ഇനി വരി നിന്ന് മുഷിയേണ്ട; യാത്രക്കാര്‍ക്ക് സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാല്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ (ടി 1) സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം ആരംഭിച്ചു. യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാനും എയര്‍പോര്‍ട്ട് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി. എയര്‍ലൈന്‍ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക്-ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാന്‍ ഈ സൗകര്യം സഹായിക്കും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ,എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ആഭ്യന്തര മേഖലയിലെ 95% യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
കിയോസ്‌കിന്റെ പ്രവര്‍ത്തനം ഇങ്ങനെ
ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസും ബാഗ് ടാഗും പ്രിന്റ് ചെയ്തെടുക്കാം. ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം യാത്രക്കാര്‍ക്ക് ബാഗുകള്‍ ബാഗ് ഡ്രോപ്പിംഗ് സംവിധാനത്തിലേക്ക് ഇടാന്‍ കഴിയും
27 മുതല്‍ 30 വരെയുള്ള ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ നാല് സെല്‍ഫ്-ബാഗ് ഡ്രോപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇത് സിയാലിന്റെ ബാഗേജ് ഹാന്‍ഡ്ലിംഗ് സംവിധാനവുമായും ബന്ധിപ്പിച്ചിട്ടുണ്ട്. യന്ത്രങ്ങള്‍ കാനഡയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള അതേ സംവിധാനമാണ് സിയാല്‍ ഒരുക്കിയിട്ടുള്ളത്.
യാത്രക്കാര്‍ക്ക് സുഗമവും തടസരഹിതവുമായ യാത്രാനുഭം നല്‍കുകയാണ് ലക്ഷ്യമെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ചെക്ക്-ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യോമയാന മേഖല വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഇത് മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കാനുള്ള പദ്ധതി സിയാല്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യോമയാന വ്യവസായത്തില്‍ സിയാലിനെ മുന്‍നിരയില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി ബോര്‍ഡിംഗ് പാസില്ലാതെയും ചെക്ക്-ഇന്‍ ചെയ്യാം
ഇതിനുപുറമേ, 'കടലാസ് രഹിത' യാത്ര ചെയ്യാന്‍ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിജി യാത്ര സംരംഭവും സിയാല്‍ നേരത്തെ ഒരുക്കിയിരുന്നു. ടെര്‍മിനല്‍ കവാടങ്ങള്‍, സെക്യൂരിറ്റി, ബോര്‍ഡിംഗ് ഗേറ്റ് എന്നിവിടങ്ങളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് കഴിയും. ഈ സാങ്കേതികവിദ്യയെ സെല്‍ഫ്-ബാഗ് ഡ്രോപ്പ് സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയില്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്-ഇന്‍ ചെയ്യാന്‍ കഴിയും.

Related Articles

Next Story

Videos

Share it