ഈ നാല് കാര്യങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് ആശയം ക്ലിക്ക് ആകും!

നിങ്ങള്‍ ഉള്ളില്‍ താലോലിക്കുന്ന ബിസിനസ് ആശയത്തിന് വളരാനുള്ള ഉള്‍ക്കരുത്തുണ്ടോ? അതറിയാന്‍ ഇതാ ഒരു ചെക്ക് ലിസ്റ്റ്
Photo : Canva
Photo : Canva
Published on

രണ്ട് രീതിയിലാണ് ഇന്ന് കേരളത്തില്‍ ആളുകള്‍ ബിസിനസ് ആരംഭിക്കുന്നത്. ഒന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം, മറ്റൊന്ന് ബ്രാന്‍ഡ് വളര്‍ത്തുക എന്ന ലക്ഷ്യം കൂടി മുന്നോട്ട് വച്ചുകൊണ്ട്. ലാഭത്തിന് വേണ്ടി മാത്രം ബിസിനസ് ആരംഭിക്കുമ്പോഴാണ് പലപ്പോഴും പ്രതിസന്ധി വരുമ്പോള്‍ തരണം ചെയ്യാന്‍ കഴിയാതെ തകര്‍ന്നുപോകുന്നത്. ഏതൊരു ബിസിനസ് ആശയവും മികച്ചതാകുന്നത് അതില്‍ 4 നാല് കാര്യങ്ങള്‍ ഉള്‍പെടുമ്പോഴാണ്.

1. ആശയവും ധനസമ്പാദനവും:

സാമൂഹികപ്രതിബദ്ധതയുള്ള ഒരു ബിസിനസ് ആശയമാവാം നിങ്ങളുടെപക്കലുള്ളത്. ആ ആശയം നടപ്പിലാക്കിയാല്‍ പ്രകൃതിക്കും, മനുഷ്യര്‍ക്കും ഗുണം ലഭിക്കുന്നതാവാം. എന്നാല്‍ ആ ആശയം പണം സമ്പാദനത്തിന് പറ്റുന്നതല്ല എങ്കില്‍ അതൊരു മികച്ച 'ബിസിനസ്' ആശയമല്ല. ഏതൊരു ആശയവും Monetize ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ അതൊരു മികച്ച ബിസിനസ് ആശയമാകില്ല. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു വാക്ക് 'മാര്‍ജിന്‍' എന്നതാണ്. ഒരു ഉത്പന്നം വില്‍ക്കുമ്പോള്‍ എത്ര രൂപ മാര്‍ജിന്‍ അതായത് ലാഭം ലഭിക്കുന്നുണ്ട് എന്നതാണ് പ്രഥമമായി പരിഗണിക്കേണ്ട കാര്യം. വളരെ തുച്ഛമായ മാര്‍ജിന്‍ ലഭിക്കുന്ന ഉല്‍പ്പന്നമാണെങ്കില്‍ വലിയതോതില്‍ വിറ്റാല്‍മാത്രമേ ബിസിനസ് മുന്നോട്ട് നയിക്കാനുള്ള പണം ലഭിക്കൂ. അതിനാല്‍ എത്ര ഉല്‍പ്പന്നം വിറ്റു(turnover) എന്നതിലല്ല ബിസിനസ്സിന്റെ വിജയമുള്ളത്; എത്ര രൂപ ലാഭം (profit) നേടി എന്നതിലാണ്. അതിനാല്‍ എപ്പോഴും കൂടുതല്‍ മാര്‍ജിനുള്ള ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

2. പ്രശ്‌ന പരിഹാരം:

ആളുകള്‍ അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്ന ഏതെങ്കിലും ഒരു പ്രശ്‌നത്തിനുള്ള പരിഹാരമാണോ നിങ്ങളുടെ ബിസിനസ് ആശയം? അത് ഒരുപക്ഷെ ആളുകളുടെ ജീവിതത്തെ സുഗമമാക്കുന്ന ഒന്നോ ആളുകളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒന്നോ ആവാം. അത്തരത്തില്‍ ആളുകളുടെ പ്രശ്‌നത്തിനുള്ള പരിഹാരമായി നിങ്ങളുടെ ബിസിനസ് ആശയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു മികച്ച ബിസിനസ് ആശയത്തിന്റെ ലക്ഷണമാണ്.

3. മാര്‍ക്കറ്റിന്റെ ലഭ്യത:

എല്ലാരേയും കേന്ദ്രീകരിച്ച് ഒരു ഉല്‍പ്പന്നം ഇറക്കാന്‍ കഴിയില്ല. കൃത്യമായി ഒരു niche audience നെ സൃഷ്ടിക്കേണ്ടതുണ്ട്. അത് ഒരുപക്ഷെ സ്ത്രീകളാവാം, യൂവാക്കളാവാം, വീട്ടമ്മമാര്‍ ആവാം, പ്രായമായവര്‍ ആവാം, professionals ആവാം അത്തരത്തില്‍ നമ്മള്‍ കേന്ദ്രീകരിക്കുന്ന ആളുകളിലേക്ക് എത്തിച്ചെല്ലാന്‍ ചെലവ് കുറഞ്ഞ രീതിയില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രണ്ടുകാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. ഈ ആളുകളിലേക്ക് മാര്‍ക്കറ്റിങ് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നും, ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം വേഗത്തിലും എളുപ്പത്തിലും ചെലവ് കുറഞ്ഞും എത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം.

4. മാറാനുള്ള സാധ്യത:

കാലത്തിന്റെ മാറ്റത്തിനനുസരിച്ച്, സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് ഈ ബിസിനസ് ആശയത്തിന് മാറാന്‍ കഴിയുമോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മാറ്റത്തിനനുസരിച്ച് മാറാന്‍ കഴിയാത്ത ആശയങ്ങള്‍ കാലഹരണപെട്ടുപോകും. ഒരുകാലത്ത് വന്‍ സാമ്രാജ്യം കെട്ടിയുയര്‍ത്തിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന് സ്ഥാപനം netflix വന്നതോടുകൂടി തകരാനിടയായത് മാറ്റത്തിനനുസരിച്ച് മാറാന്‍ ബ്ലോക്ക്ബസ്റ്റര്‍ തയ്യാറായില്ല എന്നതിനാലാണ്. നോക്കിയയുടെ കഥ പറയേണ്ടതില്ലല്ലോ. അതിനാല്‍ നിങ്ങളുടെ ബിസിനസ് ആശയം മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ പ്രാപ്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കുറഞ്ഞത് ഈ നാല് കാര്യങ്ങളെങ്കിലും നിങ്ങളുടെ ബിസിനസ് ആശയത്തിലുണ്ടെന്ന് ഉറപ്പുവരുത്തി മുന്നോട്ടേക്ക് പോവുക.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com