ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 17, 2020

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 17, 2020
Published on
സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നു വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്‍ക്കും കോവിഡ് കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുവന്ന 8 പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന അഞ്ചുപേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നുവന്ന നാലുപേര്‍ക്കും ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുവന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 90 പേര്‍ക്ക് രോഗമുക്തി. 20 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 277 മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം-14, മലപ്പുറം-11, കാസര്‍ഗോഡ്-9, തൃശ്ശൂര്‍-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂര്‍-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1. ഇതാണ് കോവിഡ് 19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ത്യയില്‍

രോഗികള്‍: 354,065 (ഇന്നലെ 343,091 )

മരണം: 11,903 (ഇന്നലെ 9,900 )

ലോകത്ത്

രോഗികള്‍: 8,173,940 (ഇന്നലെ 8,034,504 )

മരണം : 443,685 (ഇന്നലെ 436,899)

ബുധനാഴ്ച ഓഹരി വിപണി അങ്ങേയറ്റം അസ്ഥിരമായിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവും ഇന്ത്യയിലും രാജ്യാന്തരതലത്തിലും കോവിഡ് 19 കേസുകള്‍ അടിക്കടി കൂടുന്നതും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചതാണ് വിപണിയെ അസ്ഥിരമാക്കിയത്. സെന്‍സെക്സ് 97 പോയ്ന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 33,508 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 9,900 തലത്തില്‍ നിന്ന് താഴേയ്ക്ക് പോയി 9,881ല്‍ ക്ലോസ് ചെയ്തു. 33 പോയ്ന്റ് അഥവാ 0.33 ശതമാനം ഇടിവാണ് നിഫ്റ്റിയിലുണ്ടായത്. ഇന്നത്ത വ്യാപാരത്തിനിടെ 10,003 പോയ്ന്റ് ഒരുവട്ടം ഭേദിച്ചിരുന്നു.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനികളുടെ പ്രകടനവും ഇന്ന് സമ്മിശ്രമായിരുന്നു. 14 കമ്പനികള്‍ ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെടുത്തി. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബിയും ധനലക്ഷ്മിയും സൗത്ത് ഇന്ത്യന്‍ ബാങ്കും ഇന്നലത്തേതിനേക്കാളും കുറഞ്ഞ തലത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡറല്‍ ബാങ്ക് വില മാറ്റമില്ലാതെ നിന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെടുത്താല്‍ മണപ്പുറം ഫിനാന്‍സിന്റെ വില കുറഞ്ഞപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും നില മെച്ചപ്പെടുത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,390 രൂപ (ഇന്നലെ 4,375 രൂപ)

ഒരു ഡോളര്‍ : 76.25 രൂപ (ഇന്നലെ 76.21 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude37.80-0.58
Brent Crude40.49-0.47
Natural Gas1.606-0.008
മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍:
ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് പ്രധാനമന്ത്രി മോദി

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കും. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനം- മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈന-ഇന്ത്യ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍

ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍.സുരക്ഷിതമല്ലാത്ത ഈ ആപ്ലിക്കേഷനുകള്‍ വഴി വലിയ അളവിലുള്ള വിവരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് കടത്തുന്നതിനാല്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയോ, ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കുകയോ ചെയ്യണമെന്ന് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സൂം, ടിക് ടോക്ക്, യുസി ബ്രൗസര്‍, ക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ ഉള്‍പ്പടെ വലിയ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

2025 ല്‍ ജിയോ 48 ശതമാനം വിപണി വിഹിതം സ്വന്തമാക്കുമെന്ന് ബേണ്‍സ്റ്റെയിന്‍

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 2025ഓടെ 50 ലക്ഷം വരിക്കാരോടെ 48 ശതമാനം വിപണി വിഹിതം രാജ്യത്ത് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ബേണ്‍സ്റ്റെയിന്റേതാണീ വിലയിരുത്തല്‍. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ജിയോ ഓഹരി വിപണിയില്‍ ലസ്റ്റുചെയ്യും. അപ്പോഴേയ്ക്കും ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ 2020 സാമ്പത്തിക വര്‍ഷത്തെ ഏകീകൃത അറ്റാദായം 51 ശതമാനം വര്‍ധനവോടെ 3,169 കോടി രൂപയായി. മുന്‍ വര്‍ഷം 2103 കോടിയായിരുന്നു അറ്റാദായം. വായ്പ ആസ്തി 22 ശതമാനം ഉയര്‍ന്ന് 46,871 കോടി രൂപയായി.

ജി.ഡി.പി സങ്കോചത്തിന്റെ ആഘാത ഭീഷണിയില്‍ എം.എസ്.എം.ഇ മേഖല

ആഭ്യന്തര ഉല്‍പാദനത്തിലെ സങ്കോചം എം.എസ്.എം.ഇ മേഖലാ വ്യവസായങ്ങള്‍ക്ക് ഭീഷണിയെന്ന് റിപ്പോര്‍ട്ട്.മൈക്രോ ചെറുകിട ഇടത്തരം മേഖലയ്ക്ക് 21 ശതമാനം വരെ വരുമാനത്തില്‍ കുത്തനെ ഇടിവ് നേരിടേണ്ടിവരുമെന്നും പ്രവര്‍ത്തന ലാഭം 4-5 ശതമാനമായി കുറയുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗം വിലയിരുത്തുന്നു.

സാമ്പത്തിക വീണ്ടെടുപ്പ് അനിശ്ചിതത്വത്തിലെന്ന് ഗീതാ ഗോപിനാഥ്

ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്നതെന്നും വീണ്ടെടുക്കലിന്റെ പാത അഗാധമായ അനിശ്ചിതത്വത്തിലാണെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തികച്ചും ആഗോളമാണെന്നും മുന്‍കാല പ്രതിസന്ധികളേക്കാള്‍ വ്യത്യസ്തമായാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ബ്ലോഗിലെ കുറിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടത്തുന്ന തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പുതിയതായി 6,78,147 പുരുഷന്മാര്‍, 8,01,328 സ്ത്രീകള്‍ 66 ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിങ്ങനെ 14,79,541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.

വിമാനം വഴി വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാനം

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഓര്‍ഡിനന്‍സ് വരും

സംസ്ഥാന വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുന്നതിനുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ആംഡ് പൊലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാനും തീരുമാനമായി.

മോറട്ടോറിയം പലിശ: ഹര്‍ജി ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി

മോറട്ടോറിയംകാലത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കല്‍ വീണ്ടും നീട്ടി. ഓഗസ്റ്റ് ആദ്യവാരത്തിലാണ് കേസ് വീണ്ടും പരിഗണിക്കുക.വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കനുസൃതമായി പദ്ധതി ആവിഷ്‌കരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തില്‍ 46 ശതമാനം വര്‍ധന

മുന്‍മാസത്തെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകളില്‍ മെയ് മാസം 46ശതമാനം നിക്ഷേപം അധികമായെത്തി. 63,655 കോടി രൂപയാണ് മെയില്‍ ഡെറ്റ് ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം. ഏപ്രിലില്‍ 43,431 കോടിയായിരുന്നു.ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പരത്തിയഭീതി ഡെറ്റ് നിക്ഷേപകരില്‍നിന്ന് അകന്നുതുടങ്ങിയെന്ന് മെയ്മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. നഷ്ടസാധ്യത തീരെകുറഞ്ഞ ലിക്വിഡ് ഫണ്ടുകളിലാണ് നിക്ഷേപം അധികമായെത്തിയത്.

ചൈനയുടെ സാമ്പത്തിക മുന്നേറ്റം തടയാന്‍ ഇ യു- യു എസ് ധാരണ

കൊറോണ വൈറസ് മൂലം ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏകദേശ ധാരണയിലെത്തി.അറ്റ്ലാന്റിക് മേഖലയിലെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്നുള്ള വിശാലമായ ഒരു സഖ്യമാണ് പരിഗണനയിലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com