ഗോളുകള്‍ നേടാന്‍ 'ടൈപ്പ് ABC ലിസ്റ്റ്' തയ്യാറാക്കാം; ടൈം മാനേജ്‌മെന്റ് - പാഠം ഒന്ന്

എല്ലാവര്‍ക്കും പൊതുവായ ഒരു സൂചികയാണ് ഒരു ദിവസത്തെ 24 മണിക്കൂര്‍. എന്നിട്ടും ചില ആളുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് എങ്ങനെയാണ്. സമയം ഫലപ്രദമായി വിനിയോഗിച്ചതാണ് ഇതിനു പിന്നിലുള്ള രഹസ്യമെന്നതാണ് സത്യം. ടൈം മാനേജ്‌മെന്റ് സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിലേക്ക് നിങ്ങള്‍ക്ക് എത്താനുള്ള ദൂരം വളരെ ചെറുതാകും. അത്തരത്തില്‍ നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ക്കായി മുന്നോട്ട് പോകാം.

മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, വാഷിംഗ്ടണ്‍ വേള്‍ഡ് ബാങ്കിന്റെ പ്രോജക്റ്റ് ഇവാലുവേഷന്‍ സ്‌പെഷലിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ സതി അച്ചത്ത്, ധനം പബ്ലിക്കേഷനിലൂടെ പുറത്തിറക്കിയ ടൈം മാനേജ്‌മെന്റ് 18 പാഠങ്ങള്‍ എന്ന പുസ്തകത്തിലുള്ള ചില പാഠങ്ങള്‍ വായിക്കാം.

ഇന്ന് ലിസ്റ്റ് തയ്യാറാക്കേണ്ടതെങ്ങനെയെന്നും അതുവഴി എങ്ങനെ ടൈം മാനേജ് ചെയ്യാമെന്നുമാണ് ഇവിടെ പറയുന്നത്.

  • നാളെ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നേ പ്ലാന്‍ ചെയ്യുക. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നാളെ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എഴുതി സൂക്ഷിക്കുക. ഒപ്പം അതിന് ആവശ്യമായവ ഇന്നേ സ്വരുക്കൂട്ടുക. എങ്കില്‍ ഒട്ടും സമയം കളയാതെ നാളെ നിങ്ങള്‍ക്ക് ജോലി തുടങ്ങാനാകും.

  • ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്‌തെങ്കില്‍ അടുത്ത ജോലി അതിനെ മുന്‍ഗണനാ ക്രമത്തില്‍ ആക്കുകയെന്നതാണ്. ടൈപ്പ് എ, ബി, സി എന്നിങ്ങനെ ജോലികളെ വിഭജിക്കുക. ടൈപ്പ് എ ഏറ്റവും പ്രധാനമായതും വേഗം തീര്‍ക്കേണ്ടതുമായ ജോലികളുടെ ഗണമാണ്. ടൈപ്പ് ബി പ്രാധാന്യമര്‍ഹിക്കുന്നതോ വേഗം തീര്‍ക്കേണ്ടതോ ആയ ജോലികളാണ്. ടൈപ്പ് സി പ്രാധാന്യമില്ലാത്തതോ വേഗം തീര്‍ക്കേണ്ടതോ ആണ്.

  • ടൈപ്പ് എ ജോലികള്‍ ആദ്യം തീര്‍ക്കാന്‍ ശ്രദ്ധിക്കുക. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന രീതിയില്‍ ചെയ്തു തീര്‍ക്കുക. അതിനുശേഷം ടൈപ്പ് ബിയും അതു കഴിയുമ്പോള്‍ ടൈപ്പ് സിയും ചെയ്യുക. ചെയ്തു തീര്‍ത്ത ജോലികള്‍ ലിസ്റ്റില്‍ നിന്ന് വെട്ടുക. ഇങ്ങനെ ലിസ്റ്റിലെ ബഹു ഭൂരിപക്ഷം ജോലികളും വെട്ടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ അഭിമാനം തോന്നും.

  • ഓരോ ജോലിക്കും നിശ്ചിത സമയം കൊടുക്കാന്‍ മറക്കരുത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ജോലികളോട് ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരത്തില്‍ സമയം നല്‍കുന്നത് സഹായിക്കും.

  • ഓരോ ജോലി ചെയ്യുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും അതില്‍ തന്നെയായിരിക്കണം.അതു തീര്‍ത്തിട്ടേ അടുത്ത ജോലിയിലേക്ക് പോകാവൂ.

ടിപ്പ് : ജോലികളുടെ പ്രാധാന്യമനുസരിച്ച് വിവിധ നിറത്തിലുള്ള മാര്‍ക്കറുകള്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുക.

ചെക്ക് ലിസ്റ്റ് തയ്യാറാക്കേണ്ടതെങ്ങനെ എന്ന് അടുത്ത ദിവസം വായിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it