ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 16, 2020

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 16, 2020
Published on
1. റബര്‍ വില ഇനിയും ഉയരാന്‍ സാധ്യത

രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു. കോവിഡിനു ശേഷം ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യവസായം പൂര്‍വ സ്ഥിതിയിലായതും റബ്ബര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ ഉല്‍പ്പാദനം തടസ്സപ്പെട്ടതുമാണ് വില ഉയര്‍ച്ചയ്ക്ക് കാരണമായത്. വില ഇനിയും ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നുള്ളത്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയുമാണ് വില.

റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്ന ചൈന ലോക്ക് ഡൗണിനു ശേഷം റബര്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.  ഷാങ്ഹായ് വിപണിയില്‍ വില ഓരോ ദിവസവും ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വിപണിയില്‍ റബറിന്റെ ക്ഷാമവും വില ഉയരാന്‍ കാരണമായിട്ടുണ്ട്. തായ്‌ലാന്‍ഡിലെ തുടര്‍ച്ചയായ മഴ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ലിന്‍ഫ കൊടുങ്കാറ്റിനെ തുടര്‍ന്ന് വിയറ്റ്‌നാമിലും കനത്ത മഴയാണ്. മാത്രമല്ല, തായ്‌ലാന്‍ഡിലും മലേഷ്യയിലും അടക്കം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും റബര്‍ ഉല്‍പ്പാദനത്തെ ബാധിച്ചു.

ആഗോളതലത്തില്‍ റബര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.8 ശതമാനം കുറവുണ്ടായതായി ദി അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) ചൂണ്ടിക്കാട്ടുന്നു.

2. ഐഡിബിഐയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ഇക്കണോമിക്‌സ് അഫയേഴ്‌സ് കാബിനറ്റ് കമ്മിറ്റിയുടെ അനുമതി തേടിയതാണ് സൂചന. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈവശമാണ് ഐഡിബിഐയുടെ 51 ശതമാനം ഓഹരികള്‍.

3. കോവിഡിന്റെ രണ്ടാം വരവ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ആശങ്കയില്‍

കോവിഡില്‍ നിന്ന് ഒരു പരിധി വരെ പുറത്തുകടക്കുന്നുവെന്ന ആശ്വാസത്തിന് വിരാമമിട്ട് യൂറോപ്പിലും പശ്ചിമേഷ്യയിലും പകര്‍ച്ചവ്യാധി രണ്ടാമതും രൂക്ഷമാകുന്നതിന്റെ സൂചന ലഭിക്കുമ്പോള്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ച് പൊതുഗതാഗതവും മറ്റും സാധാരണ നിലയിലേക്ക് പോകുന്നുവെന്ന സൂചനയുടെ പിന്‍ബലത്തില്‍ എണ്ണയുടെ ഉപഭോഗത്തിലും വിലയിലും നേരിയ ഉണര്‍വുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സ് ഇപ്പോള്‍ തന്നെ കര്‍ഫ്യു പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടണ്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പുതിയ നിബന്ധനങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തില്‍. ഇത് ഇനിയും എണ്ണ ഉപഭോഗത്തെ കാര്യമായി സ്വാധീനിക്കും.

കോവിഡിനെ തുടര്‍ന്ന് എണ്ണ ഉപഭോഗം കുത്തനെ ഇടിഞ്ഞതോടെ വിലയിലും വന്‍കുറവുണ്ടായി. ഇത് എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ദയനീയമാക്കിയിരുന്നു. ലോകം വീണ്ടും അടച്ചുപൂട്ടലിലേക്ക് മടങ്ങിയാല്‍ ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ മോശമാകും.

4. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി ഡെല്‍ഹി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിക്കൊണ്ടുള്ള ഇലക്ട്രിക് വാഹന നയം ഡെല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വാരാദ്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് ഇളവ് ചെയ്ത് നല്‍കിയിരുന്നു.

നേരത്തെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാലു ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. ഇരുചക്ര, മുച്ചക്ര ഓട്ടോറിക്ഷകള്‍, ഇ റിക്ഷകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ഇളവ് ലഭിക്കും.

5. കോവിഡ് 19 വാക്‌സിന് അടിയന്തര അനുമതി ലക്ഷ്യമിട്ട് ഫൈസര്‍

സുരക്ഷാ നാഴികക്കല്ലുകള്‍ താണ്ടിയാല്‍ കോവിഡ് വാക്‌സിന് നവംബറില്‍ അനുമതി തേടുമെന്ന് ഫൈസര്‍. കാര്യങ്ങള്‍ വേണ്ടവിധം പുരോഗമിച്ചാല്‍ നവംബര്‍ മൂന്നാംവാരം വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല അറിയിച്ചു. ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഇന്നലെ കൂപ്പുകുത്തിയ വിപണി ഇന്ന് ബാങ്ക് ഓഹരികളുടെ കരുത്തില്‍ കരകയറിയെങ്കിലും ദുര്‍ബലമായ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ആവശ്യമായ സാമ്പത്തിക പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തതും കോവിഡ് വ്യാപനവും സൂചികകളില്‍ പ്രതിഫലിച്ചു. ബാങ്കുകള്‍ക്ക് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നേട്ടം കൊയ്തു.

സെന്‍സെക്‌സ് 254.57 പോയ്ന്റ് ഉയര്‍ന്ന് 39982.98 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.64 ശതമാനം ഉയര്‍ച്ച. നിഫ്റ്റിയാകട്ടെ 82.10 പോയ്ന്റ് ഉയര്‍ന്ന് 11762.50 ലും ക്ലോസ് ചെയ്തു. 0.70 ശതമാനം ഉയര്‍ച്ചയാണിത്. 1459 ഓഹരികളുടെ വിലയില്‍ ഇന്ന് ഉയര്‍ച്ചയുണ്ടായപ്പോള്‍ 1135 ഓഹരികളുടേത് കുറഞ്ഞു. 171 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

ദേശീയ വിപണിയുടെ ചുവടു പിടിച്ച് കേരള ഓഹരികളും നേട്ടമുണ്ടാക്കി. 20 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഴെണ്ണത്തിന് മാത്രമാണ് കാലിടറിയത്.

നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് മുന്നില്‍. ഓഹരി വില 32.25 രൂപ വര്‍ധിച്ച് 1184.70 രൂപയിലെത്തി. 2.80 ശതമാനം വര്‍ധനയാണിത്. വിക്ടറി പേപ്പര്‍ ബോര്‍ഡ്്‌സിന്റേത് 2.95 രൂപ വര്‍ധിച്ച് 108.80 രൂപയും (2.79 ശതമാനം) ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റേത് 3.55 രൂപ വര്‍ധിച്ച് (2.73 ശതമാനം) 133.55 രൂപയിലും എത്തി. 

കോവിഡ് അപ്‌ഡേറ്റ്‌സ് (16- 10- 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 7,283 , ഇന്നലെ : 6244

മരണം :  24 , ഇന്നലെ : 20

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 3,25,212 , ഇന്നലെ : 3,17,929

മരണം : 1,113 , ഇന്നലെ : 1,089

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,370,468 , ഇന്നലെ : 7,307,097

മരണം : 112,161 , ഇന്നലെ : 111,266

ലോകത്ത് ഇതുവരെ:

രോഗികള്‍: 38,854,432, ഇന്നലെ : 38,442,524 

മരണം :  1,097,359 , ഇന്നലെ : 1,091,464

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com