ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 11, 2021

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് മൂഡീസ് അടക്കം പ്രമുഖ റേറ്റിംഗ് ഏജന്‍സികള്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി കുറച്ചുകാലം തുടരാനിടയുണ്ടെന്ന അനുമാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.3 ശതമാനമായി കുറച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. ജാപ്പനീസ് ബ്രോക്കറേജ് നോമുറയും ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് നേരത്തെ പ്രവചിച്ച 12.6 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി കുറച്ചു. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നിരക്ക് 8.2 ശതമാനമായി കുറഞ്ഞേക്കാമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കിയിട്ടുണ്ട്.
പി എന്‍ ബി ഇടപാടുകാര്‍ക്ക് ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കി ജിയോജിത്
ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണയിലെത്തി. ഇതനുസരിച്ച് പി എന്‍ ബിയില്‍ സേവിംഗ്സ് അക്കൗണ്ടുള്ള ആര്‍ക്കും ഒരു പി എന്‍ ബി ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിംഗ് അക്കൗണ്ടും ലഭ്യമാവും.
പതഞ്ജലി ബിസ്‌കറ്റ്‌സ് വിഭാഗം ഏറ്റെടുത്ത് 'രുചി സോയ'
പതഞ്ജലിയുടെ ബിസ്‌കറ്റ് വിഭാഗം ഏറ്റെടുത്തതായി പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡ് ആയ രുചി സോയ. 60.02 കോടി രൂപയ്ക്കാണ് രുചി സോയ ഇന്‍ഡസ്ട്രീസ് പതഞ്ജലി ബ്രാന്‍ഡിന്റെ ഈ വിഭാഗം ഏറ്റെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ചികിത്സയിലുള്ളത് 4,23,957 പേര്‍
സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. 4,23,957 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
യമഹ ഇന്ത്യയും ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നു, രണ്ട് പ്ലാന്റുകള്‍ പൂട്ടും
യമഹ തങ്ങളുടെ ഇന്ത്യയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി ഇപ്പോള്‍ നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൊവിഡില്‍ നിന്നും തങ്ങളുടെ തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഉത്തര്‍പ്രദേശിലെ സൂരജ് പൂരിലെയും തമിഴ്നാട്ടിലെ കാഞ്ചീപുരത്തെയും ം പ്ലാന്റുകളാണ് ഇപ്പോള്‍ അടയ്ക്കുന്നത്.
മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വര്‍ധനവിലേക്ക്. സ്വര്‍ണവില ചൊവ്വാഴ്ച പവന് വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. 35,680 രൂപ നിലവാരത്തിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഒരു പവന്റെവില.
സ്വര്‍ണാഭരണ ഹോള്‍മാര്‍ക്കിംഗ് നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരില്ല
സ്വര്‍ണാഭരണങ്ങള്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയുള്ള നിയമം ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍ വരില്ല. ജൂണ്‍ 14 വരെ നീട്ടാന്‍ തീരുമാനമായി. വ്യാപാര ശാലകളും ആഭരണ നിര്‍മാണ യൂണിറ്റുകളും ഹാള്‍മാര്‍ക്കിങ്ങുള്ള ഉരുപ്പടികള്‍ മാത്രമേ ജൂണ്‍ ഒന്നു മുതല്‍ സൂക്ഷിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാന്‍ പാടുള്ളൂ എന്നും ഇതു ലംഘിക്കുന്നവര്‍ക്കു ബിസ് നിയമത്തിലെ 29 (2) വകുപ്പ് പ്രകാരം പിഴയും ഒരു വര്‍ഷത്തെ തടവും ലഭിക്കും എന്നുമാണു നിലവിലെ ഉത്തരവ്.
14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി ഭാരത് പേ
14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി ഭാരത് പേ. സാമ്പത്തിക ഞെരുക്കം നേരിടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി വായ്പാ സഹായവുമായി മുന്നോട്ട് പോകുന്നതിനാണ് വായ്പ എന്ന് ഭാരത് പേ വ്യക്തമാക്കി. നോര്‍തേണ്‍ ആര്‍ക് ക്യാപിറ്റലില്‍ നിന്നും 50 കോടി കമ്പനി വായ്പയായി എടുത്തിട്ടുണ്ട്. അത് വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വായ്പാ സഹായം നല്‍കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. 2021 ന് ശേഷം ഭാരത് പേ വാങ്ങിയ ആറാമത്തെ ഡെബ്റ്റ് ഫിനാന്‍സിംഗാണ് ഇത്. ജനുവരിയില്‍ മൂന്ന് മുന്‍നിര കമ്പനികളില്‍ നിന്നായി 200 കോടി കമ്പനി സ്വീകരിച്ചിരുന്നു.
ആഗോള വിപണി ദുര്‍ബലമായതോടെ നാലു ദിവസത്തെ തുടര്‍ച്ചയായുള്ള നേട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴേക്ക് പോയി. സെന്‍സെക്സ് 340.60 പോയ്ന്റ് ഇടിഞ്ഞ് 49161.81 പോയ്ന്റിലും നിഫ്റ്റി 91.60 പോയ്ന്റ് ഇടിഞ്ഞ് 14850.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1845 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1204 ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. 190 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 19 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 10 ശതമാനം നേട്ടവുമായി പാറ്റ്സ്പിന്‍ ഇന്ത്യ ഇതില്‍ മുന്നിലാണ്. കല്യാണ്‍ ജൂവലേഴ്സ് 3.50 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.02 ശതമാനം നേട്ടവുമായി മുന്നേറ്റം തുടരുകയാണ്. ഫെഡറല്‍ ബാങ്ക് (2.77 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.90 ശതമാനം), എവിറ്റി (1.83 ശതമാനം), കിറ്റെക്സ് (1.77 ശതമാനം), ആസ്റ്റര്‍ ഡിഎം (1.73 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളാണ്.
Gold & Silver Price Today
സ്വര്‍ണം : 4470, ഇന്നലെ : 4461
വെള്ളി : 71.60 , ഇന്നലെ : 71.50
കോവിഡ് അപ്‌ഡേറ്റ്‌സ് - May 11, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:37290
മരണം: 79
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :22,992,517
മരണം: 249,992
ലോകത്തില്‍ ഇതുവരെ
രോഗികള്‍:158,620,404
മരണം: 3,299,817





Related Articles
Next Story
Videos
Share it