കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നത് ഒരു നാടന്‍ ഭാഷാ പ്രയോഗമാണ്. പൊതുവില്‍ അതൊരു നെഗറ്റീവ് പ്രയോഗമാണെങ്കിലും പോസിറ്റീവ് വശങ്ങളുമുണ്ട്. പ്രശ്നഭരിതമായ സാഹചര്യങ്ങളെ എങ്ങനെ അനുകൂലമാക്കിയെടുക്കാം എന്നാണ് തിരിച്ചറിയേണ്ടത്. എല്ലാ ഘടകങ്ങളും എതിരെ നില്‍ക്കുമ്പോഴും തടസങ്ങളില്ലാതെ മുന്നോട്ടു പോകാനുള്ള ചില വഴികളുണ്ടാകും. അതില്‍ പലതും ലളിതമാകാം. അവ കണ്ടെത്തലാണ് ജീവിത വിജയം. ബിസിനസിലും അങ്ങനെ തന്നെ. ഒഴുക്കിനെതിരെ നീന്തി മറുകര പിടിക്കുന്നതിന്റെ ത്രില്‍ ഒന്നു വേറെ തന്നെ.
വിപണിയിലെ അനിശ്ചിതത്വം, സംഘര്‍ഷാവസ്ഥകള്‍, അതിവേഗത്തില്‍ മാറുന്ന ചുറ്റുപാടുകള്‍ തുടങ്ങി ഒരു സംരംഭകന് മുന്നില്‍ കാലം വെല്ലുവിളി ഉയര്‍ത്തി കൊണ്ടേയിരിക്കും. ബിസിനസിനെ ഓരോ പുതിയ തലത്തിലേക്കും ഉയര്‍ത്തി കൊണ്ടു വരുമ്പോഴും തിരിച്ചടികള്‍ നേരിടാം. എന്നാല്‍ റിസ്‌ക് എടുക്കാനുള്ള മനക്കരുത്തും ടീമിനെ മികച്ച രീതിയില്‍ നയിക്കാനുള്ള കഴിവും ഈ വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കും.
ഓരോ വീഴ്ചകളും പുതിയൊരു തിരിച്ചറിവിനും അവസരത്തിനുമുള്ള വളമാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണത്തില്‍, ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പകുതിയും സാമ്പത്തിക മാന്ദ്യ കാലത്ത് സ്ഥാപിച്ചവയാണ്. തീവ്രപ്രതിസന്ധികളെ മറികടന്ന് നിങ്ങളുടെ ബിസിനസിനെ വളര്‍ത്താന്‍ ചില വഴികളുണ്ട്.
സംരംഭകത്വത്തിന്റെ അടിസ്ഥാന ശിലയാണത്. ഏതൊരു ബിസിനസും റിസ്‌കുകള്‍ നിറഞ്ഞതാണ്. അത് കൈകാര്യം ചെയ്യാനുള്ള കഴിവ് ഒരു ബിസിനസുകാരന്റെ ഉള്ളില്‍ എപ്പോഴുമുണ്ടാകണം. വീഴ്ചകളെ തിരിച്ചടികളായി കാണരുത്. ഭാവി വളര്‍ച്ചയിലേക്കുള്ള ചവിട്ടുപടികളാക്കണം
നിങ്ങളുടെ ഒരു തീരുമാനം തെറ്റായെന്നിക്കട്ടെ; പതറരുത്. അമിതമായി പ്രതികരിക്കുകയുമരുത്. ബിസിനസ് വിദ്യാഭ്യാസത്തിലെ പുതിയൊരു അനുഭവമായി അതിനെ കാണുക. കഠിനമായ ഒരു അധ്യായമാണ് നിങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉള്‍കൊള്ളുക. പുതിയൊരു അവസരമായി അതിനെ തിരിച്ചറിയുക. കൈകാര്യം ചെയ്യാനാകുന്ന റിസ്‌കുകളിലേക്ക് മാത്രം കടക്കുക. മരത്തില്‍ ഇരിക്കുന്ന 2 കിളികളേക്കാള്‍ വിലയുള്ളതാണ് കയ്യിലുള്ള ഒരു കിളിയെന്നാണ് പഴമൊഴി.
വേറിട്ട വഴിയിലൂടെ ചിന്തിക്കുന്നത് പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കാം. മറ്റുള്ളവരുടെ ആശയങ്ങള്‍ക്ക് പുറമെ സ്വന്തമായി വേറിട്ട ആശയങ്ങള്‍ തേടി കൊണ്ടിരിക്കുക. കമ്പനിയിലെ ടീമുമായി ചേര്‍ന്ന് ഇടക്കിടെ ചര്‍ച്ചകള്‍ നടത്തുക. ചിലര്‍ പറയുന്നത് ആദ്യം കേള്‍ക്കുമ്പോള്‍ മണ്ടത്തമായി തോന്നാം. എന്നാല്‍ അത് വീണ്ടും പരിശോധിക്കുമ്പോള്‍ ചില സാധ്യതകള്‍ തെളിയാം.
ഇഷ്ടമില്ലാത്ത ജോലി ഏറ്റെടുക്കരുത്. ജോലിയോട് മാനസികമായി അടുപ്പം കാണിക്കുന്ന ജീവനക്കാരില്‍ ഉല്‍പാദന ക്ഷമത 17 ശതമാനം കൂടുതലാണെന്ന് പഠനങ്ങളുണ്ട്. 23 ശതമാനം ലാഭക്ഷമതയും അവര്‍ക്ക് കൂടുതലാണ്. ഇത് സംരംഭകര്‍ക്കും ബാധകമാണ്. നിങ്ങളുടെ കാഴ്ചപ്പാടുമായി യോജിക്കാത്ത, ആഗ്രഹങ്ങള്‍ക്കൊപ്പമല്ലാത്ത, ഗുണപരമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യരുത്. അത് മറ്റൊരാളുടെ ജീവിതം ജീവിച്ചു തീര്‍ക്കലാണ്.
ബിസിനസ് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടെങ്കില്‍ അതിരുകളില്ലാത്ത സംതൃപ്തിയാകും ഫലം. പണമായിരിക്കരുത് പ്രചോദനം. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ചെയ്യുമ്പോള്‍, അമിതമായ ലാഭത്തെ കുറിച്ച് ചിന്തിക്കാതിരിക്കുമ്പോള്‍ മൂല്യമുള്ള ചിലത് പൂര്‍ത്തിയാക്കുന്നു എന്ന ചിന്ത ഉള്ളില്‍ വളരും. അത്തരം നല്ല തുടക്കങ്ങള്‍ വിജയത്തിലേക്കുള്ള വഴിയാണ്. ജീവിത അര്‍ത്ഥപൂര്‍ണമാകും. പുതിയ കാര്യങ്ങള്‍ മുന്നില്‍ തെളിയും.
ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നത് ഒരു ടീമാണ്. നിങ്ങളുടെ ബിസിനസിന്റെ അവസ്ഥയെന്താകണമെന്ന് ആ ടീം അംഗങ്ങള്‍ കൂടിയാണ് നിര്‍ണയിക്കുന്നത്. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍, ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍, പുതിയ ലക്ഷ്യങ്ങളിലേക്ക് താല്‍പര്യമുള്ളവര്‍ എന്നിവരായിരിക്കണം നിങ്ങളുടെ ടീം. ജീവനക്കാരെ നിയമിക്കുമ്പോള്‍ ഇതായിരിക്കണം പ്രഥമ പരിഗണന. രണ്ടാമതായി, ടീമുമായുള്ള മികച്ച ആശയവിനിമയമാണ്. അവരുടെ മാനസിക വികാരങ്ങളെ തിരിച്ചറിഞ്ഞ് ആശയ വിനിമയം നടത്തണം. സ്വന്തം മാനസിക നിലകളെ മികച്ച രീതിയില്‍ മാനേജ് ചെയ്യാനും കഴിയണം. മൂന്നാമതായി, ജീവനക്കാരുടെ ആരോഗ്യം, സ്ഥിരോല്‍സാഹം, സ്ഥിരത എന്നിവയും പ്രധാനം. അവസാനമായി, പ്രത്യേക തസ്തികകളില്‍ നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ആ മേഖലയിലുള്ള വിജ്ഞാനം.
പ്രതിസന്ധികള്‍ എപ്പോള്‍, ഏതുവഴി കടന്നു വരുമെന്ന് പറയാനാകില്ല. കരുതല്‍ എല്ലായ്പോഴും ആവശ്യമായി വരും. ദീര്‍ഘകാല ബിസിനസുകാര്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണം. ഓരോ ഘട്ടത്തിലും പ്രതിസന്ധികളെ നേരിടാന്‍ തയ്യാറായി ഇരിക്കണം. നിങ്ങളുടെ കരുത്തിനുള്ള പരിക്ഷണം കൂടിയാണത്. ഓരോ വെല്ലുവിളികളെയും നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാനുള്ള അവസരം. തയ്യാറെടുപ്പുകള്‍ ശരിയല്ലെങ്കില്‍, പ്രതിസന്ധികള്‍ നിങ്ങളുടെ ബിസിനസിനെ നശിപ്പിക്കാം. ''നല്ലത് പ്രതീക്ഷിക്കുക; മോശം അവസ്ഥയെ നേരിടാന്‍ തയ്യാറായി ഇരിക്കുക''. പുരാതന റോമിലെ ആ വാക്യമാകും സംരംഭകര്‍ക്ക് കരുത്താകാന്‍ ഏറ്റവും ഉത്തമം
എന്തിന് വേണ്ടിയാണ് ഒരാള്‍ സംരംഭകനാകുന്നത്? ജീവിതത്തിലെ ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്നതാണ് ലളിതമായ ഉത്തരം. ഓരോ അഞ്ചു വര്‍ഷത്തിലും നാം നേടേണ്ട ലക്ഷ്യങ്ങള്‍ എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. 20 വര്‍ഷം വരെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സ്വീകരിക്കാം. 10 വര്‍ഷം കഴിയുമ്പോള്‍ ബിസിനസ് ഏത് ലെവലില്‍ ആയിരിക്കണം എന്നതിനെ കുറിച്ച് ചിന്തിക്കണം. അതിനിടയില്‍ എന്തെല്ലാം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തിരിച്ചറിയണം. ഇത് നിങ്ങളുടെ മനക്കരുത്ത് കൂട്ടാനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിക്കാനും സഹായിക്കും. ഉല്‍പ്പാദന ക്ഷമതയെയും ഇത് സഹായിക്കും.
ഉപയോക്താവിന്റെ സമയം കുറക്കുന്നതില്‍ വിജയിക്കുന്ന ബിസിനസുകാരാണ് പണമുണ്ടാക്കുന്നത്. സേവനത്തിന്റെ കാര്യത്തില്‍ ഉപയോക്താവിന് രണ്ട് തരം പ്രതിസന്ധികളാണുള്ളത്. മികച്ച സേവനം ലഭിക്കാത്തതും വേഗത്തില്‍ സേവനം ലഭിക്കാത്തതും. ഇത് രണ്ടും മറികടക്കാനായാല്‍ ബിസിനസ് വിജയിക്കും. പണമിടപാടിന് ഇന്ന് വളരെ കുറച്ചു പേര്‍ മാത്രമാണ് ബ്രാഞ്ചുകളില്‍ പോകുന്നത്. മൊബൈല്‍ ആപ്പിലൂടെയാണ് കാര്യങ്ങള്‍. ഈ സേവനം മികച്ച രീതിയില്‍ വേഗത്തില്‍ നല്‍കാന്‍ ഏത് കമ്പനിക്കാണോ കഴിയുന്നത്, ഉപയോക്താക്കള്‍ അവര്‍ക്കൊപ്പമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine