'സ്ത്രീയെന്ന നിലയില്‍ പല ലക്ഷ്മണ രേഖകളും മുന്നിലുണ്ടായിരുന്നു': ബീന കണ്ണന്‍

നിലനില്‍ക്കാന്‍ പുതുമകള്‍ അവതരിപ്പിക്കണം

എനിക്കിഷ്ടം ബിസിനസായിരുന്നു. അവിടെ നാം തന്നെയാണ് രാജാവ്. മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ല. നമ്മുടെ ധാര്‍മികതയും മൂല്യവും സംരക്ഷിക്കാന്‍ സ്വന്തം സംരംഭത്തില്‍ ഇടമുണ്ട്. ബിസിനസ് ഒഴികെ ബാക്കി എല്ലാ കരിയറും മനസില്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് സംരംഭകയായി മാറിയത് എന്ന വൈരുധ്യവുമുണ്ട്. ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാന്‍ സ്ത്രീ എന്ന നിലയില്‍ വീട്ടില്‍ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നു. അച്ഛന്‍ അത് നല്‍കിയിരുന്നു. എന്തുകൊണ്ടും പുരോഗമനപരമായ നിലപാട് ഞങ്ങളുടെ കുടുംബത്തില്‍ എപ്പോഴും ഉണ്ടായിരുന്നു.

അച്ചടക്കം പഠിച്ചത് വീട്ടില്‍ നിന്ന്

അച്ഛനു കീഴില്‍ അച്ചടക്കം പഠിച്ചാണ് വളര്‍ന്നത്. അത് സംരംഭത്തിലും ഏറെ ഗുണം ചെയ്തു. അച്ഛന്റെ ബിസിനസിനൊപ്പം ചേര്‍ന്ന് റീറ്റെയ്ല്‍ മേഖലയിലെ ചലനങ്ങള്‍ മനസിലാക്കി. ഞാന്‍ ബിസിനസിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് അച്ഛന്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരു മാനേജരായിരുന്നു. എല്ലാം മാറ്റാന്‍ സമയമെടുത്തു.

സിസ്റ്റം കൊണ്ടുവന്നു

ബിസിനസില്‍ ഒരു സിസ്റ്റം കൊണ്ടുവരിക എന്നത് പ്രധാനമാണ്. ഏറെ ശ്രമപ്പെട്ടാണ് എല്ലാവരെയും അതിനു കീഴില്‍ കൊണ്ടുവന്നത്. ഫാഷന്‍ ബിസിനസില്‍ നമ്മുടെ അഭിരുചിക്കും പ്രാധാന്യം ഉണ്ടെന്നതിനാല്‍ പൂര്‍ണമായും അവര്‍ക്ക് വിട്ട് ബിസിനസ് നടത്താനാവില്ല. എന്നാല്‍ ഏത് ജോലിയും മറ്റുള്ളവരെ ഏല്‍പ്പിക്കാം എന്ന ആത്മവിശ്വാസം ഉണ്ടായി. ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആളുകളെ ചൂഴ്ന്നുനോക്കാനാകില്ല. അവരെ നിരീക്ഷിച്ച് നെല്ലുംപതിരും തിരിച്ചറിയാനാവും.

പുതുമകള്‍ അവതരിപ്പിക്കുന്നു


ബിസിനസില്‍ പുതുമകള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നാലേ നിലനില്‍പ്പുള്ളൂ. എന്നാല്‍ അത് നമ്മുടെ വേരുകള്‍ മറന്നുകൊണ്ടാകരുത്. നമ്മുടെ കരുത്ത് തിരിച്ചറിയണം. അതില്‍ നിന്നുകൊണ്ടു തന്നെ പുതുമകള്‍ അവതരിപ്പിക്കാനാകണം. ലോകത്ത് എന്തു നടക്കുന്നു എന്നതിനെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. ഉപഭോക്താവിന്റെ ഇഷ്ടം മനസിലാക്കുന്നവരുമായിരിക്കണം. ഓരോ നാട്ടിലെയും ഉപഭോക്താക്കളുടെ ഇഷ്ടം വെവ്വേറെയായിരിക്കും. പലതരത്തിലുള്ള ചടങ്ങുകള്‍ക്ക് വേണ്ടി ഡിസൈനിംഗ് നിര്‍വഹിച്ചവരാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ഏത് ഉപഭോക്താവിന്റെയും ഇഷ്ടം പെട്ടെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്.

വെല്ലുവിളികളുണ്ടാകാം, തട്ടിമാറ്റണം

ബിസിനസില്‍ പ്രശ്നങ്ങളുണ്ടാകുക എന്നത് സാധാരണയാണ്. എങ്കിലേ വളര്‍ച്ച നേടാനാകൂ. ഓരോ പ്രശ്നവും പൊങ്ങിവരുന്നതിനനുസരിച്ച് പരിഹരിച്ചു കൊണ്ടിരിക്കണം. എപ്പോഴും അതില്‍ ശ്രദ്ധ വേണം. ലക്ഷ്യം വ്യക്തതയുള്ളതാണെങ്കില്‍ മാര്‍ഗം പ്രശ്നമാകില്ലെന്ന കാഴ്ച്ചപ്പാടാണ് എന്റേത്. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനായി എന്തും ചെയ്യാന്‍ തയാറാവണം. നമ്മുടെ ജോലി കൃത്യമായി ചെയ്യണം. സമൂഹത്തോട് നന്നായി ഇടപഴകുകയും വേണം.

വിപുലീകരണം

ബിസിനസ് വിപുലീകരണം ശ്രദ്ധയോടെ വേണം. നമ്മുടെ ഗുണനിലവാരത്തിനും നമ്മളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള സാഹചര്യം ഉണ്ടെങ്കില്‍ അതിന് മുതിര്‍ന്നാല്‍ മതി. എല്ലാ ഗ്രാമങ്ങളിലും വലിയ ഷോപ്പുകള്‍ക്ക് പ്രസക്തിയുണ്ടാവില്ല. എന്നാല്‍ ചെറിയ ഷോപ്പ് കൊണ്ട് ഉപഭോക്താവിനെ തൃപ്തിപ്പെടുത്താനുമാവില്ല. അങ്ങനെ വരുമ്പോള്‍ വിപുലീകരണം സാധ്യമാകാതെ വരുന്നു.

എതിരാളികളെ കുറിച്ച് അനാവശ്യ പരാമര്‍ശങ്ങളില്ല

മറ്റുള്ള ബ്രാന്‍ഡുകളെ കുറിച്ച് അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്തരുത് എന്ന ചിന്താഗതിയാണ് എനിക്കുള്ളത്. ഞാനോ എന്റെ കൂടെയുള്ളവരോ മറ്റുള്ളവരെ പുച്ഛിച്ച് സംസാരിക്കാറില്ല. പക്ഷേ തിരിച്ച് പലപ്പോഴും അതുണ്ടാകാറുണ്ട്. എതിരാളികളെ നിരീക്ഷിക്കുകയും അവരില്‍ നിന്ന് പഠിക്കാനുള്ളത് പഠിച്ചെടുക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്. ആരെയും കുറ്റം പറയാതെ സര്‍ക്കാരിനെ വഞ്ചിക്കാതെ മുന്നോട്ട് പോകുക എന്നതാണ് നയം.

അറിവ് പകരുന്ന യാത്രകള്‍

ബിസിനസിനായും കുടുംബത്തോടൊപ്പവും ഉള്ള യാത്രകളില്‍ നിന്ന് പലതും പഠിച്ചു. ഓരോ ദേശത്തിന്റെയും രീതികളും അഭിരുചികളും മനസിലാക്കാന്‍ യാത്രകള്‍ സഹായിക്കുന്നു. യാത്രകളും കായിക വിനോദങ്ങളുമാണ് മനക്കരുത്തോടെ നില്‍ക്കാന്‍ പ്രാപ്തമാക്കുന്നത്. ജയിക്കാവുന്ന കളികള്‍ മാത്രമേ കളിക്കാവൂ എന്നതായിരുന്നു എന്റെ രീതി. എന്നാല്‍ മുതിര്‍ന്നവര്‍ പറഞ്ഞുതന്നു, പരാജയങ്ങളും അത്ര മോശം കാര്യമല്ലെന്ന്.

വിപണിയെ അറിഞ്ഞ്

ബിസിനസിലേക്കിറങ്ങുക, നിങ്ങളുടെ ജോലി ആസ്വദിക്കാനാവുന്നുണ്ടെങ്കില്‍ മാത്രം അതുമായി മുന്നോട്ട് പോകുക. സാമ്പത്തികമായി പ്രായോഗികമാണോ എന്ന് ചിന്തിക്കണം. കുടുംബ ബിസിനസ് സാഹചര്യങ്ങള്‍ വിലയിരുത്തിസംരംഭകത്വത്തിലേക്ക് ഇറങ്ങുക എന്നതാണ് വനിതകളോട് പറയാനുള്ളത്. നിങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു പോകണം. വിപണിയെ കുറിച്ചും സാമ്പത്തിക നിലയെ കുറിച്ചും മനസിലാക്കി വേണം ബിസിനസിലേക്ക് ഇറങ്ങാന്‍.

വലിയ ചിന്ത വളര്‍ച്ചയിലേക്ക് നയിക്കും

ബിസിനസ് ഒരു ഗ്രാമ പ്രദേശത്ത് ആണെങ്കിലും രാജ്യാന്തര തലത്തിലുള്ള കാഴ്ച്ചപ്പാടോടെ ചെയ്യാനാകണം. ഞങ്ങള്‍ അതിനാണ് ശ്രമിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബിസിനസ് രീതികളും ചിന്തകളില്‍ ഉണ്ടാവണം. വലുതായി ചിന്തിക്കുമ്പോഴേ വലിയ വളര്‍ച്ച ഉണ്ടാകുകയുള്ളൂ.

ലക്ഷ്യം ശരിയെങ്കില്‍ വിജയം നിശ്ചയം

സ്ത്രീയെന്ന നിലയില്‍ പല ലക്ഷ്മണ രേഖകളും മുന്നിലുണ്ടായിരുന്നു. അത് പാലിച്ചും അനുസരിച്ചും തന്നെയാണ് വളര്‍ന്നത്. നിയന്ത്രണങ്ങളാണ് കരുത്തും സ്വാതന്ത്ര്യവും ഉണ്ടാക്കിത്തന്നത്. ലക്ഷ്യം ശരിയാണെങ്കില്‍ വിജയം ഉണ്ടാകുമെന്ന് നിശ്ചയമാണ്. ജോലിയെ ദൈവികമായി കണ്ട് സമര്‍പ്പണ മനോഭാവത്തോടെ ചെയ്യാനാകണം. ഇഷ്ടപ്പെട്ട് ചെയ്യണം, എങ്കിലേ ആസ്വദിക്കാനാകൂ. നേരും നെറിയും ഉണ്ടാകണം. അതേസമയം ഏത് കാര്യവും ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുകയും വേണം. വാച്ച് നോക്കി ജോലി ചെയ്യുക എന്നത് സംരംഭകരെ സംബന്ധിച്ച് പ്രായോഗികമല്ല. എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം.

എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ വീഡിയോ കാണാം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it