'ഈ മാറ്റങ്ങള്‍ കൊണ്ടുവരൂ, നിങ്ങളുടെ ബിസിനസും വളര്‍ത്താം': സണ്‍ടെക് നന്ദകുമാര്‍

ബിസിനസ് മോഡലുകള്‍ മാറ്റി വരയ്ക്കപ്പെടുന്ന കാലമാണിത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍, റീറ്റെയ്ല്‍, ഫുഡ് സര്‍വീസസ്, വിദ്യാഭ്യാസം എന്നുവേണ്ട എല്ലാ മേഖലയിലും ഈ മാറ്റം പ്രകടമാണ്. ഇത്തരമൊരു മാറ്റത്തിന് എല്ലാ മേഖലകളെയും നിര്‍ബന്ധിതമാക്കിയത് കോവിഡ് മഹാമാരിയും.

ഇടപാടുകാരുടെ മാറുന്ന ആവശ്യങ്ങള്‍ക്കും പുതിയ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് സേവനങ്ങള്‍ നല്‍കാന്‍ വേണ്ടി എല്ലാ ബിസിനസുകളും ഇപ്പോള്‍ ഡിജിറ്റലൈസേഷനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇപ്പോള്‍ ജീവനക്കാര്‍ക്ക് എവിടെയിരുന്നും ജോലി ചെയ്യാന്‍ സാധിക്കുന്നു. അതുപോലെ ഇടപാടുകാര്‍ക്ക്, കോവിഡിന് മുമ്പ് ഫിസിക്കലായി നല്‍കിയിരുന്ന സേവനങ്ങള്‍ക്കൊപ്പമോ അതിലേറേയോ മികച്ചവ ഇപ്പോള്‍ നല്‍കാനും സാധിക്കുന്നു. ഇവയെല്ലാം സാധ്യമായതും ടെക്‌നോളജിയുടെ സഹായത്താലാണ്.
ബിസിനസുകളെല്ലാം തന്നെ ഇപ്പോള്‍ ഇടപാടുകാര്‍ക്ക് അവിസ്മരീണയമായ അനുഭവം നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഗെയിം ചേഞ്ചര്‍ ആയേക്കാവുന്ന പ്രധാന പ്രവണതകളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഇവയാണ്.
നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും കളിക്കളം മാറ്റും!
പുതുകാലഘട്ടത്തില്‍ കുതിച്ചുമുന്നേറമെങ്കില്‍, ഓര്‍ഗനൈസേഷനുകള്‍ക്ക് ഉപഭോക്തൃ കേന്ദ്രീകൃതമായ സമഗ്രമായ സേവനങ്ങള്‍ വേണം. മാത്രമല്ല, ഇടപാടുകാര്‍ക്ക് തങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ എത്രമാത്രം അനുഭവവേദ്യമാകുന്നുവെന്ന് കൃത്യമായി അളക്കാനും സാധിക്കണം. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന്‍ ലേണിംഗിനും ഇപ്പോള്‍ ഏറെ സ്വീകാര്യത ലഭിക്കുന്നത്. ഇവ വൈകാരികവും അതേസമയം കോഗ്നിറ്റീവുമായ കംപ്യൂട്ടേഷണല്‍ മോഡലുകള്‍ നല്‍കുന്നു. കസ്റ്റമറുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ വിശകലനം ചെയ്യാനും അവരുടെ ആവശ്യങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കാനും അങ്ങേയറ്റം പേഴ്‌സണലൈസ്ഡായ സേവനം നല്‍കാനും ഇവ സംരംഭങ്ങളെ സഹായിക്കുന്നു. സുസജ്ജമായ വ്യക്തിഗത സേവന തന്ത്രങ്ങള്‍ കമ്പനികള്‍ക്ക് ഗണ്യമായ വരുമാന വര്‍ധന സമ്മാനിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മാറുന്ന ബിസിനസ് ബിസിനസ് പരിതസ്ഥിതികള്‍
ഇക്കോസിസ്റ്റം ഇപ്പോള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഹെല്‍ത്ത്‌കെയര്‍, റീറ്റെയ്ല്‍ മേഖലകള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമായി മനസ്സിലാകും. ഉദാഹരണത്തിന് ആമസോണ്‍ തന്നെയെടുക്കാം. ഒരു മാര്‍ക്കറ്റ് പ്ലേസിന് അല്ലെങ്കില്‍ ഇക്കോസിസ്റ്റത്തിന് സുന്ദരമായ മാതൃകയാണ് ആമസോണ്‍. എണ്ണിയാലൊടുങ്ങാത്ത ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ ഒരു ഇന്‍വെന്ററിയും അവര്‍ സൂക്ഷിക്കുന്നില്ല. തട്ടുംതടവുമില്ലാത്ത സപ്ലെ ചെയ്ന്‍ മാനേജ്‌മെന്റും ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനവുമാണ് ആമസോണിന്റെ ബിസിനസ് മോഡലിന്റെ അടിസ്ഥാനം. ഉള്‍ഗ്രാമങ്ങളിലേക്ക് വരെ ഇറങ്ങിച്ചെല്ലുന്ന അവരുടെ പ്രവര്‍ത്തനം മറ്റൊരു ഘടകമാണ്. അതിനെല്ലാത്തിനുമുപരിയായി, തീര്‍ത്തും അപരിചിതരായ ഒട്ടനവധി മാനുഫാക്ചറേഴ്‌സിന് അവരുടെ ബിസിനസ് പലമടങ്ങ് വര്‍ധിപ്പിക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായകരമാകുന്നു.
5G കുതിപ്പിന് കളമൊരുക്കും
ഹൈ സ്പീഡ് 5ജി നെറ്റ് വര്‍ക്കാവും അടുത്ത ഘട്ട വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം. ഇത് ഡിജിറ്റൈസേഷന്‍ ദ്രുതഗതിയിലാക്കും. അതുപോലെ തന്നെ വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാല്‍റ്റിയും ഇതോടെ കൂടുതല്‍ വ്യാപകമാകും. ഇടപാടുകാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന രീതിയും സേവനങ്ങളും തന്നെ 5ജി വരുന്നതോടെ കൂടുതല്‍ മാറും. മാത്രമല്ല 5ജി ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തെയും മാറ്റും.
ഇന്നൊവേഷന് കരുത്ത് പകരും എഡ്ജ് കംപ്യൂട്ടിംഗ്
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ അടുത്ത ഘട്ടമാണ് എഡ്ജ് പ്ലാറ്റ്‌ഫോമുകള്‍ എന്ന് നമുക്കറിയാം. സംരംഭങ്ങള്‍ക്ക് അവയുടെ ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റുകളുടെ യഥാര്‍ത്ഥ മൂല്യം അണ്‍ലോക്ക് ചെയ്യാന്‍ ഇതേറെ ഉപകരിക്കും. എഡ്ജ് കംപ്യൂട്ടിംഗിലൂടെ റിയല്‍ ടൈം ഡാറ്റ പ്രോസസിംഗ് നടക്കും. അത് അതിവേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സഹായകരമാകുകയും ചെയ്യും. എഡ്ജ് കംപ്യൂട്ടിംഗ് ഐഒടി പോലുള്ള ടെക്‌നോളജികള്‍ക്ക് കൂടുതല്‍ കരുത്തേകും.
സുസ്ഥിരയുള്ള ബിസിനസുകളാണ് പുതിയ യാഥാര്‍ത്ഥ്യം. ബിസിനസ് സാരഥികള്‍ അവരുടെ സസ്റ്റെയ്‌നബ്ള്‍ അജണ്ടയ്ക്ക് പ്രാമുഖ്യം കൊടുക്കണം. അതുപോലെ തന്നെ പുനരുപയോഗക്ഷമമായ ഊര്‍ജ്ജമേഖലയില്‍ നിക്ഷേപ സാധ്യതകളും തേടണം.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിലേറെയായി കീഴ്‌മേല്‍ മറിക്കലുകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഫിസിക്കല്‍ വേള്‍ഡില്‍ നിന്ന് ഡിജിറ്റല്‍ വേള്‍ഡിലേക്ക് നാം മാറുകയും ചെയ്തിരിക്കുന്നു. നമ്മുടെ ബിസിനസുകള്‍ ഡിസ്‌റപ്ഷനുകള്‍ അഭിമുഖീകരിക്കുമ്പോഴും കസ്റ്റമേഴ്‌സ്ിന് സ്ഥിരമായി മൂല്യം നല്‍കി കൊണ്ടേയിരിക്കണം. കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, വാല്യു, ബന്ധങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന കസ്റ്റമറോട് അങ്ങേയറ്റം ആഭിമുഖ്യമുള്ള ബിസിനസുകള്‍ മാത്രമാകും ഇന്ന് മുന്നേറുക.
(സണ്‍ടെക് ബിസിനസ് സൊലൂഷന്‍സിന്റെ സ്ഥാപകനും സിഇഒയുമാണ് നന്ദകുമാര്‍ (NK). രാജ്യത്തെ ആദ്യകാല എന്റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ പ്രോഡക്റ്റ് കമ്പനികളില്‍ ഒന്നിന്റെ സൃഷ്ടാവാണ് കൂടിയാണ്.)


നന്ദകുമാര്‍
നന്ദകുമാര്‍ is a സണ്‍ടെക് ബിസിനസ് സൊലൂഷന്‍സിന്റെ സ്ഥാപകനും സിഇഒ  

Related Articles

Next Story

Videos

Share it