Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; 13 മെയ്, 2022
2023 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോ നിരക്ക് ഒരു ശതമാനം കൂടി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഒരു ശതമാനം കൂടി ഉയര്‍ത്തിയേക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. ഏപ്രിലില്‍ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 7.79 ശതമാനമാണ് രാജ്യത്തെ നാണ്യപ്പെരുപ്പം. നടപ്പുസാമ്പത്തിക വര്‍ഷം ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള ശരാശരി പണപ്പെരുപ്പം 6.3 ശതമാനമായിരിക്കുമെന്നും ഇത് ആര്‍ബിഐയുടെ സരക്ഷാ പരിധിയായ 6 ശതമാനത്തിന് മുകളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള ശരാശരി പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു.
മാര്‍ച്ച് പാദത്തിലെ യൂണിയന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 8 ശതമാനം വര്‍ധന
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ധനവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായം മുന്‍വര്‍ഷത്തിലെ കാലയളവിലെ 1330 കോടിയില്‍നിന്ന് 1440 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞപാദത്തിലെ മൊത്ത വരുമാനം 19804 കോടിയില്‍നിന്ന് 20417 കോടിയായും വര്‍ധിച്ചു. അതേസമയം 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 2906 കോടിയില്‍നിന്ന് 80 ശതമാനം വര്‍ധിച്ച് 5232 കോടിയായി.
എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് കാംബെല്‍ വില്‍സണ്‍
ഏറെ കാലത്തെ അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ എയര്‍ ഇന്ത്യയുടെ തലപ്പത്തേക്ക് കാംബെല്‍ വില്‍സണെത്തുന്നു. സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ എംഡിയും സിഇഒയുമായി നിയമിച്ചതായി ടാറ്റ സണ്‍സ് അറിയിച്ചു.
50 കാരനായ വില്‍സണിന് വ്യോമയാന വ്യവസായ രംഗത്ത് 26 വര്‍ഷത്തെ പരിചയമുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിനായി ജപ്പാന്‍, കാനഡ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ 15 വര്‍ഷത്തിലേറെ പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം 1996 ലാണ് ന്യൂസിലാന്‍ഡില്‍ മാനേജ്‌മെന്റ് ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചത്. 2011 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയ അദ്ദേഹം പിന്നീട് സീനിയര്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്വിറ്ററുമായുള്ള ഇടപാട് തല്‍ക്കാലത്തേക്ക് നിര്‍ത്തി ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സ്പാമുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതുവരെ ആവും ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുക. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നത്. മോണിറ്റൈസ് ചെയ്യാവുന്ന പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വ്യാജ/ സ്പാം അക്കൗണ്ടുകശ് ഉണ്ടെന്ന് ഈ മാസം ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 229 മില്യണ്‍ ഉപഭോക്താക്കളാണ് പരസ്യങ്ങളോടെ ട്വിറ്റര്‍ ഉപയോഗിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവില 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 37160 രൂപയായി. മെയ് 11 ന് 280 രൂപയോളം സ്വര്‍ണവില കുറഞ്ഞിരുന്നു.
ദീര്‍ഘ നാളായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ ഇടിയുകയും പിന്നീട് ഉയര്‍ച്ച പ്രകടമാക്കുകയുമാണ് ചെയ്തത്. ഇന്ന് 75 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായി. 35 രൂപയുടെ കുറവോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3890 രൂപയായി. ംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല.
വിപണിയില്‍ നേരിയ ഇടിവ്
വിപണി ആശ്വാസറാലിയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ബാങ്കുകളിലും മെറ്റല്‍ സ്റ്റോക്കുകളിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരാന്ത്യത്തില്‍ ചുവപ്പിലേക്ക് വീണു. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 137 പോയ്ന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 52,794 ലാണ്
ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ, തുടര്‍ച്ചയായ ആറാം ദിവസവും വിപണികള്‍ നഷ്ടത്തില്‍ അവസാനിച്ചു.
നിഫ്റ്റി സൂചിക 26 പോയ്ന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 15,782 ല്‍ ക്ലോസ് ചെയ്തു. വിശാലമായ വിപണിയില്‍, ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.79 ശതമാനവും ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനവും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനം നേട്ടമുണ്ടാക്കി. വിപണി ആശ്വാസറാലിയോടെ വ്യാപാരം ആരംഭിച്ചപ്പോള്‍ കേരള കമ്പനികളില്‍ 20 എണ്ണം നേട്ടമുണ്ടാക്കി.
Next Story
Videos