'മെയ്ഡ് ഇൻ...' ഇതിലും ഉണ്ട് കാര്യം

കേരളത്തില്‍ വരുന്ന പല വിശിഷ്ടാതിഥികള്‍ക്കും ഉപഹാരമായി ആറന്മുള കണ്ണാടി നല്‍കാറുണ്ടല്ലോ... എന്തുകൊണ്ടായിരിക്കാം ആറന്മുള കണ്ണാടി ഇത്ര 'സ്‌പെഷ്യലാകുന്നത്'?

ആറന്മുള എന്ന സ്ഥലത്തെ ചുരുക്കം ചില കലാകാരന്മാര്‍ വളരെ പരിശ്രമിച്ച് കൈകൊണ്ട് കടഞ്ഞെടുക്കുന്നവയാണ് ഓരോ ആറന്മുള കണ്ണാടിയും.നമ്മുടെ അഭിമാനമായ ഈ കലാസൃഷ്ടി പോലെ, ചില സ്ഥലനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും നിങ്ങള്‍ക്കറിയാമായിരിക്കും.

ഡാര്‍ജിലിംഗ് ചായപ്പൊടി, നാഗ്പൂര്‍ ഓറഞ്ച്... അങ്ങനെ പട്ടിക നീളുന്നു. ഇവയ്‌ക്കെല്ലാം പൊതുവായിട്ടുള്ള ഒരു അംഗീകാരം കൂടിയുണ്ടെന്ന് അറിയാമോ? ജി.ഐ ടാഗുകള്‍ അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (Geographic Indication tag) ടാഗുകള്‍ എന്ന ഈ അംഗീകാരം ഒരു പ്രത്യേക ഭൂപ്രദേശത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങളെ നിയമവിരുദ്ധമായ പകര്‍പ്പെടുപ്പുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഒരു ഉപാധി കൂടിയാണ്.

അംഗീകാരം 10 വര്‍ഷത്തേക്ക്

ഇന്ത്യയില്‍ ജി.ഐ ആക്റ്റ് നിലവില്‍ വരുന്നത് 2003 സെപ്റ്റംബര്‍ 15നാണ്. ഈ നിയമപ്രകാരം ഒരു ഉല്‍പ്പന്നത്തിന് ജി.ഐ ടാഗ് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അത് രജിസ്റ്റര്‍ ചെയ്ത ആള്‍ക്കോ അതല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായി ജി.ഐ ടാഗിന്റെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്നവര്‍ക്കോ മാത്രമേ ആ ഉല്‍പ്പന്നത്തിന്റെ രൂപരേഖയും പേരും ഉപയോഗിക്കാന്‍ കഴിയൂ. സാധാരണയായി, ഒരു സ്ഥലത്തെ ഏതെങ്കിലും പ്രത്യേക ഉല്‍പ്പന്നത്തില്‍ കച്ചവടം ചെയ്യുന്നവരുടെ കൂട്ടമായോ അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോ ആണ് ജി.ഐ ടാഗിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് പത്ത് വര്‍ഷത്തേക്കായിട്ടാണ് ഈ അംഗീകാരം നല്‍കുന്നത്.

ഇങ്ങനെ ജി.ഐ ടാഗ് ലഭിക്കുന്നതിലൂടെ ആ ഉല്‍പ്പന്നത്തിന്റെ വിപണന സാധ്യതകള്‍ വര്‍ധിക്കുന്നുണ്ടോ? ഉണ്ടെന്നാണ് നാം കാണുന്നത്. മൈസൂര്‍ സില്‍ക്കിന്റെ കാര്യം തന്നെ എടുക്കൂ. മറ്റുള്ള സില്‍ക്കില്‍ നിന്ന് എന്തോ ഒരു പ്രത്യേകത ഉള്ളതുകൊണ്ടായിരിക്കുമല്ലോ മൈസൂര്‍ സില്‍ക്കിന് ജി.ഐ ടാഗ് ലഭിച്ചത്. ഈയൊരു അംഗീകാരം ഉയര്‍ത്തിക്കാട്ടി നല്ല രീതിയില്‍ ബ്രാന്‍ഡിംഗ് ചെയ്തതുകൊണ്ടാണ് ഈ സില്‍ക്കിന് വിപണിയില്‍ സ്ഥാനം ലഭിച്ചത്.

ഒരേ ശ്രേണിയിലുള്ള മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് ഈ അംഗീകാരമുള്ള ബ്രാന്‍ഡിനോ ഉല്‍പ്പന്നത്തിനോ വില കൂട്ടി വില്‍ക്കാനും വലിയ പ്രയാസമുണ്ടാവില്ല. കാരണം, ജി.ഐ ടാഗ് മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ എന്നുള്ള ഉപഭോക്താവിന്റെ കാഴ്ചപ്പാടാണ്. ഇതുവഴി ആ ഭൂപ്രദേശത്തുള്ള കച്ചവട സമൂഹത്തിന് സാമ്പത്തികമായും സാങ്കേതികമായും ഉണര്‍വ് പ്രതീക്ഷിക്കാം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ആ ഉല്‍പ്പന്ന നിര്‍മാതാക്കളുടെ അടുത്തുനിന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള ഒരു വഴികാട്ടി കൂടിയാകുന്നു ഓരോ ജി.ഐ അംഗീകാരവും.

മാതൃരാജ്യത്തിന്റെ കീര്‍ത്തി ബ്രാന്‍ഡിലും

ജി.ഐ ടാഗുകളോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് ആഗോള വിപണിയില്‍ സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട പല ഉല്‍പ്പന്നങ്ങളും. ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളിലും അവ നിര്‍മിച്ചിരിക്കുന്നത്. എവിടെയാണെന്ന് ആലേഖനം ചെയ്തിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. 1887 ഓഗസ്റ്റ് 23ന് നിലവില്‍ വന്ന ബ്രിട്ടീഷ് മെര്‍ക്കന്റൈസ് മാര്‍ക്ക്‌സ് ആക്റ്റ് പ്രകാരമാണ് ഇങ്ങനെയൊരു സമ്പ്രദായം നിലവില്‍ വന്നത്. ബ്രിട്ടനില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്നതിനായാണ് അന്നത് ചെയ്തിരുന്നത്.

ഇന്നാകട്ടെ, പല രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായയുടെ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്യാനാണിത് ഉപയോഗിക്കുന്നത്. നോക്കൂ, പല എന്‍ജിനീയറിംഗ് അല്ലെങ്കില്‍ വാഹന നിര്‍മാതാക്കളും 'മെയ്ഡ് ഇന്‍ ജര്‍മ്മനി' എന്നത് ഉയര്‍ത്തിക്കാട്ടുന്നത്. സാങ്കേതിക സുരക്ഷാ രംഗത്തെ ജര്‍മ്മന്‍ അപ്രമാദിത്വത്തെ വെച്ചാണ് ഫോക്‌സ് വാഗണ്‍ പോലെയുള്ള വാഹനങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് അല്ലേ? അതുപോലെ തന്നെ, യഥാര്‍ത്ഥ ഷാംപെയ്ന്‍ ഫ്രാന്‍സിലെ ഒരു പ്രത്യേക സ്ഥലത്തുണ്ടാക്കുന്നവയാണെന്ന പ്രതിച്ഛായ ഉപഭോക്താക്കളുടെ മനസില്‍ സൃഷ്ടിക്കാന്‍ ആ രാജ്യത്തിന് കഴിഞ്ഞു. അതുപോലെ തന്നെ മെക്‌സിക്കോയിലെ 'ടെക്വീല' എന്ന സ്ഥലത്തുണ്ടാകുന്ന പ്രത്യേകതരം മദ്യം മാത്രമാണ് യഥാര്‍ത്ഥ ടെക്വിലയായി (Tequila) ലോകത്താകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

അങ്ങനെ നാം നിത്യേന കാണുന്ന പല ഉല്‍പ്പന്ന/ബ്രാന്‍ഡുകളും അവയുടെ മാതൃരാജ്യത്തിന്റെ പ്രതിച്ഛായ ഉപയോഗിച്ച് വിപണിയില്‍ ഇടം നേടിയിട്ടുള്ളവയാണ്. 'സോണി'യും (Sony) ടൊയോട്ടയും (Toyota) ജപ്പാനില്‍ നിന്നുള്ളതാണെന്ന പ്രതിച്ഛായ എന്നും സംരക്ഷിച്ചുപോകുന്നു. ഇതിനെ കണ്‍ട്രി ഓഫ് ഒറിജിന്‍ ഇഫക്റ്റ് (Country of Origin effect) എന്ന് പറയുന്നു.

മോശം പ്രതിച്ഛായ വിനയാകും

അതേസമയം മോശം പ്രതിച്ഛായയാണ് ഉപഭോക്താവിന്റെ മനസില്‍ ഒരു സ്ഥലത്തെക്കുറിച്ച് കേറികൂടിയിരിക്കുന്നത് എങ്കിലോ? ശരിക്കും പണിപെടേണ്ടിവരും അത് മാറ്റിയെടുക്കാന്‍. ഇപ്പോള്‍ മിക്കവാറും എല്ലാവരുടെയും മനസിലേക്ക് കടന്നുവന്ന ഒരു സംഗതി ആയിരിക്കും. 'മെയ്ഡ് ഇന്‍ ചൈന' അല്ലേ?

ഇക്കാലത്തും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിനയാണ് അവിടെ നിന്നുള്ള ചില മോശം കച്ചവടക്കാര്‍ പണ്ട് 'നേടിയെടുത്ത' വിലയും ഗുണമേന്മയും കുറഞ്ഞതെന്ന ഈ പ്രതിച്ഛായ. രസകരമെന്ന് പറയട്ടെ, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മിക്കവാറും ഇപ്പോള്‍ നിര്‍മിക്കുന്നത് ചൈനീസ് ഫാക്റ്ററികളിലാണ്.

എന്നാല്‍ 'v-designed in California' എന്ന ലേബലാണ് അവര്‍ ഏറ്റവും കാണത്തക്കവിധത്തില്‍ വെച്ചിരിക്കുന്നത്!! സാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയുടെ പ്രതിച്ഛായ നല്‍കികൊണ്ട് ചൈനീസ് ഉല്‍പ്പന്നം എന്ന പ്രതിച്ഛായ ഒഴിവാക്കാന്‍ തന്നെയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് നമുക്ക് കാണാം. ഇങ്ങനെയൊക്കെയുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാനായി ചൈനീസ് ഗവണ്‍മെന്റും അനുബന്ധ ഏജന്‍സികളും ഇപ്പോള്‍ ഗുണമേന്മയില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ഇനി ഒന്നാലോചിച്ചു നോക്കൂ, സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്യപ്പെടാവുന്ന എത്രയെത്ര ഉല്‍പ്പന്നങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്, അല്ലേ? തിരുപ്പതി ലഡു, പാലക്കാടന്‍ മട്ട അരി, വാഴക്കുളം പൈനാപ്പിള്‍, ഗോവന്‍ ഫെനി, നിലമ്പൂര്‍ തേക്ക്, ചേന്ദമംഗലം കൈത്തറി എന്നിങ്ങനെ പല ഉല്‍പ്പന്നത്തിനും നമ്മുടെ നാട്ടില്‍ ജിഐ ടാഗ് ലഭിച്ചിട്ടുണ്ട്.

അതുപോലെതന്നെ, തലശ്ശേരി ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ എന്നിവക്കൊക്കെ ഈ അംഗീകാരത്തിനായി ശ്രമിക്കാവുന്നതുമാണ്. ഇതിലൂടെ വിപണിയിലെ സാധ്യതകള്‍ മുതലെടുക്കാന്‍ നാട്ടിലെ സംരംഭകര്‍ക്ക് മുന്നിട്ടിറങ്ങാവുന്നതാണ്.

വരും കാലങ്ങളില്‍ ഇത്തരം അംഗീകാരങ്ങള്‍ നേടിയെടുത്ത് ബ്രാന്‍ഡിംഗിലൂടെ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ തനതായ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കാം.

Prof. Joshy Joseph & Aravind Raghunathan
Prof. Joshy Joseph & Aravind Raghunathan  

കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ്. ബിസിനസ് കൺസൾട്ടിങ് രംഗത്തും ശ്രദ്ധേയനാണ്. e-mail: joshyjoseph@iimk.ac.in / കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം ഗവേഷക വിദ്യാർത്ഥിയാണ്. പ്രമുഖ ബിസിനസ് ക്വിസ് മാസ്റ്റർ കൂടിയാണ്. e-mail: arvinddr08fpm@iimk.ac.in

Related Articles
Next Story
Videos
Share it