംബന്ധിച്ചിടത്തോളം അടുത്ത കുതിച്ചുചാട്ടം ഒരു ചെറു ചുവടുവെപ്പോടെ തന്നെയാകാം തുടങ്ങുന്നത്. പുതിയൊരു വിപണിയിലേക്കുള്ള പ്രവേശനമാകാം, സ്മാര്‍ട്ടായ ഫിനാന്‍സ് ലഭ്യതക്കുള്ള നീക്കമാകാം, ഇന്നവേറ്റീവായ ആശയമാകാം, അല്ലെങ്കില്‍ ടെക്നോളജി ഉള്‍ച്ചേര്‍ത്തുള്ള തീരുമാനമാകാം. വെല്ലുവിളി എന്താണെന്ന് വെച്ചാല്‍ ആ ചുവട് എടുക്കുക എന്നതാണ്.

എംഎസ്എംഇ രംഗം അടിമുടി മാറുകയാണ്. വിപണി കൂടുതല്‍ വിശാലമാകുന്നു. ഫണ്ട് ലഭിക്കാനുള്ള സാധ്യതകള്‍ ഏറിവരുകയും ടെക്നോളജി കൂടുതല്‍ ഇന്റലിജന്റാകുകയും ചെയ്തു. ചട്ടങ്ങളും നിയമങ്ങളും കൂടുതലായി നിക്ഷേപ സൗഹാര്‍ദപരവുമായിരിക്കുന്നു.

രാജ്യത്തെ മാനുഫാക്ചറിങ് മേഖലയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം) പ്രത്യക്ഷമായും പരോക്ഷമായും മാനുഫാക്ചറിങ് മേഖലയിലെ കമ്പനികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ എടുത്തുപറയുന്നുണ്ട്. ഇനി ലക്ഷ്യം ചെറുതായി തുടരുക എന്നതല്ല, വലുതായി ചിന്തിക്കുക എന്നതാണ്.

2025ലെ കണക്ക് പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഡിവൈസസ്,ടെലികോം, വൈറ്റ് ഗുഡ്സ്, ഫുഡ് പ്രോസസിങ്, ടെക്‌സ്‌റ്റൈല്‍സ്, ഡ്രോണ്‍സ് തുടങ്ങിയ വിഭിന്ന മേഖലകളിലായി 176 എംഎസ്എംഇകള്‍ പ്രത്യക്ഷത്തില്‍ പിഎല്‍ഐ സ്‌കീമിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്.

'ചെറുതിന്' ഇനി വലുതാകാം

2025 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ എംഎസ്എംഇ വര്‍ഗീകരണം മൈക്രോ, സ്മോള്‍, മീഡിയം സംരംഭങ്ങളുടെ നിക്ഷേപ-വിറ്റുവരവ് പരിധികള്‍ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ എംഎസ്എംഇ വിഭാഗത്തിന് പുറത്തേക്ക് ഉടന്‍ മാറാതെ തന്നെ ഒരു ബിസിനസിന് ഗണ്യമായ വളര്‍ച്ച കൈവരിക്കാനാകും.

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിര്‍വചനത്തിലെ മാറ്റം മാത്രമല്ല, മറിച്ച് ഒരു അടിസ്ഥാന ചോദ്യമാണ് ഉയരുന്നത്: നിങ്ങള്‍ ഇതുവരെ സങ്കല്‍പിച്ചിട്ടില്ലാത്തത്ര വലിയൊരു സ്‌കെയ്‌ലിലേക്ക് നിങ്ങളുടെ ബിസിനസിന് വളരാനാകുമോ?

ലോകം ഇനി നിങ്ങളുടെ വിപണിയാണ്

ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി, പ്രാദേശിക വ്യാപാര കരാറുകളുടെ ശൃംഖല വിദേശ വിപണികളിലേക്ക് എംഎസ്എംഇകള്‍ കൂടുതല്‍ പ്രവേശനം തുറന്നുകൊടുക്കുകയാണ്.

ഇത് എംഎസ്എംഇകള്‍ക്ക് മുന്നിലെ അവസരങ്ങളുടെ ഭൂമിശാസ്ത്രം തന്നെ മാറ്റുന്നു. കേരളത്തിലെ ഒരു മാനുഫാക്ചറര്‍ക്ക് ഇനി പ്രാദേശിക വിപണിയെയോ, ഇന്ത്യയിലെ വിപണിയെയോ മാത്രം ആശ്രയിച്ച് ചിന്തിക്കേണ്ടതില്ല. ഇവിടെ രൂപകല്‍പന ചെയ്ത്, ഇവിടെ നിര്‍മിച്ച്, ഇവിടെ തന്നെ ബ്രാന്‍ഡ് ചെയ്ത ഒരു ഉല്‍പന്നത്തിന് ആഗോള ഉപഭോക്താക്കളിലേക്ക് എത്താനുള്ള സാധ്യത ഇന്ന് കൂടുതലാണ് - സ്‌പേസ്എക്‌സ് റോക്കറ്റിന്റെ ഒരു കൃത്യതയേറിയ ഘടകം വരെ! എന്നാല്‍ അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കാന്‍ കയറ്റുമതി ശേഷി മാത്രം പോര. വിലനിര്‍ണയം, സര്‍ട്ടിഫിക്കേഷന്‍, ലോജിസ്റ്റിക്സ്, ധനസമാഹരണം, ഡിജിറ്റല്‍ സാന്നിധ്യം, വിപണിയിലെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ആവശ്യമാണ്. എംഎസ്എംഇയുടെ അടുത്ത ഉപഭോക്താവ് വിദേശത്തായിരിക്കാം.

ബിസിനസിനെ പിന്തുടര്‍ന്ന് ധനവും എത്തിത്തുടങ്ങുന്നു

വര്‍ഷങ്ങളായി സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് പലപ്പോഴും ഈടും ബാങ്കുകളുമായുള്ള ദീര്‍ഘകാല ബന്ധവും ശക്തമായ ബാലന്‍സ് ഷീറ്റും ആവശ്യമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഈ സമവാക്യം പതുക്കെ മാറ്റുകയാണ്. സപ്ലൈ ചെയിന്‍ ഫിനാന്‍സ്, ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള വായ്പ, ഡിജിറ്റല്‍ അണ്ടര്‍റൈറ്റിങ്, ഡാറ്റ അധിഷ്ഠിത വിലയിരുത്തല്‍ തുടങ്ങിയവ പുതിയ സാധ്യതകള്‍ തുറക്കുന്നു. ഫിക്സഡ് അസറ്റിനേക്കാള്‍ ട്രാന്‍സാക്ഷനിലും ക്യാഷ് ഫ്ളോയിലുമാകാം ഒരു ബിസിനസിന്റെ യഥാര്‍ത്ഥ ശക്തി.

ഇനി ചോദ്യം, ''നിങ്ങളുടെ കൈവശം എന്തെല്ലാം ആസ്തികളുണ്ട്?'' എന്നത് മാത്രമല്ല.''നിങ്ങളുടെ ബിസിനസ് യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നത്?'' എന്നതാണ്.

ഉപഭോക്താവ് പണം നല്‍കുന്നതുവരെ നിങ്ങളുടെ ഇന്‍വോയ്സ് കാത്തിരിക്കേണ്ടതില്ല

ഒരു എംഎസ്എംഇയെ സംബന്ധിച്ചിടത്തോളം ഇന്‍വോയ്സ് ഒരു ആസ്തിയാണ്. എന്നാല്‍ പണം ലഭിക്കാതെ കിടക്കുന്ന ഇന്‍വോയ്സ് പ്രവര്‍ത്തന മൂലധനത്തിന്റെ വലിയ തലവേദനയുമാകാം.

യോഗ്യരായ എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള തുകകള്‍ TReDS പ്ലാറ്റ്‌ഫോമുകള്‍ ധനസഹായത്തിന് ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു. അതുവഴി ഇന്‍വോയ്സുകള്‍ പണലഭ്യതയാക്കി മാറ്റാനാകും.സമയബന്ധിതമായ പണമടയ്ക്കലിനും നിയമം വലിയ പ്രാധാന്യം നല്‍കുന്നു. പണമടയ്ക്കുന്നതിന് ഒരു സമയപരിധിയും നിയമം നിശ്ചയിച്ചിട്ടുണ്ട്. യോഗ്യരായ മൈക്രോ, സ്മോള്‍ എന്റര്‍പ്രൈസുകള്‍ക്ക് MSMED Actലെ Section 15 പ്രകാരം പേയ്‌മെന്റ് കാലാവധി 45 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഇത് ഒരു അക്കൗണ്ടിങ് തത്വം മാത്രമല്ല. ഒരു സംരംഭം വളരുമോ, അതോ പ്രതിസന്ധിയിലാകുമോ എന്ന് നിര്‍ണയിക്കുന്നതില്‍ പണമൊഴുക്ക് നിര്‍ണായകമാണ്.

വലിയ പരസ്യ ബജറ്റില്ലാതെയും ബ്രാന്‍ഡ് നിര്‍മിക്കാം

പരമ്പരാഗത ബിസിനസ് മാതൃകകള്‍ക്കപ്പുറത്താണ് ഏറ്റവും കൗതുകകരമായ ചില എംഎസ്എംഇ അവസരങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. 'Coconut Stories' പോലുള്ള സംരംഭങ്ങള്‍ സംസ്‌കാരം, സമൂഹം, പ്രാദേശിക ശൃംഖലകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, പരമ്പരാഗതമല്ലാത്ത വിതരണ രീതികള്‍ എന്നിവ എങ്ങനെ ചെറിയ സംരംഭങ്ങളെ ശ്രദ്ധേയമായ ബ്രാന്‍ഡുകളാക്കി മാറ്റാമെന്ന് തെളിയിച്ചിട്ടുണ്ട്.ഇത് നല്‍കുന്ന പാഠം ശക്തമാണ്:

വളര്‍ച്ച എല്ലായ്പ്പോഴും ഒരു വലിയ ഫാക്ടറിയില്‍ നിന്നോ, വലിയ പരസ്യ ബജറ്റില്‍ നിന്നോ ആരംഭിക്കണമെന്നില്ല. ചിലപ്പോള്‍ അത് ഒരു വലിയ ആശയത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.

നിങ്ങളുടെ ഉല്‍പന്നം മറ്റൊരു രീതിയില്‍ വില്‍ക്കാനാകുമോ?നിങ്ങളുടെ ഉപഭോക്താക്കളെ തന്നെ ബ്രാന്‍ഡിന്റെ പ്രചാരകരാക്കാനാകുമോ?

ഒരു പ്രാദേശിക വ്യക്തിത്വത്തെ ആഗോള വിപണി സാധ്യതയാക്കി മാറ്റാനാകുമോ?

ഡിജിറ്റല്‍ എംഎസ്എംഇ

എല്ലാ കാര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിലാണ് ഏറ്റവും വലിയ അവസരമുള്ളത്.വില്‍പന, വാങ്ങല്‍, ഇന്‍വെന്ററി, ലഭിക്കാനുള്ള തുക, നല്‍കാനുള്ള തുക, ബാങ്കിങ്, ധനകാര്യം, കംപ്ലയന്‍സ്, ഉപഭോക്താക്കള്‍, വിതരണക്കാര്‍ എന്നിവയെല്ലാം വ്യത്യസ്ത ഫങ്ഷനുകളായോ, സ്പ്രെഡ്ഷീറ്റുകളായോ പ്രവര്‍ത്തിക്കാത്ത ഒരു എംഎസ്എംഇയെ സങ്കല്‍പ്പിച്ചുനോക്കൂ.

സംരംഭ നടത്തിപ്പിനായി ഒരു ഡിജിറ്റല്‍ ഓപറേറ്റിങ് സിസ്റ്റം തന്നെയുണ്ടെങ്കില്‍?ഇന്നലെ എന്താണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തുക മാത്രമല്ല, നാളെ എന്ത് ചെയ്യണമെന്ന് സംരംഭകന് തീരുമാനിക്കാനും സഹായിക്കുന്ന ഒരു സംവിധാനം.

എംഎസ്എംഇ സാങ്കേതികവിദ്യയുടെ ഭാവി നീങ്ങുന്നത് അങ്ങോട്ടാണ്- ഓരോ പ്രവര്‍ത്തനവും പ്രത്യേകം ഡിജിറ്റൈസ് ചെയ്യുന്നതില്‍ നിന്ന് മുഴുവന്‍ ബിസിനസിനെയും പരസ്പരം ബന്ധിപ്പിക്കുന്നതിലേക്ക്.

എംഎസ്എംഇ എന്ന പരിധിക്കപ്പുറം ചിന്തിക്കുക

വലിയ സംരംഭങ്ങള്‍ക്ക് മാത്രം ലഭ്യമായിരുന്ന പല കാര്യങ്ങളും ഇന്ന് ഇന്ത്യയുടെ എംഎസ്എംഇ ആവാസവ്യവസ്ഥക്കും കൈവരിക്കാനാകുന്നു- വിശാലമായ വിപണികള്‍, കൂടുതല്‍ സ്മാര്‍ട്ടായ ധനസമാഹരണം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ പേയ്‌മെന്റ് സംവിധാനങ്ങള്‍, കൂടുതല്‍ നൂതനമായ സാങ്കേതികവിദ്യ.

അതോടെ സംരംഭകന്റെ വെല്ലുവിളിയും മാറുകയാണ്. ഇനി ചോദ്യം: ''എന്റെ ചെറുകിട ബിസിനസ് എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ നടത്താം?'' എന്നത് മാത്രമല്ല.

മറിച്ച്: ''വളരെ വലുതാകാന്‍ ശേഷിയുള്ള ഒരു സ്മാര്‍ട്ട് ബിസിനസ് എങ്ങനെ കെട്ടിപ്പടുക്കാം?'' എന്ന് കൂടിയാകണം.അവസരങ്ങള്‍ ഉയര്‍ന്നുവരികയാണ്. അവ നേരത്തെ തിരിച്ചറിയുകയും അവയെ കാര്യക്ഷമമായി പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന സംരംഭകര്‍ക്കായിരിക്കും യഥാര്‍ത്ഥ നേട്ടം.

പിഎല്‍ഐ സ്‌കീം: ചില കണക്കുകള്‍

  • പദ്ധതിയുടെ മൊത്തം വിഹിതം: 1.97 ലക്ഷം കോടി രൂപ, 14 മേഖലകള്‍ക്കായി.

  • അംഗീകരിച്ച അപേക്ഷകള്‍: 836 അനുമതികള്‍. 23,748 കോടി രൂപ വിതരണം ചെയ്തു.

  • പിഎല്‍ഐ ഗുണഭോക്താക്കളുടെ മൊത്തം സെയ്ല്‍സ്: 2025 മധ്യത്തില്‍ 16.5 ലക്ഷം കോടി രൂപ.

  • പ്രത്യക്ഷമായും പരോക്ഷമായും ഒരുക്കിയ തൊഴിലുകള്‍: പദ്ധതി നടപ്പാക്കപ്പെട്ട ശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് 12 ലക്ഷത്തിലേറെ തൊഴിലുകള്‍.

  • ഈ പ്രത്യേക സ്‌കീം കൊണ്ടുണ്ടായ അധിക വില്‍പന: ഏകദേശം 16.5 ട്രില്യണ്‍ രൂപ. ഇതില്‍ 30-35% കയറ്റുമതിയില്‍ നിന്നാണ്.

നിക്ഷേപം ആകര്‍ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയും ആഗോള മത്സരശേഷിയും വളര്‍ത്തുന്നതില്‍ പിഎല്‍ഐ പദ്ധതി കൈവരിച്ച വിജയമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ഉല്‍പാദന ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനനുസരിച്ച് പദ്ധതി യുടെ സ്വാധീനം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

(Xenturion Fintech Private Ltdന്റെ അഡ്വൈസറാണ് ലേഖകന്‍)

(Originally published in Dhanam Magazine September 30, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com