ടിനി ഫിലിപ്പ് എഴുതുന്നു: രാജ്യത്ത് ലോക്ക്ഡൗണ്‍ കാലാവധി നീട്ടുമോ? - Part 3

ഈ ലക്കത്തില്‍ നാം ഇന്ത്യയിലെയും കേരളത്തിലെയും കൊറോണ വൈറസ് സാഹചര്യങ്ങള്‍ പരിശോധിക്കാം.

ഇന്ത്യ

138 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 1397 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 35 മരണവും.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചില്‍ രോഗബാധ അതിവേഗം കൂടി. മാര്‍ച്ച് 30ല്‍ 227 എന്ന ഉയര്‍ന്ന തലത്തിലെത്തിയെന്ന് ഫിഗര്‍ 9 ല്‍ നിന്ന് വ്യക്തമാണ്.

ഫിഗര്‍ 9:

ഏപ്രില്‍ ഒന്നിന് ഇന്ത്യയില്‍ പുതുതായി 434 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനു മുമ്പത്തെ ഉയര്‍ന്ന തലത്തില്‍ നിന്നുള്ള കുതിച്ചുചാട്ടമായിരുന്നു ഇത്. മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്നതിന്റെ ഒരു സൂചനയാണത്.
നഗരങ്ങളിലെ തൊഴിലിടങ്ങളില്‍ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പും അതിനുശേഷവും തിരിച്ചൊഴുകിയതാണ് അതിന് ഒരു കാരണം.

മാത്രമല്ല രാജ്യത്തെ കോവിഡ് പരിശോധന തുലോം തുച്ഛമാണ്. അതുകൊണ്ട് തന്നെ കോവിഡ് കേസുകളുടെ എണ്ണം അയഥാര്‍ത്ഥവുമാണ്. പരിശോധനകള്‍ കൂടുമ്പോള്‍ കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നേക്കും.

കേരളവും ഇന്ത്യയിലെ ഇതര ഭാഗങ്ങളും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ കേരളത്തിന്റെ സാഹചര്യം പ്രത്യേകമായി വിശകലനം ചെയ്യുന്നുണ്ട്. ഗോവ, സിക്കിം പോലുള്ള സംസ്ഥാനങ്ങള്‍ കേരളത്തിന്റേതിന് സമാനമായ പാറ്റേണാണ് പിന്തുടരുന്നത്.

ഇനി നമുക്ക് കേരളത്തിലെ സാഹചര്യം വിലയിരുത്താം

കേരളം

3.48 കോടിയാണ് കേരളത്തിലെ ജനസംഖ്യ. മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം കോവിഡ് രോഗ ബാധിതരുടെ എണ്ണം 241 ആണ്. രണ്ട്് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ ആശുപത്രികളിലും വീടുകളിലും ഒക്കെയായി നിരീക്ഷണത്തിലും ക്വാറന്റീനിലുമാണ്.

ഇതര സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്ര സര്‍ക്കാരിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ കേരള സര്‍ക്കാര്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ ഏറെ മുന്‍പെ തന്നെ വളരെ ശാസ്ത്രീയവും സുവ്യക്തവുമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ മികച്ച ഹെല്‍ത്ത് കെയര്‍ സംവിധാനവും 2018ലെ നിപ്പ പ്രതിരോധത്തില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തുമാണ് ഇതിന് പ്രധാന കാരണം.

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ക്ക് നിര്‍ബന്ധമായും 28 ദിവസ ക്വാറന്റീന്‍ നിശ്ചയിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ദേശീയ മാനദണ്ഡ പ്രകാരം ഇത് 14 ദിവസമാണ്.

വീടുകളില്‍ 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാനും കോവിഡ് ബാധയുടെ ഏതെങ്കിലും ലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അക്കാര്യം അറിയിക്കാനും ഇവിടെ നിര്‍ദേശമുണ്ട്.

മാര്‍ച്ച് 24 മുതല്‍ 31 വരെ കേരളം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ദേശീയ തലത്തില്‍, മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു തന്നെ.

ജനുവരി 30നാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ രോഗ വ്യാപനത്തിന്റെ ചിത്രം ഫിഗര്‍ 10ല്‍ നിന്ന് ലഭിക്കും.

ഫിഗര്‍ 10:

കോവിഡ് പരിശോധനയുടെ കാര്യത്തിലും കേരളം രാജ്യത്ത് തന്നെ മികച്ച തലത്തിലാണ്. ഫിഗര്‍ 11ല്‍ നിന്ന്് അത് വ്യക്തമാണ്.

ഫിഗര്‍ 11:

ഈ കണക്കുകള്‍ സൗത്ത് കൊറിയ, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യാം. സൗത്ത് കൊറിയയില്‍ പത്തുലക്ഷം പേരില്‍ 7643.6 പേരെയും ഇറ്റലിയില്‍ 7513.2 പേരെയും ജര്‍മനിയില്‍ 5827.9 പേരെയും പരിശോധന നടത്തിയിട്ടുണ്ട്.

കോവിഡ് പരിശോധന കൂട്ടാന്‍ കേരളം നടപടികള്‍ സ്വീകരിക്കുകയാണ്.

എന്റെ അഭിപ്രായത്തില്‍ കേരളത്തിലേത് സൗത്ത് കൊറിയയിലെ സാഹചര്യങ്ങളുമായി ഏറെ സമാനമാണ്. പരിശോധകള്‍ കുറവാണെന്നതാണ് ഒരു പോരായ്മ. പക്ഷേ 22 ദിവസത്തെ ലോക്ക് ഡൗണ്‍ മെച്ചമാണ്.

ദേശീയ ലോക്ക്ഡൗണിനുശേഷം കേരളത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും എന്ത് സംഭവിക്കുമെന്ന് നമുക്ക് മുന്‍കൂട്ടി കാണാന്‍ നോക്കാം. നമ്മുടെ ജീവിതകാലത്തു തന്നെ ഏറ്റവും പുതിയ കാര്യമാണിപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് പ്രവചനങ്ങള്‍ പൂര്‍ണമായും ശരിയാകണമെന്നില്ലെന്ന വസ്തുത വായനക്കാര്‍ തീര്‍ച്ചയായും മനസില്‍ വെയ്ക്കണം.

കേരളത്തില്‍ എന്ത് സംഭവിച്ചേക്കാം?

പ്രതിദിനം കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ചെറിയ ഇരട്ട സംഖ്യയാണെങ്കില്‍ പോലും ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം കേരളമായിരുന്നതിനാല്‍ ഇവിടെ അത് ഭീഷണിയായിരുന്നു.

ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ പ്രതിദിനം പൂജ്യം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പോകുമെന്നും ചിലര്‍ വിശ്വസിച്ചിരുന്നു. അത്തരമൊരു ഫലം ഭ്രമിപ്പിക്കുന്നതാണെങ്കിലും സാമൂഹ്യവ്യാപനത്തിന്റെ സൂചനകളുള്ളതിനാല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള മറ്റൊരു റിസര്‍ട്ടിനെ നമുക്ക് പ്രവചിക്കാം.

ഒരു സൂചകമെന്ന നിലയില്‍ സൗത്ത് കൊറിയയിലെ കണക്കുകളുമായി കേരളത്തെ താരതമ്യം ചെയ്യാം.

സമ്പൂര്‍ണ അടച്ചുപൂട്ടര്‍ പ്രഖ്യാപിക്കാതെ തന്നെ കോവിഡ് ബാധയെ നിയന്ത്രിച്ചു നിര്‍ത്തിയ ലോകത്തിലെ ഏക പ്രമുഖ രാജ്യം സൗത്ത് കൊറിയയാണ്. ഇപ്പോള്‍ അവിടെ പ്രതിദിനം പുതിയ 150ല്‍ താഴെ കേസുകള്‍ മാത്രമേ റി്‌പ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

സൗത്ത് കൊറിയയിലേത് പോലെ വ്യാപക പരിശോധനകള്‍ സാധ്യമായിട്ടില്ലെങ്കിലും പ്രതിദിനം 25ല്‍ താഴെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം പോലും കേരളത്തിന്റെ വിജയമെന്ന് നമുക്ക് ഗണിക്കാനാകും.

ലോക്ക് ഡൗണിന്റെ സ്വാധീനം കാരണം ഏപ്രില്‍ ഏഴ് (ഇന്നുമുതല്‍) കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാന്‍ സാധ്യതയുണ്ട്.

ദിവസവും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞാല്‍ ഏപ്രില്‍ 15ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതിയോടെ സംസ്ഥാനത്തെ സമ്പൂര്‍ണ അടച്ചുപൂട്ടലിന് അയവു വരുത്താനാകും.

എന്നിരുന്നാലും സൗത്ത് കൊറിയയുടെ മാതൃകയില്‍ കര്‍ശന ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലും പരിശോധനകളും കോണ്‍ടാക്റ്റ് ട്രേസിംഗും നിര്‍ബന്ധിത് ക്വാറന്റീനും തുടരാന്‍ സാധ്യതയുണ്ട്.

ഇതിനു പുറമേ ഹോട്ട് സ്‌പോട്ടുകളില്‍ ഭാഗിക ലോക്ക് ഡൗണും ആവശ്യമെങ്കില്‍ സംസ്ഥാനമെമ്പാടും ലോക്ക് ഡൗണും പ്രഖ്യാപിച്ചിച്ചേക്കാം.

കേരളത്തിനു പുറമേ ഇന്ത്യയിലെ മറ്റിടങ്ങളില്‍ എന്ത് സംഭവിക്കും?

ഇന്ത്യയില്‍ പ്രതിദിനം പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞ മൂന്നക്ക സംഖ്യയാണെങ്കിലും രാജ്യം പകര്‍ച്ച വ്യാധിയുടെ വ്യാപനത്തിന്റെ പ്രാരംഭ ദശകളിലായതിനാല്‍ കടുത്ത ഭീഷണി തന്നെ നിലനില്‍ക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം പൂജ്യമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുമുണ്ട്്.

രാജ്യത്ത് സാമൂഹ്യവ്യാപനത്തിന്റെ സൂചനകളുള്ളതിനാല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവചനം നോക്കാം. ഇവിടെയും നമുക്ക് സൗത്ത് കൊറിയയെ തന്നെ അടിസ്ഥാനമാക്കാം.

സൗത്ത് കൊറിയയിലെ പരിശോധനകളുടെ നിലവാരമാണ് ഇന്ത്യയിലേതെങ്കില്‍ പ്രതിദിനം 4000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും അത് രാജ്യത്തിന്റെ വിജയമാണെന്ന് ഗണിക്കാം.

എന്നാല്‍ പരിശോധനകള്‍ സൗത്ത് കൊറിയയിലേതിന് സമാനമല്ലാത്തതിനാല്‍ പ്രതിദിനം 500 പുതിയ കേസുകളിലേതിനേക്കാള്‍ കുറവാണെങ്കില്‍ തന്നെ അത് മികച്ച കാര്യമാണ്. ലോക്ക്ഡൗണിന് ശേഷം പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവു കണ്ടേക്കാം. എന്നിരുന്നാലും പരിശോധനകളുടെ എണ്ണം വളരെ വളരെ കുറവായതിനാല്‍ രാജ്യത്തെ യഥാര്‍ത്ഥ രോഗ വ്യാപനത്തിന്റെ തോതിനേക്കാള്‍ ഏറെ കുറവായിരിക്കും കണക്കുകളിലൂടെ തെളിയുക.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് കേരളത്തിലായതിനാല്‍ കോവിഡ് കേസുകള്‍ കൂടുതലും കേരളത്തിലാണ്. മാത്രമല്ല, ലോക്ക് ഡൗണിന് മുമ്പും അതിനുശേഷവും വന്‍തോതില്‍ കുടിയേറ്റ തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമീണ മേഖലയിലേക്ക് ഒഴുകിയിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ദേശീയതലത്തിലെ ലോക്ക്ഡൗണിന് ശേഷമുണ്ടാകാനിടയുള്ള മൂന്ന് കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. ലോക്ക് ഡൗണ്‍ കാലാവധി തീരുന്നതോടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് സംഭവിച്ചാല്‍ ലോക്ക് ഡൗണിന്റെ സാമ്പത്തിക ആഘാതം രൂക്ഷമാകുന്ന സാഹചര്യത്തില്‍, രാജ്യമെമ്പാടുമുള്ള ലോക്ക് ഡൗണ്‍ പിന്‍വലിച്ചേക്കാം.

2. ലോക്ക്ഡൗണിന്റെ അവസാനത്തിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ യാതൊരു കുറവുമില്ലെങ്കില്‍ അടുത്ത 1-3 ആഴ്ചകളിലേക്ക് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കാം.

3. ലോക്ക് ഡൗണിന്റെ അവസാനത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവ് കണ്ടില്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ വളരെയേറെ കുറവുണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയേക്കാം. കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കും.

എന്റെ നിഗമന പ്രകാരം മൂന്നാമത്തെ കാര്യം നടക്കാനാണ് സാധ്യത.

Also Read:

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it