ബിസിനസ് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ഇതാ ഒരു ചെക്ക് ലിസ്റ്റ്

പല ബിസിനസുകളും പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് തടസ്സങ്ങളും കൊഴിഞ്ഞുപോക്കും എല്ലാം ഏത് സ്ഥാപനങ്ങളിലുമുണ്ടാകും. ഈ അവസരത്തില്‍ ടീമിനെ ഒന്നിച്ചു കൊണ്ടുവരാനും ബിസിനസിനെ ഉത്തേജിപ്പിക്കാനും എളുപ്പത്തില്‍ സാധ്യമാകണമെന്നില്ല. എങ്കിലും ബിസിനസ് പൂര്‍ണതോതില്‍ ആകാന്‍ എല്ലാ ഘടകങ്ങളും ഒരു പോലെ ശരിയാകുക എന്നത് പ്രധാനമാണ്. ബിസിനസ് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകരാണ് നിങ്ങളെങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യണം.

ഒരു ടീം കള്‍ച്ചര്‍ വളര്‍ത്തി കൊണ്ട് വരുക
നല്ലൊരു ശതമാനം ബിസിനസുകളിലും അതിന്റെ സാരഥി സൂപ്പര്‍ ഹീറോ ആകുന്ന കാഴ്ച ആണ് നമ്മുടെ നാട്ടില്‍ പൊതുവെ കണ്ടു വരുന്നത്. കച്ചവടം നടന്നില്ലെങ്കിലും, കടമെടുത്തിട്ടായാലും ചെലവെല്ലാം നടത്തി കൊണ്ട് പോകുന്ന ഒരു ബിസിനസ്് ഉടമ എന്ന വല്യേട്ടനെ ആണ് പലയിടത്തും കാണാന്‍ കഴിയുക. ബിസിനസിന്റെ ചക്രം ഉരുളല്‍ നിലച്ചപ്പോള്‍ പലരും ഈ ഒരു സമ്പ്രദായത്തിന്റെ പാളിച്ചകള്‍ തിരിച്ചറിഞ്ഞു എന്നതാണ് വസ്തുത.
ബിസിനസ് മുന്നോട്ടു ചലിക്കേണ്ടത് ബിസിനസ്് ഉടമയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ചു ടീമിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. ഈ സത്യം ബോധ്യപ്പെടുത്തി നല്ല ഒരു ടീം കള്‍ച്ചര്‍ സ്ഥാപനത്തില്‍ കൊണ്ടുവരിക എന്നതായിരിക്കണം ആദ്യ പടി.
എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോസിജിയര്‍ (SOP) ഉണ്ടെന്നു ഉറപ്പു വരുത്തി മുന്നോട്ടു പോയാല്‍ നല്ല ഒരു കള്‍ച്ചര്‍ നമ്മുടെ സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും.
സാമ്പത്തിക അച്ചടക്കം കൊണ്ട് വരിക
നമ്മുടെ സ്ഥാപനത്തില്‍ ചെലവുകള്‍ ചുരുക്കി നല്ലൊരു സാമ്പത്തിക അച്ചടക്കം കൊണ്ടുവരിക എന്നുള്ളതാണ് അടുത്ത പടി. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍, പല ചെലവുകളും ധൂര്‍ത്തായിരുന്നു എന്ന തിരിച്ചവറിവ് നമുക്ക് ലഭിക്കും. ഓഫിസ് വരെ ഒരു ആഡംബരം ആയിരുന്നു എന്ന തിരിച്ചറിവ് പലര്‍ക്കും ലഭിച്ചു. കൂടാതെ അനാവശ്യ യാത്രകള്‍, മറ്റു ചെലവുകള്‍ എല്ലാം ചുരുക്കാന്‍ കഴിയുന്നവയാണ് എന്ന തിരിച്ചറിവ് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
കോവിഡ് അനന്തര ലോകം, കൈയില്‍ പണമുള്ളവന്റെ കൂടി ലോകം ആയിരിക്കും. അവിടെ പണമുള്ളവന് നല്ല വിലപേശല്‍ ശേഷി കാണും. മാത്രമല്ല പുതിയ വായ്പകള്‍ ലഭിക്കുക എന്നത് ഏറെ കുറെ അസാധ്യമാവുകയും ചെയ്യും.
കോണ്‍ട്രാക്ടുകള്‍ പുതുക്കുക .
ലോക്ക്ഡൗണ്‍ കാലത്തിന് മുമ്പ് നല്ല ബിസിനസും വിറ്റുവരവും ഉള്ളത് കൊണ്ട് പല ദീര്‍ഘകാല കോണ്‍ട്രാക്ടുകളിലും ഏര്‍പ്പെട്ടിട്ടുണ്ടാകും. ഇതെല്ലാം അതുമായി ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ചു പുതുക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കെട്ടിട വാടക ഇനത്തില്‍ ഒക്കെ ഇങ്ങനെ ആദ്യ മാസം മുതലേ കുറവ് വരുത്തുവാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക.
മറ്റൊന്നാണ് ജീവനക്കാരുടെ ശമ്പളവും അവരുമായുള്ള കോണ്‍ട്രാക്ടുകളും. നമ്മുടെ ജീവനക്കാരെ എല്ലാം അതെ പടി നിലനിര്‍ത്തി മുന്നോട്ട് പോവുക അസാധ്യമാണെന്ന കാര്യം അവരോട് പറഞ്ഞു ബോധ്യപ്പെടുത്തുക. പിരിച്ചു വിടല്‍ പോലെയുള്ള നടപടികളിലേക്ക് ഉടന്‍ തന്നെ പോയില്ലെങ്കിലും അവരുടെ വേതന വ്യവസ്ഥകളിലും മറ്റും ഒരു പുനര്‍ വിചിന്തനം ആവശ്യമാണ് .
മള്‍ട്ടി ടാസ്‌കിങ് ചെയ്യാന്‍ ജീവനക്കാരെ ശാക്തീകരിക്കുക
നമ്മുടെ സ്ഥാപനത്തിലെ പല നിയമനങ്ങളും ആവശ്യമില്ലാത്തതായിരുന്നു എന്ന തിരിച്ചറിവ് ലോക്ക്ഡൗണ്‍ കാലത്തെ ചില ബിസിനസ് അനുഭവങ്ങളില്‍ നിന്നും മനസ്സിലായിട്ടുണ്ടാവും. അതുപോലെ തന്നെ പല ജീവനക്കാരും അവരുടെ കഴിവിന്റെ പകുതി പോലും ഉപയോഗിക്കുന്നില്ല. ബിസിനസ്് റീസ്റ്റാര്‍ട് ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ എല്ലാ ജീവനക്കാരെയും ഒരു റീ ഇന്റര്‍വ്യൂ പ്രോസസ്സ് വഴി കടത്തി വിട്ട്, അവരെ ഒന്ന് അപ്സ്‌കില്‍ ചെയ്ത്, അവരുടെ കഴിവുകള്‍ പരമാവധി നമ്മുടെ ബിസിനസിന്റെ വളര്‍ച്ചക്ക് ഉപകാരപ്പെടുത്തുവാന്‍ ശ്രമിക്കുക.
സാധ്യമായത്ര ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുക
റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ ഒക്കെ ഏറെ വിപുലമാകുന്ന കാലമാണിത്. സ്ഥിരമായി ഒരേ രീതിയില്‍ ചെയ്യുന്നവ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്ന ഓട്ടോമേഷനിലേക്കു മാറും വിധം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. എന്ത് ചെലവും സൂക്ഷിച്ചു വേണം. അതുകൊണ്ട് ലാഭ നഷ്ട കണക്കു കൂട്ടലുകള്‍ കൃത്യമായി തന്നെ അവലോകനം ചെയ്തതിനു ശേഷം മാത്രം തുടങ്ങുക.
ഇങ്ങിനെ നമ്മുടെ ബിസിനസിനെ മൊത്തത്തില്‍ ഒന്ന് ക്ലീന്‍ അപ്പ് ചെയ്യുവാന്‍ ഉള്ള അവസരമായി ഇതിനെ കാണണം. തിരിച്ചുവരവ് വിജയകരമാക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും കോവിഡ് അനന്തര ലോകം മുന്നില്‍ വെയ്ക്കുന്ന നിരവധി സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.


Related Articles
Next Story
Videos
Share it