ഡല്‍ഹിയിലെ പഴയ വണ്ടികള്‍ കൂടുതലായി കേരളത്തില്‍ എത്താന്‍ സാധ്യത, കാലാവധി കഴിഞ്ഞതിന് ഇന്നു മുതല്‍ ഡീസലും പെട്രോളും കൊടുക്കില്ല, നിരോധനം വൈകാതെ സമീപ നഗരങ്ങളിലേക്കും

വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏത് സംസ്ഥാനത്ത് നിന്നാണെന്ന് പരിഗണിക്കാതെയാണ് നിയന്ത്രണം
vehicle insurance
vehicle insuranceimage credit : Canva
Published on

കാലാവധി പൂര്‍ത്തിയായ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കാത്ത നിയമം ഡല്‍ഹിയില്‍ ഇന്ന് (ജൂലൈ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏത് സംസ്ഥാനത്ത് നിന്നാണെന്ന പരിഗണിക്കാതെയാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഉൾപ്പെടെ കാലാവധി പൂര്‍ത്തിയായ എല്ലാ വാഹനങ്ങള്‍ക്കും ഡൽഹിയിൽ ഇന്ധനം നിറയ്ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 1 മുതൽ പെട്രോള്‍ പമ്പുകള്‍ ഇന്ധനം നൽകുന്നത് നിർത്തണമെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ (CAQM) നേരത്തെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഗതാഗത വകുപ്പ്, പോലീസ്, ട്രാഫിക് പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ (MCD) എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ സംവിധാനമാണ് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരുത്താന്‍ ഡല്‍ഹിയിലുടനീളം വിന്യസിച്ചിരിക്കുന്നത്.

വാഹനങ്ങളെ കണ്ടെത്തുന്നത് ഇങ്ങനെ

ഇന്ധന സ്റ്റേഷനുകളിലെ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഡൽഹി ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനെയാണ് (DTIDC) ഏൽപ്പിച്ചിരിക്കുന്നത്. ക്യാമറകള്‍ നമ്പർ പ്ലേറ്റുകൾ പകര്‍ത്തി പരിവാഹൻ ഡാറ്റാബേസുമായി ഒത്തുനോക്കി വാഹനത്തിന്റെ പഴക്കം പരിശോധിക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങൾ വളരെ പഴക്കമുള്ളതായി കണ്ടെത്തിയാല്‍ കേന്ദ്ര കൺട്രോൾ റൂമിലേക്കും എൻഫോഴ്‌സ്‌മെന്റ് ടീമുകളിലേക്കും അലേർട്ടുകൾ പോകുന്നതാണ്.

ഇത്തരത്തില്‍ തിരിച്ചറിയപ്പെടുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ കണ്ടുകെട്ടുക, നശിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്വീകരിക്കും. നിയന്ത്രണം ലംഘിക്കുന്ന ഇന്ധന സ്റ്റേഷനുകൾക്കെതിരെയും നടപടികൾ എടുക്കുന്നതാണ്.

നിരോധനം അയല്‍ നഗരങ്ങളിലേക്കും

10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് 2018 ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിക്കുന്നത് 2014 ലാണ്. ഇത് ഡൽഹിയിലെ ഏകദേശം 62 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. അതിൽ 41 ശലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. നിരോധനം അയല്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. നവംബർ 1 മുതൽ ഡല്‍ഹിയുടെ അയല്‍ നഗരങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, സോണിപത്ത് എന്നിവിടങ്ങളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം പഴയ വാഹനങ്ങള്‍ക്കുളള നിരോധനം കര്‍ശനമാക്കിയതിനാല്‍, ഡല്‍ഹിയില്‍ നിന്ന് ഇത്തരത്തിലുളള വാഹനങ്ങള്‍ താരതമ്യേന വിലക്കുറവില്‍ കേരളമടക്കമുളള മറ്റു സംസ്ഥാനങ്ങളിലേക്ക് എത്താനുളള സാധ്യതകളും ഉണ്ട്.

Delhi bans fuel for old diesel and petrol vehicles with advanced tech enforcement to curb pollution.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com