

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാര്‍ച്ച് 25ന് അസാധാരണമായൊരു പ്രതിസന്ധിഘട്ടത്തെയാണ് നാം മുഖാമുഖം കണ്ടത്; കോവിഡ് വ്യാപനത്തിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലേക്ക് കടന്നത് അന്നാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ മറ്റൊരു രൂക്ഷമായ പ്രതിസന്ധിയെയാണ് നമ്മള്‍ മുഖാമുഖം കാണുന്നതും; പശ്ചിമേഷ്യന്‍ യുദ്ധം.
അസ്ഥിരത ഒരു സാധാരണ സംഗതിയാവുന്ന കാലം. ഏത് സാഹചര്യത്തോടും അതിവേഗം ഇണങ്ങി, മുന്നോട്ട് പോകാന്‍ കഴിവുള്ള, പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രദ്ധാപൂര്‍വം ചുവടുവെച്ച് പിന്നീട് ലഭിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ അതിവേഗം കുതിച്ചുമുന്നേറാന്‍ കെല്‍പുള്ള ബിസിനസുകള്‍ക്ക് മാത്രമെ ഇനി പ്രസക്തിയുള്ളൂ. എന്ത് സംഭവിച്ചാലും എങ്ങനെ വളരാമെന്നത് മാത്രമാണ് ബിസിനസുകാര്‍ ഇനി ചോദിക്കേണ്ടത്. ഒരു നിമിഷം കൊണ്ട് പലതും പൊട്ടിപ്പുറപ്പെടുമെങ്കിലും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം ഇവിടെയുണ്ടാകും.
ഉദാഹരണത്തിന്, നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയെടുക്കാം. നാണ്യപ്പെരുപ്പത്തെ സഹനീയമായ പരിധിയിലെത്തിച്ച് രാജ്യം സ്ഥിരത കൈവരിച്ചുവരികയായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. എണ്ണ വില വര്‍ധന നാണ്യപ്പെരുപ്പം കൂട്ടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് പറയുന്നുണ്ട്. എണ്ണ വില ഓരോ പത്ത് ഡോളര്‍ കൂടുമ്പോള്‍ നാണ്യപ്പെരുപ്പത്തില്‍ 35-40 ബേസിസ് പോയിന്റ് വര്‍ധനയുണ്ടാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ച തലത്തിലെത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. പശ്ചിമേഷ്യന്‍ സംഘര്‍ഷം നമ്മുടെ തട്ടുകടക്കാരെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പച്ചക്കറികള്‍ കയറ്റിയയക്കുന്നവരെ സഹിതം എല്ലാവരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊതുവിലുള്ള സമ്പദ്‌വ്യവസ്ഥയിലും സൂക്ഷ്മ-ചെറുകിട-ഇടത്തരം ബിസിനസുകളിലും ദൂരവ്യാപക പ്രത്യാഘാതമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അച്ചടക്കത്തോടെ ബിസിനസ് ചെയ്താല്‍ സുസ്ഥിര വളര്‍ച്ച നേടാനാകും. ഹ്രസ്വ-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് എടുത്തുചാട്ടങ്ങളില്ലാതെ പോയാല്‍ മാത്രം മതിയാകും. ഇതൊക്കെയായിരുന്നു പരമ്പരാഗത ബിസിനസുകളുടെ ചിന്താഗതികള്‍. പക്ഷേ ഇന്ന് വിജയിക്കുന്ന ബിസിനസുകള്‍ ഇങ്ങനെയല്ല ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. സംരംഭകരുടെ മനോഭാവത്തില്‍ തന്നെ മാറ്റം വരേണ്ടിയിരിക്കുന്നു.
കീഴ്മേല്‍ മറിക്കലുകള്‍ എപ്പോള്‍ വേണെമങ്കിലും വരുമെന്ന് കരുതുക.
നിലവില്‍ മുന്നിലുള്ള സാഹചര്യം വെച്ചുകൊണ്ട് ബിസിനസ് ആസൂത്രണങ്ങള്‍ നടത്താതെ വൈവിധ്യമാര്‍ന്നവ മനസില്‍ കണ്ട് അതിനനുസരിച്ചുള്ള സ്ട്രാറ്റജികള്‍ തീരുമാനിച്ചുവെക്കുക.
അങ്ങേയറ്റം വഴക്കമുള്ള പ്രവര്‍ത്തനശൈലി സ്വീകരിക്കുക. ഒരു പ്രശ്നം വന്നാല്‍ അതിനോട് പ്രതികരിക്കാന്‍ അതിവേഗം സാധിക്കണം.
പ്രതിസന്ധികള്‍ ഏത് വന്നാലും വളരാന്‍ ഇവയൊക്കെ സഹായകരമാവും. നിലവിലെ പല പ്രതിസന്ധികളും ബിസിനസുകാരുടെ ജീവിതത്തില്‍ ആദ്യമായി നേരിടുന്നവയാണ്. ചരിത്രത്തില്‍ തന്നെ അവയ്ക്ക് സമാനമായവ ഇല്ലതാനും. അതുകൊണ്ട് ബിസിനസ് സാരഥികള്‍ക്ക് നോക്കാന്‍ ഒരു 'ഇന്‍സ്ട്രക്ഷന്‍ മാന്വല്‍' ഇപ്പോഴില്ലെന്നതാണ് ശ്രദ്ധേയം.
ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടത് അങ്ങനെ ഒന്നുണ്ടെന്ന് മനസാ അംഗീകരിക്കുകയും, അതിന്റെ വ്യാപ്തി മനസിലാക്കലുമാണ്. റിച്ച് ഡാഡ് പുവര്‍ ഡാഡിന്റെ രചയിതാവായ റോബര്‍ട്ട് കിയോസാക്കി അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ദൂരവ്യാപക ഫലം വെളിവാക്കുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതിന്റെ പ്രത്യാഘാതം ലോകമെമ്പാടും പടരുന്ന ഭക്ഷ്യക്ഷാമമായി വളരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.
ഗള്‍ഫിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരികെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൈട്രജന്‍ വളങ്ങളും യൂറിയയും വിതരണം ചെയ്യപ്പെടുന്നുമില്ല. വളത്തിന്റെ വില ക്രമാതീതമായി കൂടിയാല്‍ ഇന്ത്യ, ബംഗ്ലാദേശ്, തായ്ലന്റ്, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള കര്‍ഷകരുടെ ചെലവ് കൂടുകയും വിളവ് കുറയുകയും ചെയ്യും. ആഗോളതലത്തില്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയരും. ലോകത്തിലെ അതിദരിദ്രര്‍ പട്ടിണിയിലേക്ക് ആദ്യം വീഴും. അതായത് ഹോര്‍മുസ് കടലിടുക്കിലെ സ്തംഭനം മൂലം അധികം വൈകാതെ ലോകത്തെ ഭക്ഷ്യമേഖല കീഴ്മേല്‍ മറിയുമെന്ന മുന്നറിയിപ്പാണ് കിയോസാക്കി നല്‍കുന്നത്. ഇതുപോലെ ഓരോ പ്രതിസന്ധികളും പ്രത്യക്ഷത്തില്‍ കാണുന്നതിനപ്പുറം പരോക്ഷമായ ഒട്ടേറെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
"കമ്പനി സാരഥികള്‍ പ്രസ്ഥാനങ്ങളിലെ ദുര്‍മേദസ് കുറക്കുക; മസിലല്ല," പെപ്സികോ ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ശിവ് ശിവകുമാര്‍ പറയുന്നത് ഇതാണ്. എല്ലാ രംഗത്തുള്ള ബിസിനസുകളും പരമാവധി ചെലവ് കുറച്ച് മികവോടെ പ്രവര്‍ത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേïതെന്ന് ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. സംരംഭകര്‍ ശ്രദ്ധിക്കേണ്ട് മറ്റ് ചില കാര്യങ്ങള്‍ കൂടി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
എല്ലായ്പ്പോഴും ഉപഭോക്താവിനെ മാത്രം നോക്കുക. വില കൂട്ടാനോ ഉല്‍പന്നത്തിന്റെ അളവില്‍ കുറവ് വരുത്തി, പഴയ വിലയില്‍ തന്നെ പിടിച്ചുനില്‍ക്കാനോ ശ്രമിക്കരുത്. അത് പിന്നീട് ദോഷം ചെയ്യും.
മാറിയ സാഹചര്യത്തില്‍ കരാറുകള്‍ പുനഃക്രമീകരിക്കാന്‍ ശ്രമിക്കുക. മുഖ്യ ഉപഭോക്താക്കളുമായും സപ്ലയര്‍മാരുമായും ബന്ധം കൂടുതല്‍ ഊഷ്മള
മാക്കുക.
എല്ലാ ചെലവുകളും പുനഃപരിശോധിക്കുക. ജീവനക്കാരെ വെട്ടിക്കുറക്കരുത്. എല്ലാ ചെലവും മോശമല്ല. എന്നാല്‍ ചില ചെലവുകള്‍ പ്രസ്ഥാനത്തിന് ദോഷം ചെയ്യും. അത് വെട്ടിക്കുറക്കുക. വായ്പ ഒരുപാട് എടുക്കരുത്. ജീവനക്കാരെ വെട്ടിക്കുറക്കാതെ തന്നെ 20 ശതമാനം ചെലവ് കുറക്കാന്‍ നോക്കുക.
അടുത്ത ഒരു മാസം, മൂന്ന് മാസം, 12 മാസം കമ്പനിയെങ്ങനെയാകും പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച് ഒരു പ്ലാനുണ്ടാക്കി, അക്കാര്യം
ജീവനക്കാരോട് നേരിട്ട് പറയുക. ജീവനക്കാര്‍ക്ക് കാര്യങ്ങളെ സംബന്ധിച്ച് ധാരണ കിട്ടാന്‍ ഇത് ഉപകരിക്കും.
പണം പരമാവധി സൂക്ഷിച്ചുവെക്കുക. ഇന്‍സെന്റീവുകള്‍ നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ജീവനക്കാരെ അറിയിക്കുക. പ്രതിസന്ധിയില്‍ അയവ് വരുമ്പോള്‍ അത് നല്‍കുകയും വേണം.
പല പ്രതിസന്ധികളും നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതാണ്. അതുകൊണ്ട് വ്യവസായ സംഘടന പ്രതിനിധികളും സാരഥികളുമൊക്കെയായി നിരന്തരം ആശയവിനിമയം നടത്തുക. റിസ്‌കും ഭീഷണികളും മുന്‍കൂട്ടി അറിഞ്ഞിരിക്കാന്‍ ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്കിങ്ങുകള്‍ ഉപകരിക്കും.
അസ്ഥിരതകള്‍ നിറഞ്ഞ പുതിയ യുഗമാണിത്. അതിന് നേരെ മുഖം തിരിച്ചിട്ടോ, പേടിച്ചിട്ടോ കാര്യമില്ല. ആത്മവിശ്വാസത്തോടെ ആ കാലത്തിനോട് പറയാം; സ്വാഗതം. കാറും കോളും നിറഞ്ഞ കടലില്‍ സഞ്ചാരത്തിനിറങ്ങാന്‍ സ്വയം സജ്ജമാകാം.
1. വിപണി വികേന്ദ്രീകരണം
വരുമാനം കൂടുതല്‍ കിട്ടുന്ന ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇനി കൂടുതല്‍ റിസ്‌കാണ്. ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍ പറയുന്ന കാര്യമുണ്ട്; വാണിജ്യ മേഖലകളില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുന്നത് ഇന്ന് എന്നത്തേക്കാളും വേഗത്തിലാണ് നടക്കുന്നത്. വിപണി വികേന്ദ്രീകരണം സാധ്യമാക്കിയില്ലെങ്കില്‍ വരുമാനം പൂര്‍ണമായും നിലച്ച മട്ടാവും. എന്നാല്‍ വികേന്ദ്രീകരണം സാധ്യമാക്കിയാല്‍ വരുമാനനഷ്ടം ഗണ്യമായ തോതില്‍ കുറക്കാനാകുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
2. ക്യാഷ് ഫ്‌ളോയ്ക്ക് പ്രാധാന്യം നല്‍കുക
ലാഭം പേപ്പറിലുണ്ടായിട്ട് കാര്യമില്ല. പ്രതിസന്ധികളെ അതിജീവിക്കാന്‍ പണം തന്നെ വേണം. ഏറ്റവും കുറഞ്ഞത് ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനച്ചെലവ് ക്യാഷ് റിസര്‍വായി വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡിലോയ്റ്റ് ഇക്കാര്യത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, കരുത്തുറ്റ റിസര്‍വുള്ള കമ്പനികള്‍ക്ക് മാന്ദ്യകാലത്തെ അതിജീവിക്കാനുള്ള കരുത്ത് ഇരട്ടിയാണെന്നാണ്.
3. വിലക്കുറവ് മാത്രമല്ല കാര്യം
വിലക്കുറവ് എവിടെയാണോ, അവിടെ നിന്ന് സാധനങ്ങള്‍ എത്തിക്കുകയെന്ന രീതിയില്‍ നിന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. മക് കിന്‍സി&കമ്പനിയുടെ പഠനം പറയുന്നത്, ഓരോ 3.7 വര്‍ഷത്തിലും മേജറായ സപ്ലൈ ഡിസ്റപ്ഷന്‍ നടക്കുന്നുവെന്നാണ്. വിലക്കുറവ് മാത്രം നോക്കിയാല്‍ തടസമില്ലാതെ അസംസ്‌കൃതവസ്തുക്കള്‍ ലഭിക്കണമെന്നില്ല. പല വിധത്തിലുള്ള സോഴ്സിങ് മേഖലകള്‍ തുറന്നിടുക. വില കൂടിയാലും സമീപ പ്രദേശങ്ങളില്‍ നിന്ന് സോഴ്സ് ചെയ്യാനുള്ള വാതില്‍ കൂടി തുറന്നിടുക.
4. ടെക്‌നോളജി രംഗത്ത് നിക്ഷേപം കൂട്ടുക
ടെക്നോളജി ഒരിക്കലും ആഡംബരമല്ല; അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള ബിസിനസുകള്‍ നിലനില്‍പിനായി നൂതന സാങ്കേതികവിദ്യകളുടെ പിന്‍ബലം തേടുന്നതിനാല്‍ ഗ്ലോബല്‍ ഐടി സ്പെന്‍ഡിങ് അഞ്ച് ട്രില്യന്‍ ഡോളര്‍ കവിയുമെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ നിഗമനം. ഡിജിറ്റലി കരുത്തുള്ള കമ്പനികള്‍ എതിരാളികളേക്കാള്‍ മൂന്ന് മടങ്ങിലധികം പ്രകടനം കാഴ്ചവെക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു.
5. തീരുമാനങ്ങള്‍ അതിവേഗത്തിെലടുക്കുക
അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് വളരെ പതുക്കെയാവുമ്പോള്‍, അതിന് നല്‍കേï വില വളരെ വലുതാകും. ബിസിനസിലെ എല്ലാ തീരുമാനങ്ങളും ഒരാളെ മാത്രം ആശ്രയിച്ചിരിക്കുന്ന രീതിയും മാറണം. ടീമിനെ ശാക്തീകരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിവേഗം തീരുമാനമെടുത്ത് മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കണം. ഇത് ബിസിനസുകളെ വഴക്കമുള്ളതാക്കും.
6. ഒന്നിലധികം സപ്ലയര്‍മാരെ ആ്രശയിക്കുക
ബിസിനസ് നടത്തിപ്പിന് സുപ്രധാനമായി വേണ്ട കാര്യങ്ങളില്‍ പലതിനും പരമ്പരാഗതമായി ഒരാളെ/ഒരു സ്ഥാപനത്തെ ആശ്രയിക്കുന്ന രീതി കാണാറുണ്ട്. ഓരോ പ്രതിസന്ധിഘട്ടങ്ങളും വിഭിന്നമായ രീതികളാണ് വ്യത്യസ്ത ബിസിനസുകളെ സ്വാധീനിക്കുക. ലോകത്തെ പ്രമുഖ കമ്പനികള്‍ ചൈന +വണ്‍ സ്ട്രാറ്റജി സ്വീകരിച്ചത് ഒരൊറ്റ രാജ്യത്തെ മാത്രം മാനുഫാക്ചറിങ്ങിനായി അമിതമായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറാനാണ്.
അതുപോലെ ഒരൊറ്റ വിതരണക്കാറെ മാത്രം ആശ്രയിക്കുന്നത് ഏത് ബിസിനസിനും റിസ്‌കാണ്.
7. ചെലവില്‍ വേണം കടുത്ത അച്ചടക്കം
നാണ്യപ്പെരുപ്പം പിടിവിട്ട് കേന്ദ്ര ബാങ്കുകള്‍ കടുത്ത തീരുമാനങ്ങള്‍ ഇനി എടുക്കാന്‍ തുടങ്ങും. രാജ്യാന്തര നാണയ നിധിയുടെ നിഗമനപ്രകാരം ആഗോള നാണ്യപ്പെരുപ്പം എട്ട് ശതമാനത്തിന് മുകളിലാകാന്‍ സാധ്യതയുണ്ട്. അതിവേഗത്തിലുള്ള ബിസിനസ് വിപുലീകരണത്തിന് പകരം കാര്യക്ഷമതയുള്ള വളര്‍ച്ചാപാത സ്വീകരിക്കുന്നതാണ് ഈ ഘട്ടത്തില്‍ ഉചിതം.
8. ടീമിന്റെ നൈപുണ്യം വര്‍ധിപ്പിക്കുക
ടീമിന്റെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ നിരന്തരം ശ്രമിക്കണം. 2027 ഓടെ 44 ശതമാനത്തോളം തൊഴില്‍ നൈപുണ്യങ്ങളില്‍ വലിയ തോതില്‍ മാറ്റം വരുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം ചൂണ്ടിക്കാട്ടുന്നത്. പണ്ട് അനിവാര്യമായിരുന്ന പല കഴിവുകളും ഇപ്പോള്‍ പുതിയ തൊഴിലിടത്തില്‍ വേണ്ട. നിരന്തരമായ നൈപുണ്യ വികസനം കൊïുമാത്രമെ ബിസിനസുകള്‍ക്ക് ദീര്‍ഘകാല മത്സരാധിഷ്ഠിത സ്വഭാവം കൈവരിക്കാനാവൂ.
9. സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പ്ലാനിങ്
ബിസിനസ് നടത്തിപ്പിന് അനുകൂലമായ സാഹചര്യം ചിലപ്പോള്‍ മുന്നിലുണ്ടാകാം. ചിലപ്പോള്‍ അങ്ങേയറ്റം മോശമായ സാഹചര്യമാകാം. ഇതേതായാലും ബിസിനസ് മുന്നോട്ടുപോകണം. അതിനനുസരിച്ചുള്ള പ്ലാനിങ് വേണം. പല കമ്പനികളും Btse, Worst, Moderate സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് വ്യത്യസ്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ചകിതരായി തീരുമാനമെടുക്കേണ്ട ഘട്ടങ്ങള്‍ ഇതിലൂടെ ഒഴിവാകും. മാത്രമല്ല സാഹചര്യം വഷളാവുന്നുവെന്ന് കണ്ടാല്‍ അതിവേഗത്തില്‍ പ്രതികരിക്കാനും സാധിക്കും.
10. പ്രതിസന്ധികെള അവസരമാക്കുക
ഏതൊരു ഡിസ്റപ്ഷനും പുതിയൊരു വിപണി തുറക്കുന്നുണ്ട്. ആ വിപണിയിലേക്കാവണം കണ്ണ്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ ഇന്ത്യ മികച്ച വളര്‍ച്ച കൈവരിച്ചിരുന്നു. അതായത് ആഗോള വിപണി തളര്‍ന്നപ്പോള്‍ ആഭ്യന്തര വിപണിയില്‍ ഉണര്‍വുണ്ടായി. തളര്‍ച്ചയുടെ കാലത്ത് സ്മാര്‍ട്ടായി, കഠിനമായി അധ്വാനിക്കുന്ന കമ്പനികളാണ് ആ ഘട്ടം കഴിയുമ്പോള്‍ വിപണി നായകരായി മാറുന്നത്.
പല ദുരന്തങ്ങളും നമുക്ക് ഒഴിവാക്കാനാവില്ല. അപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും? അവസരങ്ങളിലേക്ക് നോക്കണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുണ്ടുകൂടിയപ്പോള്‍ തന്നെ എന്റെ ഉല്‍പന്നങ്ങള്‍ക്ക് വേï അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ക്ഷാമവും മുന്‍കൂട്ടി കാണാന്‍ സാധിച്ചു. അതിനനുസരിച്ച് അപ്പോള്‍ തന്നെ സംഭരണം നടത്തി. ബിസിനസുകാര്‍ ലോകത്ത് എവിടെയൊക്കെ, എന്തൊക്കെ നടക്കുന്നുവെന്നതുകൂടി അറിയണം. എങ്കില്‍ മാത്രമെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ.
സീജോ പോന്നോര്‍, എംഡി, അക്വാസ്റ്റാര്‍
ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബിസിനസ് കിട്ടിയത് കോവിഡ് കാലത്താണ്. കാരണം, അന്ന് ആളുകള്‍ വീട്ടില്‍ അടഞ്ഞിരുന്നപ്പോള്‍ ഒരു മാറ്റം ആഗ്രഹിച്ചു. ഞങ്ങളുടെ പ്രോപ്പര്‍ട്ടികളിലേക്ക് വന്നു. ഇന്ന് പശ്ചിമേഷ്യന്‍ യുദ്ധമാണ്. ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്ര ആളുകള്‍ മാറ്റിവെച്ചിട്ടുണ്ട്. പകരം അവര്‍ ആഭ്യന്തര യാത്രകള്‍ നടത്തി. അതുകൊണ്ട് ഇപ്പോഴും ഞങ്ങള്‍ക്ക് നല്ല ബിസിനസ് നടത്താന്‍ പറ്റുന്നുണ്ട്. ഓരോ കാലത്തും ഇതുപോലെ സംഭവങ്ങള്‍ അരങ്ങേറും. ആ സംഭവങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും നോക്കിയാല്‍ മാനസികമായി നമ്മള്‍ തന്നെ തകര്‍ന്നുപോകും. പകരം ടണലിന് അപ്പുറം കാണുന്ന പ്രകാശത്തിലേക്ക് നോക്കിനടക്കൂ. എപ്പോഴും ഫോക്കസ് നല്‍കേണ്ടത് അവസരങ്ങള്‍ക്കാണ്. ബുദ്ധിമുട്ടുകള്‍ക്കല്ല.
ജോസ് ടി രാമപുരം, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, ഇവോള്‍വ് ബാക്ക് റിസോര്‍ട്സ്
സംരംഭകനാകുന്ന വ്യക്തിക്ക് അസാമാന്യമായ ഉള്‍ക്കാഴ്ചയുണ്ടാകും. ഒരിടത്ത് ഒരു പ്രശ്നം തലപൊക്കുമ്പോള്‍ തന്നെ അതെങ്ങനെ വളരും, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ എന്നൊക്കെ അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ സാധിക്കും. ഇപ്പോള്‍ സങ്കീര്‍ണതകള്‍ കൂടി. സംരംഭകരില്‍ പലര്‍ക്കും എങ്ങനെ, ഏത് മാര്‍ഗത്തില്‍ സഞ്ചരിക്കണമെന്ന വ്യക്തതയും കിട്ടാത്ത സ്ഥിതിയുണ്ട്. ആശയക്കുഴപ്പം വരുമ്പോള്‍ അത് പരിഹരിക്കാന്‍ എത്രയും വേഗം ശ്രമിക്കണം. അനുയോജ്യരായ കണ്‍സള്‍ട്ടന്റുമാരുടെ സേവനം സംരംഭകര്‍ തേടേïത് ബിസിനസുകളുടെ നിലനില്‍പിനും വളര്‍ച്ചക്കും അനിവാര്യമാകുന്നത് അതുകൊണ്ടാണ്.
ശ്രീജിത് കുനിയില്‍, ഫൗണ്ടര്‍ & എംഡി, ട്രൂലെഗസി
പ്രതിസന്ധികള്‍ എല്ലാ കാലത്തുമുണ്ടാകും. അതിന്റെ രൂപവും ഭാവവും മാത്രമെ മാറുന്നുള്ളൂ. മൂന്ന് കാര്യങ്ങളാണ് ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ടത്. 1. റിസര്‍വ് ഫണ്ട് കയ്യില്‍ വേണം. എങ്കില്‍ മാത്രമെ മോശം നാളുകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. 2. ഒരുകാലത്തും ആര്‍ഭാടം പാടില്ല. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവിട്ടാല്‍ റിസര്‍വ് ഫണ്ട് സൃഷ്ടിക്കാന്‍ സാധിക്കില്ല. 3. ടെക്നോളജി സാധ്യമായത്ര ഉപയോഗിക്കുക. ടെക്നോളജിയില്ലാതെ ബിസിനസിന് നിലനില്‍ക്കാനോ വളരാനോ സാധിക്കില്ല.
ടി.എസ് കല്യാണരാമന്‍, എംഡി, കല്യാണ്‍ ജുവേല്ലഴ്സ്
(Originally published in Dhanam Magazine April 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine