മാതമംഗലത്തെ അടച്ചുപൂട്ടിക്കല്‍ സമരം 'ഒറ്റപ്പെട്ട' സംഭവമല്ല: മാടായിയിലെ സ്റ്റീല്‍ കടയും ഭീഷണിയില്‍

മാതമംഗലത്ത് സിഐടിയു (CITU) സമരത്തെ തുടര്‍ന്ന് എസ്ആര്‍ അസോസിയേറ്റ് (SR Associates) എന്ന ഹാര്‍ഡ്വയര്‍ കട അടച്ചുപൂട്ടിയ സംഭവം ചര്‍ച്ചയാകുന്നതിനിടെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ പുറത്തേക്ക്. കണ്ണൂരിലെ തന്നെ മാടായിയിലാണ് കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന രീതിയില്‍ സമരം തുടരുന്നത്. ലാലു എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീപോര്‍ക്കലി സ്റ്റീല്‍സ് എന്ന കടയ്ക്ക് മുന്നിലാണ് തൊഴില്‍നിഷേധം ആരോപിച്ച് സിഐടിയു തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇതേ തുടര്‍ന്ന് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജനുവരി 23ന് ആരംഭിച്ച കട അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണെന്ന് ലാലു ധനത്തോട് പറഞ്ഞു.

'60 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ റൂഫിംഗ് മറ്റീരിയലും മറ്റും വില്‍ക്കുന്ന കട ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ കയറ്റിറക്ക് ജോലിക്കായി ലേബര്‍ കാര്‍ഡുള്ള മൂന്ന് തൊഴിലാളികളെ സ്ഥാപനത്തില്‍ നിയമിച്ചിരുന്നു. യാതൊരു തര്‍ക്കവും വേണ്ടെന്ന് കരുതി തുടക്കത്തില്‍ തന്നെ പഴയങ്ങാടിയിലെ സിഐടിയു തൊഴിലാളികളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് ദിവസം ആറ് ലോഡുകള്‍ സ്ഥാപനത്തില്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ലോഡ് സ്വന്തം തൊഴിലാളികളെ കൊണ്ട് ഇറക്കാന്‍ പാടില്ലെന്ന് പറഞ്ഞ് കടയിലേക്ക് സാധനം വാങ്ങാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി കച്ചവടം ഇല്ലാതാക്കുകയാണ്' ലാലു പറയുന്നു. ഇക്കാര്യം പോലീസിനോട് പരാതിപ്പെട്ടെങ്കില്‍ അനുകൂലമായ യാതൊരു മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, രണ്ടാഴ്ചയായി ലാലുവിന്റെ കടയ്ക്ക് മുന്നില്‍ സിഐടിയു സമരം തുടരുന്നുണ്ട്. ഇതുവരെയായി ഒരു രൂപയുടെ പോലും കച്ചവടം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പോലീസ് പ്രൊട്ടക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണെന്ന് ഇദ്ദേഹം.
മാതമംഗത്ത് ഹാര്‍ഡ്വയര്‍ കടയുടമ റബീഹ് നേരിടേണ്ടി വന്ന സമാന സാഹചര്യമാണ് മാടായിയില്‍ ഇദ്ദേഹവും നേരിടുന്നത്. കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നത് കാരണം തൊഴിലാളികള്‍ക്ക് പോലും ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതേതുടര്‍ന്നായിരുന്നു റബീഹ് കട അടച്ചുപൂട്ടേണ്ടി വന്നത്. വിഷയത്തില്‍ ഇടപെടാന്‍ ലേബര്‍ കമ്മീഷണറെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയായി കടയുടമകളെ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല.
അതിനിടെ, മാതമംഗലത്ത് അടച്ചുപൂട്ടിയ എസ്ആര്‍ അസോസിയേറ്റ് ഹാര്‍ഡ്വയര്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ അഫ്‌സല്‍ എന്നയാളും ഭീഷണിയെ തുടര്‍ന്ന് തന്റെ കംപ്യൂട്ടര്‍ സെന്റര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അബൂദാബിയില്‍ ജോലി ചെയ്യുകയായിരുന്ന അഫ്‌സല്‍ കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലെത്തി ഒന്നര വര്‍ഷം മുമ്പ് കംപ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചത്. ഇതാണ് ഭീഷണിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതെന്ന് അഫ്‌സല്‍ ധനത്തോട് പറഞ്ഞു. ഇരുസംഭവങ്ങളിലും തൊഴില്‍ നിഷേധമാണ് സമരത്തിന് കാരണമായി സിഐടിയു ചൂണ്ടിക്കാട്ടുന്നത്.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it