സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് കടിഞ്ഞാണ്‍; 50 ലക്ഷം രൂപവരെ പിഴ
സെലെബ്രിറ്റികളും താരങ്ങളും ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഫലം വാങ്ങി ചെയ്യുന്ന പരസ്യങ്ങള്‍ ഇനി ജനങ്ങളെ അറിയിക്കണം. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരസ്യങ്ങളിലൂടെ പ്രേക്ഷകര്‍ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പരസ്യങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ക്ക് പിഴയും വിലക്കും ലഭിക്കും.
Read More: സൂപ്പര്‍താരത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന ഇന്‍ഫ്ലുവന്‍സേഴ്സ്, മാറുന്ന മാര്‍ക്കറ്റിംഗ് രീതികള്‍
പ്രതിഫലം പറ്റിയാണ് പരസ്യം ചെയ്യുന്നതെങ്കില്‍ അത് കൃത്യമായി പറഞ്ഞിരിക്കണം. ഡിസ്‌കൗണ്ട്, കമ്പനികള്‍ സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍, താമസം, അവാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ പ്രതിഫലമായി കണക്കാക്കും. സെലെബ്രിറ്റികള്‍ക്ക് ഓഹരി വിഹിതമുള്ള കമ്പനികളുടെ പരസ്യങ്ങള്‍ ചെയ്യുന്നനും ഈ ചട്ടങ്ങള്‍ ബാധകമാണ്.
വീഡിയോ പരസ്യമാണെങ്കില്‍ തുടക്കത്തില്‍ എഴുതിക്കാണിച്ചും, ഓഡിയോ രൂപത്തിലും അറിയിപ്പ് നല്‍കണം. ലൈവ് സ്ട്രീമിംഗ് ആണെങ്കില്‍ ഇത്തരം അറിയിപ്പ് തുടര്‍ച്ചയായി കാണിക്കേണ്ടതാണ്. അറിയിപ്പുകള്‍ നല്‍കേണ്ടത് പ്രൊമോഷനുകള്‍ നടത്തുന്ന ഭാഷയില്‍ തന്നെ ആയിരിക്കണം. പരസ്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കില്‍, അതിന്റെ വിശദാംശങ്ങളും നല്‍കണം.
ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് അധികാരമുണ്ടാവും. ലംഘനം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപവരെ പിഴയും പരസ്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മൂന്ന് വര്‍ഷം വരെ വിലക്കും ഏര്‍പ്പെടുത്തും.