കാത്തിരുന്നാല്‍ 'എല്ലാം ശരിയാവുമോ'? അറിയാം ഈ യാഥാര്‍ത്ഥ്യം

ഇന്ന് പലര്‍ക്കും ബിസിനസിലേക്ക് ഇറങ്ങുവാനും ബിസിനസ് മുന്നോട്ട് നയിക്കുവാനും ഭയമാണ്. കഴിഞ്ഞ 2 വര്‍ഷമായി പലരും ഈ ഭയത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് അവസാനിച്ചു, ലോക്ക്ഡൗണ്‍ ഇനിയില്ല, എല്ലാം പഴയപോലെയായി എന്നു ആശ്വസിച്ചിരിക്കെയാണ് ഇതാ വീണ്ടും ലോക്ക്ഡൗണിന് സമാനമായ അവസ്ഥയിലേക്ക് നാട് പോകുന്നത്. നാളെ എന്ത് സംഭവിക്കും എന്ന് പ്രവച്ചിക്കാന്‍ കഴിയാത്ത അവസ്ഥ. ഇന്ന് പല ബിസിനസ്സുകാരും നേരത്തെ തീരുമാനിച്ചുവച്ച പല തീരുമാനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാം ശരിയാകുമ്പോള്‍ തുടരാം എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു. എന്നാല്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം 10 വര്‍ഷം മുമ്പുവരെ സംഭവിച്ച മാറ്റങ്ങളുടെ രീതിയിലല്ല ഇന്നത്തെ കാലത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എല്ലാം ശരിയായിട്ട് കാര്യങ്ങള്‍ ചെയ്യാം എന്ന് വിചാരിച്ചിരുന്നാല്‍ ഒരിക്കലും ഒരു കാര്യവും ഇന്നത്തെ കാലത്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു മാറ്റത്തിന്റെ ഭാഗമാവുകയാണ്. അത് അംഗീകരിച്ചേ പറ്റു. അത് മനസിലാക്കാനും അംഗീകരിക്കാനും കഴിയതാവുമ്പോഴാണ് പ്രതിസന്ധി ഉണ്ടാകുന്നതും ഭയം ഉണ്ടാകുന്നതും. അജ്ഞതയില്‍ നിന്നാണല്ലോ ഭയം സൃഷ്ടിക്കപെടുന്നത്. നമുക്ക് ലോകത്തെ മാറ്റത്തെ സൂക്ഷ്മമായി മനസിലാക്കാം.

നാം ഇന്ന് ജീവിക്കുന്നത് ഒരു VUCA ലോകത്താണ്. എന്താണ് VUCA?
V - Volatile (അസ്ഥിരമായ)
U - Uncertain (അനിശ്ചിതത്വം)
C - Complex (സങ്കീര്‍ണമായ)
A - Ambiguous (അവ്യക്തമായ)
ഇവ ഓരോന്നും മനസിലാക്കാം.
1. Volatile (അസ്ഥിരമായ)
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, ഓരോ ദിവസവും കൂടുതല്‍ അസ്ഥിരമാകുന്ന, വലുതും ചെറുതുമായ മാറ്റങ്ങള്‍ കൂടുതല്‍ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് - അവ കൂടുതല്‍ നാടകീയമാവുകയും കൂടുതല്‍ വേഗത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. സംഭവങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായ വഴികളിലൂടെ സംഭവിക്കുമ്പോള്‍, കാരണവും അതിന്റെ ഫലവും നിര്‍ണ്ണയിക്കുന്നത് അസാധ്യമാകുന്നു. ഒരു ദിവസം തന്നെ എത്ര വാര്‍ത്തകളാണ് മാധ്യമത്തിലൂടെ വരുന്നത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇന്ന് അപ്രസക്തമായിരിക്കുന്നു. ഇന്നലെ നവമാധ്യമത്തിലൂടെ പ്രശസ്തരായവര്‍ ഇന്ന് ആളുകള്‍ മറന്ന് തുടങ്ങിയിരിക്കുന്നു കാരണം അത്ര വേഗത്തിലാണ് സംഭവങ്ങള്‍ സംഭവിക്കുന്നത്. എന്നും അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍ നാം അത് അറിഞ്ഞിരുന്നില്ല. അറിയുവാനുള്ള അവസ്ഥ അന്നത്തെകാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വിവരങ്ങള്‍ അറിയുന്നതിനുള്ള മാധ്യമങ്ങളുടെ എണ്ണം വിവരങ്ങളെക്കാളും കൂടുതലായിരുന്നു എന്ന് അതിശയോക്തികലര്‍ത്തി പറയാം. ആളുകള്‍ കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നു, അത് അതിവേഗത്തില്‍ അപ്രസക്തവുമാകുന്നു.
2. Uncertain (അനിശ്ചിതത്വം)
സംഭവങ്ങള്‍ മുന്‍കൂട്ടി കാണുകയോ അവ എങ്ങനെ വികസിക്കുമെന്ന് പ്രവചിക്കുകയോ ചെയ്യുന്നത് ഇന്ന് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്; ചരിത്രപരമായ പ്രവചനങ്ങളുടെയും മുന്‍കാല അനുഭവങ്ങളുടെയും പ്രസക്തി നഷ്ടപ്പെടുകയും വരാനിരിക്കുന്ന കാര്യങ്ങളെ പ്രവചിക്കുന്നതിനുള്ള അടിസ്ഥാനാം അപൂര്‍ണമായിരിക്കുകയും ചെയ്യുന്നു. റൂട്ട് എവിടേക്കാണ് പോകുന്നതെന്ന് എന്നകാര്യത്തില്‍ അനിശ്ചിതത്വം നേരിടുന്നതിനാല്‍ നിക്ഷേപം, വികസനം, വളര്‍ച്ച എന്നിവയ്ക്കായി ആസൂത്രണം ചെയ്യുന്നത് മിക്കവാറും അസാധ്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്യങ്ങള്‍ പ്രവചിക്കുന്നത് അതിന് മുമ്പ് നടന്ന സംഭവങ്ങളുടെ ഒഴുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ഇന്ന് പഴയ ഡാറ്റ ഉപയോഗിച്ച് നാളെയെ പ്രവചിക്കാന്‍ കഴിയുകയില്ല. നാളെ എന്ത് മഹാമാരിയാണ് വരുക, എന്ത് സാങ്കേതികവിദ്യയാണ് സൃഷ്ടിക്കുക, എപ്പോഴാണ് യുദ്ധസമാനമായ അവസ്ഥ നാട്ടില്‍ ഉണ്ടാവുക, പ്രകൃതിക്ഷോഭങ്ങള്‍ എപ്പോഴാണ് ഉണ്ടാവുക, നമ്മുടെ ബിസിനസ്സിനെ തകര്‍ക്കാന്‍ ശേഷിയുള്ള മറ്റ് ബസിനസ്സുകള്‍ എന്നാണ് വരുക, ഇത്തരത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ധാരാളം ചോദ്യങ്ങള്‍ ഇന്ന് നമ്മുടെയുള്ളില്‍ ഉണ്ട്.
3. Complex (സങ്കീര്‍ണമായ)
നമ്മുടെ ആധുനിക ലോകം എന്നത്തേക്കാളും സങ്കീര്‍ണ്ണമാണ്. എന്താണ് കാരണങ്ങള്‍? എന്താണ് ഇഫക്റ്റുകള്‍? - പ്രശ്‌നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കൂടുതല്‍ ബഹുതലങ്ങളുള്ളതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമാണ്. വ്യത്യസ്ത ഘടകങ്ങള്‍ ഇടകലരുന്നു, കാര്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു അവലോകനം ലഭിക്കുന്നത് അസാധ്യമാക്കുന്നു. പല തീരുമാനങ്ങളും പ്രതികരണത്തിന്റെയും എതിര്‍-പ്രതികരണത്തിന്റെയും സങ്കീര്‍ണ്ണമായ തലത്തിലേക്ക് ചുരുങ്ങുന്നു - ഒരൊറ്റ ശരിയായ പാത തിരഞ്ഞെടുക്കുന്നത് മിക്കവാറും അസാധ്യമാണ്. ചൈനയില്‍ ഒരു പ്രതിസന്ധി ഉണ്ടായാല്‍ അത് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഇരിക്കുന്ന ഒരാളെപ്പോലും ബാധിക്കുന്നു. പെട്രോള്‍ ഡീസല്‍ വില വാഹനം ഉപയോഗിക്കാത്ത ഒരാളെ പോലും ബാധിക്കും. കാരണം എല്ലാം പരസ്പരം connected ആണ്. എവിടെയെങ്കിലും സംഭവിക്കുന്ന ഒരു ചെറിയ കാര്യം നമ്മളെയും ബാധിക്കുന്നു. അതിന്റെ ഉറവിടം പോലും മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ അത് സങ്കീര്‍ണമാണ്.
4. Ambiguous(അവ്യക്തമായ)
ഇന്നത്തെ ലോകത്ത് കാര്യങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമായോ കൃത്യമായോ നിര്‍ണ്ണയിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമാണ്. ധാരാളം ഓപ്ഷനുകളുണ്ട്, അവയില്‍ ഏത് വേണമെന്ന് തീരുമാണിക്കുന്നതുതന്നെ സങ്കീര്‍ണമായ കാര്യമാണ്. ഒരു വിഷയത്തെക്കുറിച്ച് 10 പേര്‍ക്ക് 10 അഭിപ്രായങ്ങളായിരിക്കും. ഏത് അഭിപ്രായമാണ് ശരിയെന്ന് നിര്‍ണയിക്കാന്‍ കഴിയാത്തവിധത്തില്‍ കാര്യങ്ങള്‍ അവ്യക്തവുമായിരിക്കും. ശരിയേത് തെറ്റേത് എന്ന് നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥ. ബിസിനസ്സില്‍ ഏത് തീരുമാനമെടുത്താല്‍ ശരിയാകും എന്ന തിരിച്ചറിയാന്‍ കഴിയാത്തതരത്തില്‍ കാര്യങ്ങള്‍ അവ്യക്തമാണ്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുള്ള കാലമാണിത്. അവയില്‍ മികച്ച അഭിപ്രായത്തെ തിരഞ്ഞെടുക്കുക എന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞതുമാണ്.

ഈ അവസ്ഥയിലൂടെയാണ് ലോകം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ VUCA ലോകത്തെ അംഗീകരിക്കുക എന്നതാണ് ആദ്യപടിയായി സംരംഭകര്‍ ചെയ്യേണ്ടത്. ഈ ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് ബിസിനസ്സിലും സംരംഭകരിലും മാറ്റം വരുത്തുകയാണ് വേണ്ടത്; അല്ലാതെ ലോകം പഴയതുപോലെയായിട്ട് ബിസിനസ്സ് ചെയ്യാം എന്ന് തീരുമാനിച്ച് കാത്തിരിക്കുകയല്ല. എങ്ങനെയാണ് സംരംഭകര്‍ VUCA ലോകത്തിനനുസരിച്ച് മാറേണ്ടത്? വായിക്കാം അടുത്ത ആഴ്ചയിലെ കോളത്തില്‍.

(ലേഖകന്‍ BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ്. www.sijurajan.com +91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it