

ബിസിനസ് ലോകത്ത് വളര്‍ച്ചയാണ് ഏറ്റവും വലിയ ലഹരി. അത് ആവേശമുണ്ടാക്കുന്നു, നമ്മുടെ ഈഗോയെ തൃപ്തിപ്പെടുത്തുന്നു, ബോര്‍ഡ് മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യാന്‍ നല്ലൊരു വിഷയവുമാണ്. എന്നാല്‍ പല സംരംഭകരെയും സംബന്ധിച്ച് ഈ വളര്‍ച്ച തന്നെയാണ് അവരുടെ തകര്‍ച്ചക്കും കാരണമാകുന്നത്.
പെട്ടെന്ന് വരുമാനം കൂടുന്നതാണ് ആരോഗ്യകരമായ ബിസിനസ് എന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമുള്ളത്. ഒടുവില്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ ശ്വാസംമുട്ടുമ്പോഴാണ് അവര്‍ക്ക് യാഥാര്‍ത്ഥ്യം മനസിലാകുന്നത്.
യുഎഇയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനായ എന്റെ ഒരു ക്ലയ്ന്റിന് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. കോവിഡിന് ശേഷം അവര്‍ക്ക് വലിയ അവസരങ്ങള്‍ ലഭിച്ചു. ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടി. അവര്‍ ലാഭമുണ്ടാക്കുന്ന, പോസിറ്റീവ് ക്യാഷ് ഫ്‌ളോ ഉള്ള ഒരു 'സ്റ്റേജ് 3' കമ്പനിയായിരുന്നു. എന്നിട്ടും അവര്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തി.
അതിന്റെ കാരണം മനസിലാക്കാന്‍ നമ്മള്‍ ആദ്യം ഒരു ബിസിനസിന്റെ ആറ് ഘട്ടങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
ബിസിനസിന്റെ പക്വത അളക്കുന്നത് അത് എത്ര വര്‍ഷം പ്രവര്‍ത്തിച്ചു എന്നതിലല്ല; മറിച്ച് ലാഭവും പണവും തമ്മിലുള്ള യാന്ത്രിക ബന്ധത്തെ അടിസ്ഥാനമാക്കിയാണ്.
ഘട്ടം 1: ക്യാഷ് ഫ്ളോ നെഗറ്റീവ് (അപകട മേഖല).
ഘട്ടം 2: ക്യാഷ് ഫ്ളോ പോസിറ്റീവ്. എന്നാല്‍ പ്രവര്‍ത്തന നഷ്ടം നേരിടുന്നു.
ഘട്ടം 3: ക്യാഷ് ഫ്ളോയും ലാഭവും പോസിറ്റീവ്. എന്നാല്‍ കുറഞ്ഞ മൂലധന ലാഭം (ഞഛഇഋ).
ഘട്ടം 4: പോസിറ്റീവ് ക്യാഷ് ഫ്ളോയും ലാഭവും ഉയര്‍ന്ന ഞഛഇഋഉം ഉണ്ട്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണ്.
ഘട്ടം 5: പോസിറ്റീവ് ക്യാഷ് ഫ്ളോ, ലാഭം, ഉയര്‍ന്ന ഞഛഇഋ എന്നിവയുണ്ട്. പക്ഷേ വൈവിധ്യവല്‍ക്കരണമില്ല.
ഘട്ടം 6: പോസിറ്റീവ് ക്യാഷ് ഫ്ളോ, ലാഭം, ഉയര്‍ന്ന ഞഛഇഋ എന്നിവക്കൊപ്പം വൈവിധ്യവല്‍ക്കരിക്കപ്പെട്ട ബിസിനസ്.
ഇവിടെയുള്ള കെണി പരിവര്‍ത്തന ഘട്ടത്തിലാണ്. നിങ്ങള്‍ മൂന്നാം ഘട്ടത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ 'ക്യാഷ് ഗ്യാപ്' നിയന്ത്രിക്കാതെ വളര്‍ച്ചക്ക് പിന്നാലെ പോയാല്‍, നാലാം ഘട്ടത്തിലേക്ക് മുന്നേറുന്നതിന് പകരം ഒന്നാം ഘട്ടത്തിലേക്ക് കൂപ്പുകുത്തും.
എന്റെ ക്ലയ്ന്റിന്റെ പ്രശ്നം ഘടനാപരമായിരുന്നു. യുഎഇയിലെ നിര്‍മാണ മേഖലയില്‍ ഉപഭോക്താക്കള്‍ പലപ്പോഴും 150 ദിവസമോ, അതില്‍ കൂടുതലോ ക്രെഡിറ്റ് കാലാവധി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ അസംസ്‌കൃത വസ്തു ക്കള്‍ നല്‍കുന്ന സപ്ലയര്‍മാര്‍ക്ക് 60 ദിവസത്തിനുള്ളില്‍ പണം നല്‍കണം. ഇത് 90 ദിവസത്തെ ഒരു 'ബ്ലാക്ക് ഹോള്‍' സൃഷ്ടിക്കുന്നു. ഒരു വലിയ പ്രോജക്റ്റ് ഏറ്റെടുക്കുമ്പോള്‍ ഉപഭോക്താവില്‍ നിന്ന് പണം ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സപ്ലയര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പണം നല്‍കേണ്ടി വരുന്നു.
ഇതിനെയെല്ലാം കൂടുതല്‍ സങ്കീര്‍ണമാക്കിയത് ബാങ്ക് വായ്പകള്‍ എടുക്കില്ലെന്ന കര്‍ശന തീരുമാനമായിരുന്നു.കടമില്ലാത്ത ബിസിനസ്, സ്വാതന്ത്ര്യം നല്‍കുകയും പലിശഭാരം ഇല്ലാതാക്കുകയും ചെയ്യുമെങ്കിലും പ്രവര്‍ത്തന മൂലധനത്തിന് ബാങ്കുകളെ ആശ്രയിക്കാത്തത് വലിയൊരു വെല്ലുവിളിയായി മാറി. 90 ദിവസത്തെ ഈ വിടവ് നികത്താന്‍ ബാങ്ക് സഹായമില്ലാത്തതിനാല്‍, ബിസിനസില്‍ കൈവശമുള്ള പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉയര്‍ന്ന ലാഭമുള്ള ഇത്തരം പ്രോജക്റ്റുകള്‍ ഒരുപാട് ഏറ്റെടുത്താല്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ ലാഭത്തിലുള്ള ഏത് കമ്പനിയും പാപ്പരാകും.
എപ്പോഴും ഉയര്‍ന്ന ലാഭമുള്ള പ്രോജക്റ്റുകള്‍ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് പൊതുവായ രീതി.എന്നാല്‍, ഉയര്‍ന്ന വളര്‍ച്ചയും വലിയ തോതിലുള്ള കടം കൊടുക്കലുകളും നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍, ബാങ്ക് വായ്പ എടുക്കില്ലെന്ന കര്‍ശനമായ തീരുമാനവുമായി മുന്നോട്ടുപോകുന്നത് വലിയൊരു ദുരന്തത്തിന് വഴിവെക്കും. അതിനാല്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ഒരു 'കോണ്‍ട്രേറിയന്‍' രീതി നടപ്പിലാക്കി.
കൂടുതല്‍ ലാഭമുള്ളതും, എന്നാല്‍ പണം കിട്ടാന്‍ വൈകുന്നതുമായ പ്രോജക്റ്റുകള്‍ക്ക് പകരം കുറഞ്ഞ ലാഭമുള്ളതും എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പണം ലഭിക്കുന്നതുമായ ചില പ്രോജക്റ്റുകള്‍ ഏറ്റെടുത്തു.എന്തുകൊണ്ട്? കാരണം, ലാഭം കുറവാണെങ്കിലും അതില്‍ നിന്ന് പണം വേഗത്തില്‍ ലഭിക്കുമായിരുന്നു. വേഗത്തില്‍ പണം ലഭിക്കുന്ന ഈ 30 ദിന ലോ ക്രെഡിറ്റ് പ്രോജക്റ്റുകളില്‍ നിന്നുള്ള വരുമാനം കൂടുതല്‍ ലാഭമുള്ള വലിയ പ്രോജക്റ്റുകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനമായി മാറി. ബാങ്ക് വായ്പക്ക് പകരം ഞങ്ങളുടെ വില്‍പനയുടെ ഘടന മാറ്റിക്കൊണ്ട് ഞങ്ങള്‍ വളര്‍ച്ചക്ക് പണം കണ്ടെത്തി.
ഈ ചിട്ടയായ ഘട്ടംഘട്ടമായുള്ള രീതി കൃത്യമായി നടപ്പിലാക്കിയപ്പോള്‍ അതിന്റെ ഫലങ്ങള്‍ വലുതായിരുന്നു.
2.89 മടങ്ങ് വരുമാന വളര്‍ച്ച (പ്രതിവര്‍ഷം 43%).
ആറ് മടങ്ങ് ലാഭ വളര്‍ച്ച.
ബാങ്ക് വായ്പകള്‍ ഇല്ലാത്ത അവസ്ഥ തുടരാനായി.
ഗുണപാഠം
മിക്ക ബിസിനസ് ഉടമകളും സ്പീഡോമീറ്ററില്‍ (വരുമാനം) മാത്രം നോക്കിയാണ് വണ്ടി ഓടിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു സുസ്ഥിരമായ ബിസിനസ് കെട്ടിപ്പടുക്കണമെങ്കില്‍ ഫ്യുവല്‍ ഗേജ് (ക്യാഷ് ഫ്ളോ), എന്‍ജിന്‍ കാര്യക്ഷമത (ഞഛഇഋ) എന്നിവയും ശ്രദ്ധിക്കണം.നിങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് മനസിലാക്കുക. വളര്‍ച്ചയുടെ ഘട്ടത്തില്‍, ഒരു പ്രോജക്റ്റ് എത്ര ലാഭം തരുന്നു എന്ന് മാത്രമല്ല, എത്ര വേഗത്തില്‍ അത് പണം തിരികെ നല്‍കുന്നു എന്നും ചോദിക്കുക.കാരണം, ലാഭം എന്നത് ഒരു കണക്കുകൂട്ടല്‍ മാത്രമാണ്, എന്നാല്‍ പണമാണ് യാഥാര്‍ത്ഥ്യം.
(ധനം മാഗസിൻ ഏപ്രിൽ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine