ബിസിനസിന്റെ വളര്‍ച്ചയ്ക്കുളള കാരണങ്ങളും ഭീഷണികളും അവസരങ്ങളും മനസിലാക്കൂ സ്വോട്ട് അനാലിസിസിലൂടെ

സ്ഥാപത്തിന്റെ അവസ്ഥ മോശമാകുന്ന സാഹചര്യത്തില്‍ ഉടമ സ്ഥാപനത്തെ സ്വോട്ട് അനാലിസിസ് (SWOT analysis) ചെയ്യുന്നത് നന്നായിരിക്കും
SWOT analysis
Image courtesy: Canva
Published on

കൊഡാക് (Kodak) കമ്പനിയില്‍ 1975ല്‍ ജോലി ചെയ്തിരുന്ന സ്റ്റീവന്‍ സാസ്സണ്‍ എന്ന എന്‍ജിനീയര്‍ അത്ഭുതകരമായ ഒരു നൂതന സാങ്കേതികവിദ്യകണ്ടെത്തി. ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്ന വിദ്യയായിരുന്നു അത്. ക്യാമറ ഫിലിംസും ക്യാമറകളും വില്‍പ്പന നടത്തിയിരുന്ന കമ്പനിയായിരുന്നു കൊഡാക്. സ്റ്റീവന്‍ തന്റെ കണ്ടുപിടിത്തവുമായി കൊഡാക് മാനേജ്മെന്റിനെ സമീപിച്ചപ്പോള്‍ ഇത് മനോഹരമായ ഒരു കണ്ടുപിടിത്തമാണെന്നും ഇക്കാര്യം പുറത്തു പറയരുത് എന്നുമായിരുന്നു അവരുടെ പ്രതികരണം.

1981ലാണ് സോണി ആദ്യമായി ഡിജിറ്റല്‍ ക്യാമറ പുറത്തിറക്കിയത്. മാറ്റത്തിന് പുറംതിരിഞ്ഞു നിന്ന കൊഡാക് കമ്പനി ഇന്ന് ബിസിനസ് ലോകത്തിന് പഴയ ചരിത്രം മാത്രമാണ്. ഓരോ ബിസിനസുകള്‍ക്കും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പല അവസരങ്ങളും വന്നുചേരും. എന്നാല്‍, അവയെ പരമാവധി ഉപയോഗിച്ച് സ്വയം പുതുക്കലിലേക്ക് നയിക്കാന്‍ വളരെ കുറച്ച് സംരംഭങ്ങള്‍ക്കേ കഴിയാറുള്ളൂ. പ്രത്യേകിച്ചും വിജയിച്ചു നില്‍ക്കുന്ന അവസരങ്ങളില്‍.

സ്വയം വിമര്‍ശനം

പല കമ്പനികള്‍ക്കും ചില കാലങ്ങളില്‍ വലിയ വിജയങ്ങള്‍ ഉണ്ടാവുകയും ഒരുപാട് കഷ്ടപ്പെടാതെ തന്നെ നല്ല ലാഭവും ഉണ്ടാകാറുണ്ട്. അനുകൂലമായ പല ഘടകങ്ങളും ഇതിനുപിന്നില്‍ ഉണ്ടാകും. മത്സരം ഇല്ലാതിരിക്കുക, സര്‍ക്കാര്‍ നയങ്ങള്‍ മൂലമോ ഇറക്കുമതി, ചുങ്കം പോലെയുള്ള സംരക്ഷണം കാരണമോ ആയിരിക്കാം ഇത്. സമ്പദ്ഘടനയുടെ അനുകൂലമായ പിന്തുണയും ഒരു ഘടകമാകാം. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഏത് നിമിഷവും മാറാം. ഈ മാറ്റത്തില്‍ തകര്‍ന്നുപോകാതിരിക്കണമെങ്കില്‍ നല്ല കാലങ്ങളില്‍ തന്നെ അതിനായി ഒരുങ്ങേണ്ടതുണ്ട്. സ്വയം വിമര്‍ശനാത്മകമായി നോക്കിക്കാണുക എന്നതാണ് ആദ്യപടി.

പല സന്ദര്‍ഭങ്ങളിലും സ്ഥാപത്തിന്റെ അവസ്ഥ മോശമാകുന്ന സാഹചര്യത്തില്‍ ഉടമ സ്ഥാപനത്തെ സ്വോട്ട് അനാലിസിസ് (SWOT analysis) ചെയ്യുന്നത് നന്നായിരിക്കും. സ്ഥാപനത്തിനുള്ളിലുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കോ ടീമുകള്‍ക്കോ ഇത് ചെയ്യാവുന്നതാണ്. പിന്നീട് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള സ്വോട്ടുമായി താരതമ്യം ചെയ്യണം. ശേഷം ഇതില്‍ വരുന്ന പൊരുത്തക്കേടുകള്‍ മനസിലാക്കി, വേണ്ട തിരുത്തലുകളോ മെച്ചപ്പെടുത്തലുകളോ വരുത്താവുന്നതാണ്.

ഈയൊരു പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങളും ഭീഷണികളും അവസരങ്ങളുമെല്ലാം നമുക്ക് വ്യക്തമാകും. തുറന്ന മനസോടെയും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന മാനസിക അവസ്ഥയിലും വേണം ഇതിലൂടെ കടന്നുപോകാന്‍ എന്നത് ശ്രദ്ധിക്കണം. കണ്ടെത്തുന്ന കാര്യങ്ങള്‍ കൃത്യമായി ഉപയോഗിച്ച് നടപ്പാക്കി പ്രതികൂല അവസ്ഥയിലും നന്നായി മുന്നോട്ടു പോകാന്‍ കെല്‍പ്പുള്ള ഒന്നാക്കി സ്ഥാപനത്തെ മാറ്റിയെടുക്കാന്‍ സാധിക്കണം.

സ്വോട്ട് അനാലിസിസ്

ശാസ്ത്രീയമായ രീതിയായ സ്വോട്ട് അനാലിസിസ് (SWOT analysis) പ്രയോഗിക്കുന്നത് ഫലപ്രദമാകും. ഇത് എങ്ങനെയെന്ന് നോക്കാം.

  • Srength: ഒരു സ്ഥാപനത്തിന്റെ ബിസിനസിനെ ശക്തമാക്കുന്ന കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തി രേഖപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

  • Weaknesses: സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങളും പോരായ്മകളും തിരിച്ചറിയുക.

  • Opportunities: വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ഉതകുന്ന അവസരങ്ങള്‍ എന്തെന്ന് കണ്ടെത്തുന്ന പ്രക്രിയ.

  • Threat: ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കോ നിലനില്‍പ്പിനോ ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങളേയും കാരണങ്ങളേയും കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

(Originally published in Dhanam 15 June 2025 issue.)

SWOT analysis helps businesses evaluate strengths, weaknesses, opportunities, and threats to adapt and thrive amidst change.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com