Begin typing your search above and press return to search.
ഡല്‍ഹി വിമാനത്താവളത്തില്‍ സ്വയം ചെക്-ഇന്‍ നടത്താന്‍ ഇനി 30 സെക്കന്‍ഡ് മാത്രം
യാത്രക്കാര്‍ക്ക് ലഗേജ് നല്‍കി ടാഗ് വാങ്ങി ചെക്ക്-ഇന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സംവിധാനം പ്രവര്‍ത്തന ക്ഷമമായി. ടാഗില്‍ എല്ലാ വിവരങ്ങളും ഉള്ളതിനാല്‍ ബോര്‍ഡിങ് പാസ് വാങ്ങാനും ബയോമെട്രിക് പരിശോധനക്കുമുള്ള സമയം ലാഭിക്കാം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ഇന്ത്യയില്‍ ഈ സൗകര്യമുള്ള ആദ്യത്തെ വിമാനത്താവളമായി മാറിയിരിക്കുകയാണ് ഡല്‍ഹി. കാനഡയിലെ ടൊറന്റോ വിമാനത്താവളം കഴിഞ്ഞാല്‍ ലോകത്തു തന്നെ ഈ സൗകര്യമുള്ള രണ്ടാമത്തെ വിമാനത്താവളവും ഡല്‍ഹി തന്നെ. 30 സെക്കന്‍ഡ് കൊണ്ട് ചെക്-ഇന്‍ നടപടി പൂര്‍ത്തിയാക്കാമെന്ന് ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചു.
പുതിയ സംവിധാനത്തിനായി ഡല്‍ഹിയിലെ ഒന്നും മൂന്നും ടെര്‍മിനലുകളിലായി 50 സ്വയം സേവന ബാഗ് നിക്ഷേപ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിയോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കാണ് ഈ യൂണിറ്റുകളുടെ സേവനം ഇപ്പോള്‍ ലഭ്യമാവുക. ഇതുവരെയുള്ള സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റ് ചെയ്ത് ബാഗേജ് ടാഗ് വാങ്ങാന്‍ കിയോസ്‌കുകളില്‍ ഒരു മിനിട്ട് വേണ്ടിവരുന്നുണ്ട്.
ബാഗേജ് ഡ്രോപ് യൂനിറ്റില്‍ എത്തുന്ന യാത്രക്കാരന്‍ ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്യുകയോ ബയോമെട്രിക് കാമറ ഉപയോഗപ്പെടുത്തുകയോ വേണം. തുടര്‍ന്ന് കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് നിക്ഷേപിക്കണം. എന്നാല്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഇതിന്റെ ആവശ്യമില്ല.
വിശദാംശങ്ങളെല്ലാം ബാഗേജ് ടാഗില്‍ തന്നെയുണ്ടാവും. വിമാനത്താവളത്തിലെ കിയോസ്‌കില്‍ നിന്നു തന്നെ ലഗേജ് ടാഗ് കിട്ടും. ബാഗ് കണ്‍വെയര്‍ ബല്‍റ്റില്‍ നിക്ഷേപിച്ച് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബന്ധപ്പെട്ട എയര്‍ലൈന്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാകും. അപകടകരമായ സാമഗ്രികളില്ലെന്ന സത്യപ്രസ്താവന യാത്രക്കാരന്‍ അംഗീകരിക്കുന്നതോടെ പരിശോധനകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ പൂര്‍ത്തിയാക്കുന്നു; ബാഗ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു.
Next Story
Videos