

റീട്ടെയില്‍ ബിസിനസില്‍ ഇനി വരാനിരിക്കുന്നത് ക്വിക്ക് കോമേഴ്സിന്റെ കാലമാണെന്നും കൂടുതല്‍ മേഖലകളിലേക്ക് അത് വളരാനിരിക്കുകയാണെന്നും ബിഗ്ബാസ്‌ക്കറ്റ് ഡോട്ട് കോം സഹ സ്ഥാപകന്‍ ഹരി മേനോന്‍ ചൂണ്ടിക്കാട്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനിലെ സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹരി മേനോന്‍. രാജ്യത്തെ പലവ്യഞ്ജന ബിസിനസ് 600 ബില്യണ്‍ ഡോളറാണ്. ഇതില്‍ 95 ശതമാനവും കടുംബങ്ങള്‍ നടത്തുന്ന പലവ്യഞ്ജന കടകളാണ്. ക്വിക്ക് ഡെലിവറി സര്‍വീസുകള്‍ ഇത്തരം കടകളെ ബാധിക്കില്ല. നിലവില്‍ പലവ്യഞ്ജനങ്ങളാണ് കൂടുതലായും ക്വിക് ഡെലിവറി സര്‍വീസുകളില്‍ പെടുന്നതെങ്കിലും ഭാവിയില്‍ വസ്ത്രങ്ങളും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവമുണ്ടെന്ന് വിശ്വസിക്കുന്നുവര്‍ക്ക് രത്തന്‍ ടാറ്റയില്‍ ദൈവത്തെ കാണാമെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും 'രത്തന്‍ ടാറ്റ എ ലൈഫ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ തോമസ് മാത്യു പറഞ്ഞു. സമാപന സെഷനില്‍ രത്തന്‍ ടാറ്റയുടെ ജീവിതവും കാലവും എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ കെ എസ് ശബരീനാഥനുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ ലാഭം ഉണ്ടാകുന്നതിന് അനുസരിച്ച് സാമൂഹ്യ സേവനങ്ങള്‍ കൂടുതല്‍ ചെയ്യാനാണ് രത്തന്‍ ടാറ്റ ആഗ്രഹിച്ചതെന്ന് തോമസ് മാത്യു പറഞ്ഞു. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ ആദ്യം സഹായിച്ചവരില്‍ ഒരാള്‍ ടാറ്റയാണെങ്കിലും അക്കാര്യം പരസ്യമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്ന് കെ.എസ് ശബരീനാഥന്‍ അനുസ്മ രിച്ചു.
അഫോര്‍ഡബിള്‍ ഫാഷന്‍ ആയിരിക്കും ഇനി ഫാഷന്‍ മേഖലയെ നിയന്ത്രിക്കുകയെന്ന് ഇന്നവേറ്റിങ് ഫാഷന്‍ സെഷനില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഫാഷന്‍ മേഖലയിലെ നവീകരണം സാധ്യമാക്കാന്‍ കൂടുതല്‍ ഫ്‌ളക്‌സിബിള്‍ ആകണം. ക്രിയേറ്റിവ് വ്യവസായത്തിന് കേരളത്തിലേറെ സാധ്യതകളുണ്ട്. സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും പാനലിസ്റ്റുകള്‍ ആവശ്യപ്പെട്ടു. ഡിസൈനര്‍ റൗക്ക സ്ഥാപകന്‍ ശ്രീജിത്ത് ജീവന്‍, ഗ്ലോബല്‍ ഫാഷന്‍ കണ്‍സള്‍ട്ടന്റ് വിനോദ് നായര്‍, ക്രാഫ്റ്റ് വില്ലേജ് സഹ സ്ഥാപക ഉമാ പ്രജാപതി, പ്രൊഫ. സോമേഷ് സിംഗ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഊര്‍ജ മേഖലയില്‍ വരുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് നയാര എനര്‍ജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍ പറഞ്ഞു. ഇന്നവേറ്റ് ടു അഡാപ്റ്റ് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുനരുപയോഗ ഊര്‍ജ മേഖലയിലും നയാര സജീവമാകും. സൗരോര്‍ജം. ഹൈഡ്രജന്‍ ജനറേഷന്‍,എത്തനോള്‍ ഉത്പാദനം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ ലക്ഷ്യവും പുരോഗമനവും കൈവരിക്കുന്നതിനൊപ്പം നയാരയും പുതിയ സാധ്യതകള്‍ തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഒഎന്‍ഡിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തമ്പി കോശി പ്രഭാഷണം നടത്തി. ചോക്കലേറ്റ്‌സ്, കോഫി ആന്റ് കണ്‍ഫക്ഷനറി ക്ലസ്റ്റര്‍ ഐ.ടി.സി ലിമിറ്റഡ് സിഒഒ രോഹിത് ദോഗ്ര പ്രഭാഷണം നടത്തി.
ബാങ്കിംഗ് സാമ്പത്തിക സേവന മേഖലയുടെ നവീകരണത്തില്‍ സാമ്പത്തിക സാങ്കേതിക വിദ്യയുടെ പിന്തുണ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഐ ഐ എം അസോസിയേറ്റ് പ്രൊഫസര്‍ മുഹമ്മദ് എസ് അബ്ദുല്ല മോഡറേറ്ററായിരുന്നു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്റര്‍മീഡിയറി റിലേഷന്‍ഷിപ്‌സ് തലവന്‍ അഭിഷേക് വാല വാല്‍ക്കര്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും ഫിന്‍ടെക് പാര്‍ട്ട്ണര്‍ഷിപ്പ്‌സ് തലവനുമായ സുമോത്. സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സമാപിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine