സംരംഭകര്‍ ചെലവ് ചുരുക്കാനോ അതോ ബിസിനസ് വളര്‍ത്താനോ ശ്രദ്ധിക്കേണ്ടത്?

ചെലവ് ചുരുക്കാന്‍ നടത്തുന്ന കുറുക്കുവഴികള്‍ പലപ്പോഴും ബിസിനസിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും
Photo : Canva
Photo : Canva
Published on

വളര്‍ന്നുവരുന്ന സംരംഭകര്‍ ശരിക്കും ശ്രദ്ധ ചെലുത്തേണ്ടത് എന്തിലാണ്? ചെലവ് ചുരുക്കുന്നതിലാണോ അതോ കൂടുതല്‍ ബിസിനസ് ചെയ്ത് ലാഭം വര്‍ധിപ്പിക്കുന്നതിലാണോ. ഈ ഒരു തീരുമാനം എടുക്കുന്നതിലാണ് ഒരു സാധാരണ സംരംഭകനും മികച്ച സംരംഭകനും തമ്മിലുള്ള വ്യത്യാസമുള്ളത്. ബിസിനസ്സില്‍ ചെലവ് ചുരുക്കേണ്ടത് അനിവാര്യമാണ്, എന്നാല്‍ ചെലവ് ചുരുക്കുന്നതുവഴി ലഭിക്കുന്ന ലാഭത്തിന്റെ വര്‍ദ്ധനവ് ഒരിക്കലും ബിസിനസ്സിന്റെ വിജയസൂചകമല്ല. ലാഭം വര്‍ധിപ്പിക്കേണ്ടത് ബിസിനസ് വ്യാപിപിച്ചാവണം പകരം ചെലവ് ചുരുക്കിയാവരുത്. വളരെ പ്രതിസന്ധിഘട്ടങ്ങളില്‍മാത്രമാണ് സ്ഥാപനങ്ങള്‍ ചെലവ് ചുരുക്കല്‍നയം സ്വീകരിക്കേണ്ടത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി പല സംരംഭകരും ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് അവര്‍ക്കുതന്നെ വിനയായി വരാറുണ്ട്. അതിലൊന്നാണ് ട്രേഡ്മാര്‍ക് രെജിസ്‌ട്രേഷന്‍. 4500 രൂപ മാത്രം ഗവണ്മെന്റ് ഫീസ് നല്‍കിയാല്‍ മതിയല്ലോ എന്ന് കരുതി സ്വന്തമായി ട്രേഡ്മാര്‍ക് ചെയ്യുകയും എന്നാല്‍ അതുവഴി ഒരു ഏജന്‍സിക്കു നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരുത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് പലപ്പോഴും എത്താറുണ്ട്. കൂടാതെ ഒബ്ജക്ഷന്‍, ഹിയറിങ്, ഓപ്പോസിഷന്‍ തുടങ്ങിയവ വരുമ്പോള്‍ ഒരു ഏജന്‍സിയെ സമീപിക്കേണ്ട അവസ്ഥയും വരാറുണ്ട്. അതുപോലെതന്നെയാണ് കമ്പനിയുടെ വാര്‍ഷിക ഫയലിംഗ്. ഇത്തരത്തില്‍ ചെറിയ തുക ലാഭിക്കാനായി സ്വന്തമായി ഫയലിംഗ് ചെയ്യുകയും അതില്‍ സംഭവിക്കുന്ന തെറ്റുകള്‍ മൂലം വലിയ ബുദ്ധിമുട്ടും വരുത്താറുണ്ട്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിങ്ങിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ദ്ധരെ ഏല്‍പ്പിക്കുന്നതിന് പകരം സ്വന്തമായി പരസ്യങ്ങള്‍ ചെയ്ത് ഒട്ടും റിസള്‍ട്ട് ഉണ്ടാക്കാത്ത അവസ്ഥയിലേക്ക് പല സംരംഭകരും എത്തിയിട്ടുണ്ട്. ഒന്നോര്‍ക്കുക, ഇനിയുള്ളകാലത്ത് ഒരിക്കലും തനിച്ച് ബിസിനസ് ചെയ്യാന്‍ സാധിക്കില്ല. പല സ്ഥാപനങ്ങളുമായും അസ്സോസിയേറ്റ് ചെയ്യേണ്ടതായുണ്ട്. എങ്കില്‍ മാത്രമേ മികച്ച റിസള്‍ട്ട് ബിസിനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. പണം ചെലവഴിച്ചാലേ പണം വരുകയുള്ളു എന്ന തത്വശാസ്ത്രം ഈ വിഷയത്തില്‍ വളരെ ശരിയാണ്.

ചെലവ് ചുരുക്കി ബിസിനസ് ചെയ്യാനായി നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുവോ അത് പിന്നീട് വലിയ ചെലവായി നമ്മുടെ മുന്നില്‍ തന്നെ വന്നുനില്‍ക്കും. ബിസിനസ്സില്‍ ഒരിക്കലും ഇത്തരം ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. പ്രൊഫഷണലിസം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചെലവ് ചുരുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റ് സ്ഥാപനങ്ങളെ ആ ജോലി ചെയ്യാനായി ഏല്‍പ്പിക്കുക എന്നതാണ്. ഉദാഹരണത്തിന്, ഒരു അക്കൗണ്ടന്റിനെ സ്ഥാപനത്തില്‍ നിയമിക്കുമ്പോള്‍ വരുന്ന ചെലവിനേക്കാള്‍ മൂന്നിലൊന്ന് കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ സ്ഥാപനത്തിലെ അക്കൗണ്ടിംഗ് വര്‍ക്കുകള്‍ ഒരു അക്കൗണ്ടിംഗ് സ്ഥാപനം ചെയ്തുതരും. അതും വളരെ പ്രൊഫഷണലായി. കാരണം അവര്‍ ആ വിഷയത്തില്‍ പ്രൊഫഷണല്‍ ആന്നെന്നതുതന്നെ. അതുപോലെതന്നെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ കാര്യവും. ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ നിയമിക്കുമ്പോള്‍ വരുന്ന തുകയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമിനെ ഏല്‍പ്പിക്കാം. അവര്‍ക്ക് അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്തുതരാനും കഴിയും.

അതായത് നമ്മള്‍ പലപ്പോഴും ചെലവ് ചുരുക്കാനായി ചെയ്യുന്ന പല കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ ചെലവ് ചുരുക്കുന്നതല്ല. നിങ്ങളുടെ സമയം ബിസിനസ് വളര്‍ത്തായി ഉപയോഗിക്കു, ചെലവ് ചുരുക്കാനല്ല.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com