ഇനി ഐഡിയ വര്‍ക്കൗട്ട് ആകും; ബിസിനസില്‍ കൊണ്ടുവരാം സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍

ഐഡിയ ഉണ്ട് ബിസിനസില്‍ പ്രായോഗികമാക്കാനാകുന്നില്ല. ഇതാണ്, ഈ തടസ്സമാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍. നമ്മുടെ മനസില്‍ ഒരു ആശയം കിട്ടുന്നു. ഒന്നും ചെയ്യാതെ ആ ആശയം നാം വെറുതെ മനസില്‍ വെച്ചുകൊണ്ടിരുന്നാല്‍ എന്തുസംഭവിക്കും? നമ്മള്‍ സ്വപ്നം കണ്ട ജീവിതം മറ്റുള്ളവരുടേതാകും. എങ്ങനെ ആശയത്തെ പ്രാവര്‍ത്തികമാക്കാം? നമ്മുടെ മനസിലുള്ള ആശയത്തെ ഉപഭോക്താവിന്റെ ഏതെങ്കിലും പ്രശ്‌നത്തെ ഇല്ലാതാക്കുന്ന, അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇടയുള്ള ഒരു ഉല്‍പ്പന്നമാക്കി മാറ്റുന്നു. അത് സേവനവും ആകാം. അത് എത്രയും വേഗം നാം കുറഞ്ഞ ചെലവില്‍ വിപണിയില്‍ പരീക്ഷിക്കുന്നു. പ്രോഡക്റ്റ് ടെസ്റ്റിംഗ് സമയത്ത് നാം പരമദരിദ്രനെപ്പോലെ വേണം ചെലവുചെയ്യേണ്ടത്. എന്നാല്‍ ചിന്തിക്കേണ്ടത് ശതകോടീശ്വരനെപ്പോലെയും ആയിരിക്കണം. ടെസ്റ്റിംഗ് കഴിയുമ്പോള്‍ നമുക്ക് ഒരുപാട് ഫീഡ്ബാക്ക് അഥവാ പ്രതികരണങ്ങള്‍ കിട്ടും. ഉല്‍പ്പന്നം വിപണിയിലെത്തിയാല്‍ സ്വീകരിക്കപ്പെടുമോ എന്ന് അതില്‍ നിന്ന് ഏകദേശം നമുക്ക് അറിയാനാകും. ഉല്‍പ്പന്നത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് മികച്ചതാകും എന്നാണെങ്കില്‍ വിപണിയുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് പ്രോഡക്റ്റില്‍ മാറ്റങ്ങള്‍ വരുത്തി അന്തിമ ഉല്‍പ്പന്നത്തിലേക്ക് കടക്കാം.

ഇനി വിപണിയില്‍ സ്വീകരിക്കപ്പെടുന്ന ഒന്നല്ല നിങ്ങളുടെ ഉല്‍പ്പന്നമെന്ന് തോന്നിയാല്‍ അതില്‍ നിന്ന് പിന്മാറാം. മുഴുവന്‍ പണവും മുടക്കിയിട്ട് പരാജയപ്പെടുന്നതിന് പകരം ചെറിയ ചെലവില്‍ പരാജയപ്പെടാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ചതുകൊണ്ട് എല്ലാം തീര്‍ന്നെന്ന് വിചാരിക്കാന്‍ വരട്ടെ.
കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നത് കണ്ടിട്ടില്ലേ? എത്ര വീണാലും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും, നടക്കാന്‍ പഠിക്കുന്നതുവരെ. 30 വയസിലാണ് നാം നടക്കാന്‍ പഠിക്കുന്നതെങ്കില്‍ നമ്മളെല്ലാവരും ഇന്ന് വീല്‍ ചെയറില്‍ ആയിപ്പോയേനെ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രാവശ്യം വീഴുമ്പോള്‍ നമ്മള്‍ വിചാരിക്കും, 'അയ്യോ ഇനിയും വീണാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും. നടന്നില്ലെങ്കില്‍ ഇപ്പോള്‍ എന്ത് സംഭവിക്കാനാ. വീല്‍ചെയറില്‍ ഇരിക്കാമല്ലോ' എന്ന് കരുതും. ഇതേ ഉദാഹരണം ബിസിനസിലും ഓര്‍ത്താല്‍ മാത്രം മതി. നമ്മെ തടയുന്നത് എന്താണ്? സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ നടത്താന്‍ നമുക്ക് തടസമായി നില്‍ക്കുന്ന നിരവധി കാരണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1 പരാജയപ്പെടുമെന്ന ഭയം
സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ ചെയ്യാന്‍ തടസമായി നില്‍ക്കുന്ന കാരണങ്ങളില്‍ പ്രധാനം പരാജയപ്പെടാനുള്ള ഭയമാണ്. ഒന്നും ചെയ്യുന്നില്ലെങ്കില്‍ പരാജയപ്പെടില്ലല്ലോയെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ''നിങ്ങളുടെ പ്രവൃത്തികള്‍ക്ക് എന്ത് ഫലമാണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനാകില്ല. പക്ഷെ നിങ്ങള്‍ ഒന്നും ചെയ്യാതിരുന്നാല്‍ ഒരു ഫലവും ലഭിക്കില്ല.'' മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. അതെ, പ്രവര്‍ത്തിക്കാതെയിരിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചിട്ട് പരാജയപ്പെടുന്നതാണ് എന്നാണ്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ പരാജയം പ്രവര്‍ത്തിക്കാതെയിരിക്കുന്നതാണ്. ആക്ഷന്‍ എടുക്കാതിരുന്നാല്‍ പരാജയപ്പെടില്ല എന്ന് പറയുന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ ആ മിഥ്യയുടെ പിന്നാലെ പോയാല്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കിയാല്‍ കാണുന്നത് നിങ്ങള്‍ മനസില്‍ സ്വപ്നം കണ്ട ആശയങ്ങള്‍ മറ്റുള്ളവര്‍ നടപ്പാക്കി വിജയിച്ചതായിരിക്കും. ആശയത്തില്‍ നിന്ന് ആവിഷ്‌കാരത്തിലേക്ക് എത്രയും പെട്ടെന്ന് എത്തേണ്ട ആവശ്യകത അവിടെയാണ്.
2 ആത്മവിശ്വാസം
രണ്ടാമത്തെ വെല്ലുവിളി ആത്മവിശ്വാസമില്ലായ്മയാണ്. നമ്മുടെ ആശയത്തില്‍ നമ്മളാണ് ആദ്യം വിശ്വസിക്കേണ്ടത്. അതിനുശേഷം നമ്മുടെ ടീമും. നമ്മളും നമ്മുടെ ടീമും വിശ്വസിച്ച് കുറച്ചുകാലത്തോളം മുന്നോട്ടുപോകുമ്പോഴേ അതില്‍ പുറത്തുനിന്നുള്ളവര്‍ വിശ്വസിച്ചു തുടങ്ങുകയുള്ളു. പതിയെ പതിയെ ആ ആശയത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടും. അങ്ങനെയാണ് വലിയ കമ്പനികള്‍ ഉണ്ടാകുന്നത്. അതിനായി അടിയുറച്ച വിശ്വാസത്തോടെ (Faith) നമ്മുക്ക് നാം ഇതുവരെ കാണാത്തതിനെ കാണാന്‍ കഴിയണം. അതിന് കഴിഞ്ഞാല്‍ മാത്രമേ മുന്നില്‍ എന്തൊക്കെ തടസങ്ങള്‍ വന്നാലും ലക്ഷ്യത്തെ മുന്നില്‍ക്കണ്ടുകൊണ്ട് പല തന്ത്രങ്ങളും മാറ്റിമാറ്റി പരീക്ഷിച്ച് ഒടുവില്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കൂ.
3 വ്യക്തത വേണം
സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന് ഏറ്റവും ആദ്യം വേണ്ടത് വ്യക്തതയാണ്. നിങ്ങള്‍ക്ക് വലിയൊരു ലക്ഷ്യമുണ്ടാകുമല്ലോ. അതിലേക്ക് എത്താനായി ഒരു സ്ട്രാറ്റജി അഥവാ തന്ത്രം ഉണ്ടാക്കണം. ആ തന്ത്രത്തെ ആക്ഷനാക്കി മാറ്റുകയും അതിനുശേഷം ആ ആക്ഷനെ വളരെ ചെറിയ ചുവടുകളാക്കി മാറ്റുകയും ചെയ്യുമ്പോഴാണ് നമുക്ക് വ്യക്തത കിട്ടുന്നത്. വിമാനം പറക്കുന്ന ഉയരമായ 40000 അടി മുകളില്‍ നിന്ന് ഒരു ലക്ഷ്യത്തെ നോക്കാന്‍ നമുക്കറിയാം. അതുപോലെ തന്നെ വിമാനത്തിന് പറക്കാനുള്ള റണ്‍വേയില്‍ നിന്ന് നോക്കാനും നമുക്ക് അറിയാം. ഒരേസമയത്ത് ഈ രണ്ട് രീതിയില്‍ നോക്കാനും പറ്റുന്നതാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം. എന്നാല്‍ എല്ലാവര്‍ക്കും ഈ രണ്ട് രീതിയിലും നോക്കാന്‍ പറ്റണമെന്നില്ല.
4 പാതിവഴിയില്‍ നിര്‍ത്തരുത്
വ്യക്തതയുള്ളവര്‍ക്ക് തന്നെ ആക്ഷനിലേക്ക് മുന്നോട്ടുപോകുമ്പോള്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ എല്ലാം ഇട്ടെറിഞ്ഞിട്ട് മതിയാക്കി പോകാനുള്ള പ്രവണതയുണ്ട്. ഇങ്ങനെ എത്രയോ നല്ല സ്വപ്നങ്ങള്‍ വിടര്‍ന്ന് ഒരു പുഷ്പമാകുന്നതിന് മുമ്പേ തന്നെ മൊട്ട് ആയി കൊഴിഞ്ഞുപോയിട്ടുണ്ട്. സ്വപ്നങ്ങള്‍ക്ക് വേണ്ട ആക്ഷന്‍ കണ്ടെത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ ചെയ്യുമ്പോള്‍ അതിന്റെ ഫലം എന്തുതന്നെയാണെങ്കിലും വിപണിയില്‍ നിന്നുള്ള പ്രതികരണം എടുത്തിട്ട് ആ പ്രതികരണത്തില്‍നിന്ന് മുന്നോട്ടുള്ള ആക്ഷന്‍ എടുക്കാന്‍ കഴിയണം. ലക്ഷ്യത്തിലേക്ക് എത്താനായി നാം കണ്ടുപിടിച്ച ഒരു തന്ത്രം ശരിയാകുന്നില്ലെങ്കില്‍ ഒരുപാട് തന്ത്രങ്ങള്‍ പയറ്റാന്‍ തയാറാകാനുള്ള മനോഭാവത്തോടെ വേണം സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലേക്ക് പോകാന്‍. വീണിട്ടും വീണ്ടും വീണ്ടും നടക്കാന്‍ പഠിക്കുന്ന കുഞ്ഞിനെപ്പോലെ.
5 ആക്ഷന്‍ തിങ്കിംഗ് വേണം
സ്പീഡ് ഓഫ് ഇംപ്ലിമെന്‍േഷന്‍ ചെയ്യാനുള്ള കൃത്യമായ സ്ട്രാറ്റജി ആക്ഷന്‍ തിങ്കിംഗ് ആണ്. അതായത് നേരത്തെ പറഞ്ഞതുപോലെ ഒരേ സമയം തന്നെ 40000 അടി മുകളില്‍ പറന്ന് കമ്പനിയുടെ വിഷനെ കാണാനും അതേസമയം അടുത്ത ഇന്റലിജന്റ് മൂവ് എതാണെന്ന് കണ്ടുപിടിക്കാനും ഒരേസമയം പറ്റുന്നതാണ് സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍. നമ്മുടെ മനസില്‍ വരുന്ന ആശയങ്ങളെ അപ്പോള്‍ തന്നെ ആക്ഷനുകളായി മാറ്റിയെടുക്കണം. എന്താണ് അടുത്ത ഇന്റലിജന്റ് മൂവ് എന്നാണ് സംരംഭകര്‍ ചോദിച്ചുകൊണ്ടിരിക്കേണ്ടത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it