രണ്ടു ബിസിനസുകൾ പാടെ പരാജയപ്പെട്ടു,എന്നിട്ടും ജിപിസി നായർ എങ്ങനെ തിരിച്ചുവന്നു?

വിജയിയായ സംരംഭകന്‍ എന്ന രീതിയിലാണ് ഞാന്‍ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ എന്റെ വഴിയില്‍ പരാജയത്തിന്റെ ഒരു കാലമുണ്ടായിരുന്നു. ഒരിക്കലല്ല, രണ്ട് പ്രാവശ്യം ഞാന്‍ പരാജയപ്പെട്ടു. ആ പരാജയങ്ങളാണ് വിജയത്തിലേക്കുള്ള എന്റെ വഴി തെളിച്ചത് എന്നതിനാല്‍ അത് ഒരിക്കലും എനിക്ക് മറക്കാനാകില്ല.

പൊതുമേഖലാ സ്ഥാപനത്തില്‍ സമൂഹത്തില്‍ നിലയും വിലയും മികച്ച വരുമാനവുമുണ്ടായിരുന്ന ഒരു ജോലിയുണ്ടായിരുന്ന കാലത്താണ് ഞാന്‍ ആദ്യത്തെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയായിരുന്നു അത്. വായ്പയെടുത്തും കുടുംബസ്വത്ത് വരെ വിറ്റും ആണ് സ്റ്റീല്‍ടെക് എന്ന ആ സംരംഭത്തിനായുള്ള പണം കണ്ടെത്തിയത്. എന്നാല്‍ ആ മേഖലയെക്കുറിച്ച് കാര്യമായ പരിജ്ഞാനം ഇല്ലാത്തതിരുന്നത് പരാജയത്തിലേക്ക് വഴിതെളിച്ചു. എട്ടുനിലയില്‍ ബിസിനസ് പൊട്ടി എന്നുതന്നെ പറയാം.

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് രണ്ടാമതായി ഒരു കംപ്യൂട്ടര്‍ സ്ഥാപനം കൂടി ആരംഭിച്ചു. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്നെങ്കിലും വരുമാനം കുറവായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാപനം സുഹൃത്തിനെ ഏല്‍പ്പിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഇതായിരുന്നു രണ്ടാമത്തെ പരാജയം.

കടം കോടികളായി

ഇതിനിടയിലും വീടിന്റെ കാര്‍ഷെഡിന്റെ മുകളിലത്തെ മുറിയില്‍ ഞാന്‍ പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം ക്ലാസുകള്‍ നടത്തുന്നുണ്ടായിരുന്നു. ഇനി അതുമായി മുന്നോട്ടുപോകാനായി തീരുമാനം. കമ്പനി പൂട്ടിയെങ്കിലും സ്റ്റീല്‍ടെക് വലിയൊരു ബാധ്യതയാണ് അവശേഷിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വരുമാനം ലഭിക്കുന്നതിന് അനുസരിച്ച് ബാധ്യതകള്‍ കൊടുത്തുതീര്‍ത്തു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അടച്ചുതീര്‍ക്കാനുള്ള തുക അപ്പോഴേക്കും കോടികളായി ഉയര്‍ന്നിരുന്നു. പലരീതികളില്‍ കെഎഫ്‌സി സമ്മര്‍ദ്ദം ചെലുത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ വരുമാനം വര്‍ധിച്ചപ്പോള്‍ കടങ്ങളെല്ലാം വീട്ടി.

പ്രതിസന്ധികള്‍ക്കിടയില്‍ ദുഃഖിച്ചിരിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. ബിസിനസ് പൊളിഞ്ഞെങ്കിലും എന്റെ ജീവിതരീതിയില്‍ ഒരു മാറ്റവും ഉണ്ടായില്ല. കാരണം രാവുകള്‍ പകലുകളാക്കി ഞാന്‍ അദ്ധ്വാനിക്കുകയായിരുന്നു. പതിയെ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ & മാനേജ്‌മെന്റ് സ്റ്റഡീസ് വിപുലീകരിച്ചു. മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ്, ബയോടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, ആര്‍ക്കിടെക്ചര്‍, പോളിടെക്‌നിക് തുടങ്ങിയ വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങള്‍ ആരംഭിച്ചു.

വെല്ലുവിളികള്‍ ഇല്ലാതാകുന്നില്ല

എത്ര ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴും വെല്ലുവിളികള്‍ ഇല്ലാതാകുന്നില്ല. അത് നേരിട്ടുമാത്രമേ ഏതൊരു സംരംഭകനും വളരാനാകൂ. വിദ്യാഭ്യാസ മേഖലയിലുള്ള പല സംരംഭകരും ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. എന്നാല്‍ എസ്.സി.എം.എസിന് ഈ വെല്ലുവിളികളെ നേരിടാനാകുന്നത് വിവിധ മേഖലകളില്‍ ഞങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതുകൊണ്ടാണ്. ഒന്നില്‍ നിന്നുള്ള വരുമാനം പ്രശ്‌നമായാലും മറ്റുള്ളവ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നതുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയുന്നു.

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിന് കൊടുക്കുന്ന പ്രാധാന്യമാണ് ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ ഞങ്ങള്‍ക്ക് കരുത്താകുന്നു മറ്റൊരു ഘടകം. പ്രഗല്‍ഭരായ അധ്യാപകരെ നിയമിക്കുകയും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം അഡ്മിഷന്‍ നല്‍കുകയും ചെയ്യുന്നതിലൂടെ സ്ഥാപനത്തിന്റെ നിലവാരം നിലനിര്‍ത്താനാകുന്നു. ഏത് അവസ്ഥയിലും ഗുണമേന്മ ഉയര്‍ത്തിപ്പിടിക്കാനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it