നിങ്ങളുടെ ബ്രാന്‍ഡിന്റെ നിറമെന്ത്?

എന്തുകൊണ്ടാണ് ട്രാഫിക് സിഗ്നലുകളില്‍ ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയുള്ള നിറങ്ങള്‍ ഉപയോഗിക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇവയ്ക്ക് പകരമായി 'Stop, Proceed with care, Go എന്നിങ്ങനെ എഴുതിയ എല്‍.ഇ.ഡി (LED) ബോര്‍ഡുകള്‍ മതിയാവില്ലേ?

മനുഷ്യന് വാക്കുകളെക്കാളും നിശ്ചല ചിത്രങ്ങളെക്കാളും വേഗത്തില്‍ മനസിലാക്കുവാനും ഓര്‍മയില്‍ പതിച്ചുവെക്കുവാനും കഴിയുന്നത് നിറങ്ങളെയാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാള്‍ക്കുപോലും ചുവപ്പ് നിറം അപകടസൂചകമാണെന്ന് മനസിലാകുന്നു എന്നത് തന്നെ വര്‍ണങ്ങളുടെ വിനിമയ ശക്തിയെ എടുത്ത് കാണിക്കുന്നു.

നിറങ്ങള്‍ പറയും ബ്രാന്‍ഡിനെ കുറിച്ച്

നിങ്ങളില്‍ പലരും കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ കടുത്ത ആരാധ

കരായിരിക്കും. ഈ ബ്രാന്‍ഡിന്റെ കവറിന്റെ നിറമായ ഒരുതരം പര്‍പ്പിള്‍ നിങ്ങള്‍ വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സംശയമാണ്, കാരണം പാന്റോണ്‍ 2685 c (Pantone 2685 c) എന്ന ആ നിറം കാഡ്ബറിയുടെ ട്രേഡ്മാര്‍ക്കാണ്!. (പാന്റോണ്‍ എന്നത് അനുയോജ്യമായ നിറങ്ങള്‍ തെരഞ്ഞെടുക്കാവന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന സ്ഥാപനമാണ്. അവരുടെ ഓരോ നിറങ്ങള്‍ക്കും നാലക്ക നമ്പറുകള്‍ നല്‍കി വ്യത്യാസപ്പെടുത്തിയിരിക്കുന്നു. ഇവ സ്വന്തമാക്കുന്ന ബ്രാന്‍ഡുകള്‍ക്കാകട്ടെ, ആ നിറങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയും പാന്റോണ്‍ ഉറപ്പ് നല്‍കുന്നു).

നിറങ്ങളുടെ സാധ്യതകള്‍ ഉല്‍പ്പന്ന/സേവന ബ്രാന്‍ഡിംഗില്‍ പലവിധത്തിലാണ് കമ്പനികള്‍ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ലോഗോയിലുള്ള നിറങ്ങളുടെ ഉപയോഗമാണ് ഒരുപക്ഷെ നമുക്കേറ്റവും സുപരിചിതം. ശക്തിയും ആകര്‍ഷകത്വവും സൂചിപ്പിക്കാനായി ഫോര്‍ഡ് തങ്ങളുടെ ലോഗോയില്‍ നീലനിറം പയോഗിച്ചിരിക്കുന്നു. കാഡ്ബറിയും ലക്ഷ്വറി ജൂവല്‍റി ബ്രാന്‍ഡായ ടിഫാനിയും പയോഗിക്കുന്നതുപോലെ ആകര്‍ഷകമായി പായ്ക്കിംഗില്‍ നിറം ചെയ്യുന്നതാണ് മറ്റൊരു ഉപയോഗം.

ഉല്‍പ്പന്നത്തിന്റെ ചില ഭാഗങ്ങളിലോ അല്ലെങ്കില്‍ മുഴുവനായോ തങ്ങളുടെ ട്രേഡ്മാര്‍ക്ക് നിറങ്ങള്‍ നല്‍കുന്ന രീതിയും നിലവിലുണ്ട്. ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ ക്രിസ്റ്റ്യന്‍ ലബോട്ടിന്റെ (Christian Laboutin) ആഗോളപ്രശസ്തമായ ലബോട്ടിന്‍ (Laboutin) ചെരുപ്പുകളുടെ അടിഭാഗത്ത് ഉപയോഗിക്കുന്ന 'പാന്റോണ്‍ 18-1663' (Pantone 18-1663) എന്ന നിറം വളരെ പ്രശസ്തമാണ്. മറ്റൊന്ന്, ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ നിറം തന്നെ തൊഴിലാളികളുടെ യൂണിഫോമില്‍ ഈര്‍ഷ്യത തോന്നാത്തവിധം ഉപയോഗിക്കുക എന്നതാണ്. അമേരിക്കന്‍ റീറ്റെയ്ല്‍ ശൃംഖലയായ ഹോം ഡിപ്പോ (Home depot) തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ലോഗോയുമായി ബന്ധപ്പെടുത്തിയ യൂണിഫോമാണ്. നമ്മുടെ നാട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈയിടെ പ്രചാരത്തില്‍ വന്ന രീതി കൂടിയാണിത്.

എളുപ്പത്തില്‍ മനം കവരാം

എന്തുകൊണ്ടായിരിക്കാം നിറങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം ബ്രാന്‍ഡുകള്‍ നല്‍കുന്നത്.? ഗവേഷണങ്ങളുടെ പിന്‍ബലമുള്ള കാരണങ്ങള്‍ പലതാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലൊക്കെ, മറ്റൊരുപാട് ബ്രാന്‍ഡുകളോട് മല്‍സരിച്ചു കൊണ്ടിരിക്കുമ്പോള്‍, ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ആകര്‍ഷകമായ നിറങ്ങള്‍ ബ്രാന്‍ഡുകളെ സഹായിക്കുന്നു.

അമേരിക്കന്‍ ബ്രാന്‍ഡായ കാറ്റര്‍പില്ലര്‍ (Caterpillar) എക്‌സ്‌കവേറ്ററുകള്‍ (Excavator) കണ്ടിട്ടുള്ളവരാണല്ലോ നമ്മള്‍. (ജെ.സി.ബി എന്നും പൊക്ലീന്‍ എന്നുമൊക്കെയാണ് ഇതിന്റെ നാട്ടുഭാഷ!) മണ്ണിലും ചെളിയിലും സദാസമയവും ചേറില്‍ കുളിച്ച് നില്‍ക്കുകയാണെങ്കിലും ഈ വാഹനങ്ങളെ നമ്മള്‍ ശ്രദ്ധിക്കാതിരിക്കില്ല. ഇതിനുള്ള പ്രധാന കാരണം, 'കാറ്റര്‍പില്ലര്‍ യെല്ലോ' എന്ന മഞ്ഞ ട്രേഡ്മാര്‍ക്ക് നിറം ആണ്. ഇത്തരത്തില്‍ ബ്രാന്‍ഡുകളിലേക്ക് ഏതവസരത്തിലും ഉപഭോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ നിറങ്ങളുടെ ഉപയോഗം സഹായകമാകാറുണ്ട്.

ബ്രാന്‍ഡ് നിറങ്ങള്‍ ഉപഭോക്താവിന്റെ മനസില്‍ സന്ദേശങ്ങളും അര്‍ത്ഥങ്ങളും ആശയങ്ങളും പകരാനായും നിലകൊള്ളുന്നു. ഉദാഹരണത്തിന്, കൊക്കകോളയുടെയും റെഡ്ബുളിന്റെയും ചുവപ്പ് നിറത്തിലുള്ള ലോഗോയും അനുബന്ധ പായ്ക്കിംഗ് - ലേബലിംഗ് രീതികളും നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ, ഉല്‍സാഹവുംകര്‍മോല്‍സുകതയും ആത്മവിശ്വാസവുമൊക്കെയാണ് ചുവപ്പ് നിറം പറയാതെ പറയുന്നതെന്ന് പല പഠനങ്ങളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

ഇതുപോലെ, ഓരോ നിറവും മനശാസ്ത്രപരമായി വ്യത്യസ്ത രീതിയില്‍ ഉപഭോക്താക്കളുമായി സംവദിക്കാന്‍ കഴിവുള്ളവയാണ്. അങ്ങനെയാണെങ്കില്‍, ഒന്നിലധികം നിറങ്ങള്‍ സംയോജിപ്പിച്ചിട്ടുള്ള ഗൂഗിള്‍, ഇ-ബേ തുടങ്ങിയ ബ്രാന്‍ഡ് ലോഗോകള്‍ എന്ത് സന്ദേശമായിരിക്കും നല്‍കുന്നത്? വിവിധങ്ങളായ സാധ്യതകളെന്നോ, പരിമിതികളില്ലാത്തതെന്നോ ഒക്കെയാവും ബ്രാന്‍ഡ് മാനേജര്‍മാര്‍ ഇതിലൂടെ പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ബ്രാന്‍ഡിന്റെ സവിശേഷത കാത്തുസൂക്ഷിക്കുന്നതിലും അതേസമയം തന്നെ എടുത്തുകാണിക്കുന്നതിലും നിറങ്ങളുടെ പങ്ക് വളരെ വലുതാണ്. ജൂവല്‍റി ബ്രാന്‍ഡായ ടിഫാനി (Tiffany & Co) യുടെ ട്രേഡ്മാര്‍ക്കായ ടിഫാനി ബ്ലൂ (Tiffany Blue) ലക്ഷ്വറിയുടെ തന്നെ പര്യായമായി മാറിക്കഴിഞ്ഞു. 3ങ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ബ്രാന്റായ പോസ്റ്റ് ഇറ്റ് നോട്ടിന്റെ കാനറി മഞ്ഞപോലെ ഉള്ള നിറവും ട്രേഡ്മാര്‍ക്കാണ്. തൊണ്ണൂറുകളുടെ അവസാനത്തില്‍ 3 M മൈക്രോസോഫ്റ്റുമായി ഒന്ന് കൊമ്പ്‌കോര്‍ത്തു. എന്തിനെന്നോ? ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകളില്‍ ഇതേ നിറമുള്ള നോട്ട് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്നു പറഞ്ഞ്!

ബ്രാന്‍ഡ് വര്‍ണങ്ങളുടെ എടുത്ത് പറയേണ്ട മറ്റൊരു ഗുണം ബ്രാന്‍ഡിംഗിനുപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു നിറം എവിടെ കണ്ടാലും ഉപഭോക്താവിന്റെ മനസിലേക്ക് വരുന്നത് ആ ബ്രാന്‍ഡ് തന്നെ ആകുമെന്നതാണ്. സ്റ്റാര്‍ബക്‌സ് സേവനങ്ങള്‍ ഉപയോഗിക്കുന്നൊരാള്‍ക്ക് അവയുടെ ട്രേഡ് മാര്‍ക്ക് പച്ചയുമായി സാമ്യമുള്ള ഏതൊരു പച്ച കണ്ടാലും ആ ബ്രാന്‍ഡായിരിക്കും മനസിലേക്ക് ഓടിയെത്തുന്നത്. യാതൊരു ചെലവുമില്ലാതെ ബ്രാന്‍ഡിനെക്കുറിച്ചൊരു ഓര്‍മപ്പെടുത്തല്‍ കൂടി ഇതിലൂടെ സാധ്യമാകുന്നു.

നിറങ്ങള്‍ വിതറി ഇന്ത്യന്‍ കമ്പനികളും

ഈയിടെയായി ഇന്ത്യന്‍ ബ്രാന്‍ഡുകളും നിറങ്ങളിലൂടെ ഉള്ള ബ്രാന്‍ഡിംഗ് രീതികളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ബ്രാന്‍ഡിംഗിനുപയോഗിക്കുന്ന നിറങ്ങള്‍ അടിക്കടി മാറ്റുക എന്നൊരു ആപല്‍കരമായ പ്രവണത കൂടി ഇവിടെ കാണുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അവരുടെ വര്‍ണങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്ന് തന്നെയാണ് ഈ മേഖലയില്‍ ഉള്ളവരുടെ വിലയിരുത്തല്‍.

മാതൃകയായി അവര്‍ കൊറിയര്‍ ബിസിനസിലെ ആഗോള ഭീമനായ യുപി.എസ്സിനെ (UPs) നെ എടുത്ത് കാണിക്കുന്നു. ഈ കമ്പനി അവരുടെ പരസ്യവാചകത്തില്‍ നിന്ന് കമ്പനി പേര് മാറ്റി, അവരുടെ ബ്രാന്‍ഡ് നിറം തന്നെ സൂചിപ്പിക്കുന്നു. 'What can brown do for you' എന്നതാണ് അവരുടെ പരസ്യവാചകം, നല്ലൊരു നിറം തെരഞ്ഞെടുത്താല്‍ മാത്രം മതിയോ നിങ്ങളുടെ ബ്രാന്‍ഡിന്? പോരെന്നാണ് ഗവേഷകര്‍ പറയുന്നത്. ആ നിറത്തിന് ശ്രദ്ധ ക്ഷണിക്കുന്നൊരു പേര് കൂടി കൊടുക്കണമേ്രത! കാര്‍ ഷോറൂമുകളില്‍ ചെല്ലുമ്പോള്‍ 'വൈന്‍ റെഡും' 'പേള്‍ വെറ്റും' 'മൂണ്‍ലൈറ്റ് സില്‍വറും' 'മിഡ്‌നൈറ്റ് ബ്ലാക്കും' 'ഷാംപെയ്ന്‍ ഗോള്‍ഡുമെല്ലാം' നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് വെറുതെയല്ല അല്ലേ?

Prof. Joshy Joseph & Aravind Raghunathan
Prof. Joshy Joseph & Aravind Raghunathan  

കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ്. ബിസിനസ് കൺസൾട്ടിങ് രംഗത്തും ശ്രദ്ധേയനാണ്. e-mail: joshyjoseph@iimk.ac.in / കോഴിക്കോട് ഐഐഎമ്മിലെ മാർക്കറ്റിംഗ് വിഭാഗം ഗവേഷക വിദ്യാർത്ഥിയാണ്. പ്രമുഖ ബിസിനസ് ക്വിസ് മാസ്റ്റർ കൂടിയാണ്. e-mail: arvinddr08fpm@iimk.ac.in

Related Articles
Next Story
Videos
Share it