"നിങ്ങള്‍ നിലനില്‍ക്കണം എന്ന് നിങ്ങളുടെ ഉപഭോക്താവ് പ്രാര്‍ത്ഥിക്കണം"സന്തോഷ് ജോര്‍ജ് കുളങ്ങര എഴുതുന്നു
ദക്ഷിണേന്ത്യയില്‍ വസ്ത്രനിര്‍മ്മാണയൂണിറ്റ് നടത്തുന്ന, എനിക്ക് പരിചയമുള്ള ഒരു സംരംഭകന്‍. ലോക്ഡൗണ്‍ വന്നപ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് സ്ഥാപനം അടയ്‌ക്കേണ്ടിവന്നു. ടെക്‌സ്റ്റൈലുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് അവരുടെ ഉല്‍പ്പന്നത്തിന് ഡിമാന്റുമില്ല. അയാള്‍ യൂണിറ്റ് അടച്ചിടാനോ ജീവനക്കാരെ പിരിച്ചുവിടാനോ തയാറായിരുന്നില്ല. ഒടുവില്‍ സര്‍ക്കാരിനെ സമീപിച്ച് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വേണ്ടി മാസ്‌ക് നിര്‍മിക്കാനുള്ള അനുമതി വാങ്ങിയെടുത്തു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാളും കുറഞ്ഞ നിരക്കില്‍ എന്നാല്‍ ചെറിയ ലാഭം കിട്ടുന്ന രീതിയില്‍ അവര്‍ മാസ്‌ക് നിര്‍മാണം ആരംഭിച്ചു. പത്ത് പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 15-20 ലക്ഷം മാസ്‌കുകളാണ് അയാള്‍ ഉണ്ടാക്കിവില്‍ക്കുന്നത്. നോക്കൂ മികച്ച ഒരു സംരംഭകന്‍ പ്രതിസന്ധി അവസരമാക്കി മാറ്റിയത് കണ്ടില്ലേ?
ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ പൂട്ടിപ്പോയെന്നിരിക്കട്ടെ, അതിന് ഒറ്റ അര്‍ത്ഥമേയുള്ളു. മനുഷ്യന് അത്ര ആവശ്യമുള്ളതല്ല നിങ്ങള്‍ കൊടുത്തിരുന്നത്. അത്യാവശ്യമുള്ള ഒരു ഉല്‍പ്പന്നവും ആരും വേണ്ടെന്ന് വെക്കില്ല. ഒരു പ്രതിസന്ധിഘട്ടത്തില്‍ നിങ്ങളെ ഉപേക്ഷിക്കുന്ന ഒരു കൂട്ടുകാരന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരിക്കലും ആത്മാര്‍ത്ഥമായ ബന്ധമല്ലെന്നാണ് അര്‍ത്ഥം. നിങ്ങളും നിങ്ങളുടെ ഉപഭോക്താവുമായി ഒരു ആത്മാര്‍ത്ഥമായ ബന്ധമില്ലെന്ന് തെളിയിച്ച കാലമാണിത്. ഈ പ്രതിസന്ധി സമയത്ത് നിങ്ങളുടെ ഉല്‍പ്പന്നത്തെ ഉപഭോക്താവ് നിരാകരിച്ചെങ്കില്‍ നിങ്ങളെക്കൊണ്ട് കാര്യമായ ഒരു ആവശ്യവും സമൂഹത്തിന് ഇല്ലെന്ന് തന്നെയാണ് അര്‍ത്ഥം. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പുനര്‍വിചിന്തനം നടത്തേണ്ട സമയമാണ്. നിങ്ങളുടെ ഉല്‍പ്പന്നത്തെ മനുഷ്യന് ആവശ്യമുള്ള ഒന്നാക്കി റീബ്രാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയം.
മനുഷ്യന്റെ മനസ് കാണൂ
നാം ഈ സാഹചര്യത്തില്‍ ഒരു കാര്യം ഓര്‍ക്കണം. മനുഷ്യന് ഇനിയും ഭൂമിയില്‍ ജീവിക്കണമല്ലോ. മനുഷ്യന്റെ ജീവിതം നാളെയും ഇതുപോലെ തന്നെ മുന്നോട്ടുപോകും. അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അതേപടി തന്നെ നിലനില്‍ക്കും. അവന്റെ സ്വപ്‌നങ്ങള്‍ ഇന്നത്തെക്കാള്‍ വലുതായിരിക്കും നാളെ. ആ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ അവനെ സഹായിക്കുകയാണ് ഓരോ ഉല്‍പ്പന്നത്തിന്റെയും നിര്‍മാതാക്കള്‍ ചെയ്യേണ്ടത്. ഒരു കാര്‍ നിര്‍മിക്കുന്നവര്‍ ബൈക്കില്‍ നിന്ന് കാറിലേക്ക് മാറാനുള്ള ഒരു സാധാരണക്കാരന്റെ സ്വപ്‌നമാണ് സഫലമാക്കുന്നത്. ഓരോ ഉപകരണങ്ങള്‍ വാങ്ങുമ്പോഴും അതുതന്നെ. എന്നാല്‍ അവന് ഇല്ലാത്ത ആഗ്രഹം ഉണ്ടാക്കാന്‍ ഈ സാഹചര്യത്തില്‍ സംരംഭകന്‍ ശ്രമിക്കാതിരിക്കുക. മനുഷ്യന്‍ ആഗ്രഹിക്കുന്നതും അവന് ആവശ്യമുള്ളതും അവന്‍ ഇഷ്ടപ്പെടുന്നതും ആയിരിക്കണം നമ്മുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം. അങ്ങനെയല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മോഡല്‍ മാറ്റാനുള്ള സമയമാണിത്.
ജനത്തിന് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള ഒന്നാണെങ്കില്‍ പ്രതിസന്ധിഘട്ടം കഴിഞ്ഞ് അവര്‍ പുറത്തിറങ്ങുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ ആവശ്യമുണ്ടാകും. അതില്‍ ഏറ്റവും മികച്ചതാകാനുള്ള ഒരു ശ്രമമാണ് നടത്തേണ്ടത്. ഒഴുകിവരുന്നവരെയെല്ലാം കിട്ടുമെന്ന പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇനി ഉപഭോക്താക്കള്‍ കൂടുതല്‍ സെലക്ടീവ് ആയേക്കാം. കാരണം ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം, വരുമാനം കുറയാം. ഉപഭോക്താവ് സെലക്ടീവ് ആകുമ്പോള്‍ എനിക്ക് അല്ലെങ്കില്‍ എന്റെ കുടുംബത്തിന് ആവശ്യമുള്ളതാണോ ഇത് എന്ന് ഓരോരുത്തരും ചിന്തിക്കും. ബിസിനസുകാര്‍ ചെയ്യേണ്ടത് സമൂഹത്തിന് യഥാര്‍ത്ഥ ആവശ്യമുള്ളത് കൊടുക്കുക. അത് ഏറ്റവും മികച്ചതാക്കി കൊടുക്കുക. മനുഷ്യന്റെ ഒരു സ്വപ്‌നം സഫലമാക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ആയിരിക്കണം കൊടുക്കേണ്ടത്.
സംരംഭകര്‍ മനുഷ്യന്റെ മനസ് കാണുകയാണ് വേണ്ടത്. എല്ലായിടത്തും എപ്പോഴും അവസരങ്ങളുണ്ട്. മനുഷ്യരാണ് നിങ്ങളുടെ ഉപഭോക്താക്കള്‍. അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും വൈകരുത്. നമ്മുടെ കൈയിലുള്ള ഉല്‍പ്പന്നത്തെ അല്ലെങ്കില്‍ സേവനത്തെ എങ്ങനെ ഉപഭോക്താവിന് ആവശ്യമുള്ള ഒന്നാക്കി മാറ്റാം എന്ന് ചിന്തിക്കാനുള്ള സമയമാണിത്. ലോകം മുഴുവന്‍ കൂടുതല്‍ ഡിജിറ്റലായി മാറുമ്പോള്‍ നിങ്ങളുടെ ബിസിനസിന് ഓണ്‍ലൈനിലൂടെ എന്തൊക്കെ സാധ്യതകളുണ്ട് എന്ന് ചിന്തിക്കേണ്ട ഘട്ടം കൂടിയാണിത്.
ഇനിയുളള നാളുകള്‍ ആഘോഷത്തിന്റേതല്ല....
തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് എന്തു സാധനവുമായി നിങ്ങള്‍ അവിടെ പോയി നിന്നാലും അത് വില്‍ക്കും. കാരണം ആഘോഷത്തിന്റെ ഒരു മൂഡാണ് അവിടെ. എന്നാല്‍ അത്തരത്തിലൊരു മാനസികാവസ്ഥയിലല്ല ഉപഭോക്താവ് എങ്കില്‍ അവര്‍ ആവശ്യമുള്ളത് മാത്രമേ വാങ്ങൂ. അതായത് ആഘോഷത്തിന്റെ സാഹചര്യത്തില്‍ വില്‍ക്കുന്നത് ആശങ്കയുള്ളപ്പോള്‍ നിങ്ങള്‍ക്ക് വില്‍ക്കാനാകില്ല. നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ആഘോഷത്തിന്റെ അവസരത്തില്‍ മാത്രം വില്‍ക്കുന്നതാണെങ്കില്‍ അതിനെ അവശ്യവസ്തുവോ സേവനമോ ആയി പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിലനില്‍ക്കാം.
നാട്ടിന്‍പുറത്ത് ഒരു റെസ്റ്റോറന്റ് നടത്തിയിരുന്നയാള്‍ക്ക് ലോക്ഡൗണ്‍ സമയത്ത് ഒരു വരുമാനവും ഇല്ലാത്ത അവസ്ഥയിലായിരിക്കാം. എന്നാല്‍ അധികാരികളില്‍ നിന്ന് അനുമതി വാങ്ങി, ഒരു മൊബീല്‍ ആപ്പ് വഴിയോ മറ്റോ ഒരു നിശ്ചിത പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷണം ഹോം ഡെലിവറി ആയി എത്തിക്കാന്‍ കഴിഞ്ഞാല്‍ ഈ സമയത്ത് അയാള്‍ക്ക് നല്ല രീതിയില്‍ ബിസിനസ് ചെയ്യാനാകും. ഇത്രത്തോളം ദിവസം വീട്ടിലിരിക്കുന്ന ആളുകള്‍ക്ക് പുറത്തുനിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹം തോന്നാം. ആ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിയുന്നവര്‍ക്ക് ഈ സാഹചര്യത്തിലും വരുമാനം നേടാം. ഇത് മനോഭാവത്തിന്റെ കാര്യമാണ്.
പുതിയ ആശയങ്ങള്‍ വരട്ടെ
നമ്മുടെ നാട്ടില്‍ നിന്ന് പുതിയ ആശയങ്ങള്‍ കാര്യമായി ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്ക് ഒരു പ്രവണതയുണ്ട്. സ്വന്തമായ ആശയങ്ങള്‍ കൊണ്ടുവരാതെ ആരെങ്കിലും ചെയ്ത് വിജയിപ്പിച്ച ഒരു ആശയത്തിന് പിന്നാലെ പോകും. ആ മേഖലയ്ക്ക് തകര്‍ച്ചയുണ്ടായാല്‍ ഇവരെല്ലാവരും കൂടി തകരും എന്നതാണ് അതുകൊണ്ടുള്ള പ്രധാന പ്രശ്‌നം. കാരണം അവരുടെ സ്വന്തം ബുദ്ധിയിലല്ല ആ ആശയം രൂപം കൊണ്ടത്. സ്വന്തം ബുദ്ധിയില്‍ കൊണ്ടുവന്ന ആശയമാണെങ്കില്‍ ഏത് പ്രതിസന്ധിയിലും അത് വിജയിപ്പിക്കാനുള്ള കഴിവ് സംരംഭകനുണ്ടാകും. ഈ ഘട്ടത്തില്‍ ഏത് രീതിയില്‍ ഇത് വില്‍ക്കാം, ബിസിനസ് എങ്ങനെ പരിണാമപ്പെടുത്താം... എന്നൊക്കെ എപ്പോഴും അയാള്‍ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ കോപ്പി അടിച്ചവര്‍ക്ക് ആ ആശയത്തെ മുന്നോട്ടുനയിക്കാനുള്ള പാഷന്‍ ഉണ്ടാകില്ല. അതിനെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നറിയില്ല. ലാഭം മാത്രമായിരിക്കും അവരുടെ പാഷന്‍.
ഉപഭോക്താവ് നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം
ഞാന്‍ സഫാരി ചാനല്‍ ആരംഭിച്ച സമയത്ത് പലരും എന്നെ നിരുല്‍സാഹപ്പെടുത്തി. ഇത്രയും ചാനലുകള്‍ ഉള്ളപ്പോള്‍ ഇനിയെന്തിനാണ് ഒരെണ്ണം കൂടി എന്ന നിലയ്ക്ക് എനിക്കുതന്നെ ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നു. മറ്റൊരു ചോദ്യം വന്നത് പരസ്യമില്ലാതെ എങ്ങനെ നിലനില്‍ക്കും എന്നതായിരുന്നു. എന്നെ മുന്നോട്ടുനയിച്ച ഘടകം ഒന്ന് മാത്രമായിരുന്നു. ഈ ചാനല്‍ നടത്തുകയെന്നത് എന്റെ ആവശ്യമല്ല. എന്റെ ആവശ്യമല്ലെന്ന് പ്രഖ്യാപിക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പരസ്യം പോലും ഇല്ലാതെ ആരും ഇതുവരെ നല്‍കാത്ത ഒരു കണ്ടന്റുമായി ചാനല്‍ തുടങ്ങിയത്. അതോടെ പ്രേക്ഷകര്‍ക്ക് തോന്നുകയാണ് ഈ ചാനല്‍ നിലനില്‍ക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണെന്ന്. കാരണം ഇത് നടത്തുന്നയാള്‍ ഇതില്‍ നിന്ന് ഒരു ലാഭവും എടുക്കുന്നില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. പ്രത്യേകിച്ച് വൃദ്ധരായവര്‍. ചില കത്തുകള്‍ വായിക്കുമ്പോള്‍ കണ്ണുനിറയും. ജീവിതത്തില്‍ അവര്‍ ഇനിയൊരിക്കലും പോകാന്‍ സാധ്യതയില്ലാത്ത എത്രയോ പ്രദേശങ്ങള്‍. അവിടം സന്ദര്‍ശിച്ച പ്രതീതിയാണ് അവര്‍ക്ക് ഈ ചാനലിലൂടെ ലഭിക്കുന്നതെന്ന് പറയുന്നു. സഫാരി ഞാന്‍ നിര്‍ത്താന്‍ പോയാല്‍ എന്റെ പ്രേക്ഷകര്‍ സമ്മതിക്കില്ല. എന്റേത് ഒരു വിജയമാതൃകയാണെന്നല്ല ഞാന്‍ പറയുന്നത്. സഫാരി ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു പരസ്യവരുമാനം പോലുമില്ലാതെ ഒരു മണിക്കൂര്‍ പോലും മുടക്കം വരാതെ ഏഴ് വര്‍ഷമായി മുന്നോട്ടുപോകുന്നു. അത് പ്രേക്ഷകരുടെ അതിയായ ആഗ്രഹം കൊണ്ടുമാത്രമാണ്.
നിങ്ങളുടെ ഉപഭോക്താവ് നിങ്ങളുടെ ഉല്‍പ്പന്നം ഒരിക്കലും മുടങ്ങിപ്പോകരുതെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടോ, എങ്കില്‍ അത് നിലനില്‍ക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഉപഭോക്താവിനെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് ചിന്തിക്കുക. ഏത് പ്രതിസന്ധിയെയും നിങ്ങള്‍ അതിജീവിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine