

കേരളത്തില്‍ ഇന്നും കോവിഡ്-19 പോസിറ്റീവായത് 24 പേര്‍ക്ക്. മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോട്ടയം,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.
രോഗികള്‍ 112,359 (ഇന്നലെ 106,750 )
മരണം 3,435 (ഇന്നലെ 3,303 )
രോഗികള്‍ : 4,996,472 (ഇന്നലെ 4,897,492 )
മരണം 328,115 (ഇന്നലെ 323,285 )
24 മണിക്കൂറിനിടെ 5609 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്. 3435 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 45,300 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ നേരിയ മുന്നേറ്റം മൂന്നാം ദിവസവും തുടരുകയാണ്. സെന്‍സെക്സ് 114.29 പോയ്ന്റ് ഉയര്‍ന്ന് 30932.90 പോയ്ന്റിലെത്തി. 0.37 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയാകട്ടെ 0.44 ശതമാനം (39.70 പോയ്ന്റ്) ഉയര്‍ന്ന് 9106.25 പോയ്ന്റിലെത്തി. ഇന്ന് 1302 ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 908 കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തില്‍ കലാശിച്ചത്. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഐറ്റിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയ്ന്റ്സ്, ഹീറോ മോട്ടോകോര്‍പ്, മാരുതി സുസുകി തുടങ്ങിയവ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നിലാണ്. അതേസമയം ബാങ്കിംഗ് ഫിനാന്‍സ് മേഖലയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്
കേരള കമ്പനികളില്‍ 14 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 12 എണ്ണം നഷ്ടമുണ്ടാക്കിയപ്പോള്‍ പാറ്റ്സ്പിന്‍ ഇന്ത്യയുടെ വിലയില്‍ മാറ്റമുണ്ടായില്ല. നിറ്റ ജലാറ്റിനാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി. 5.28 ശതമാനം വര്‍ധനയോടെ ഓഹരി വില 113.75 രൂപയിലെത്തി. 5.70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ഓഹരി വില 3.30 രൂപ വര്‍ധിച്ച് 70 രൂപയിലെത്തി. 4.95 ശതമാനത്തിന്റെ വര്‍ധനയാണിത്. ഇന്‍ഡി ട്രേഡിന്റെ വില 85 പൈസ വര്‍ധിച്ച് 19.50 ആയി. 4.56 ശതമാനം വര്‍ധനയാണിത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ 4.30 ശതമാനം വര്‍ധന രേഖപ്പെടുത്തി. 4.45 രൂപ വര്‍ധിച്ച് ഓഹരി വില 107.85 ലെത്തി. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വില 111 രൂപയായി. ഓഹരി വിലയില്‍ 3.95 രൂപയുടെ വര്‍ധനയാണിന്ന് ഉണ്ടായത്.
സ്വര്‍ണം 1 ഗ്രാം : 4,315 രൂപ (ഇന്നലെ: 4,335 )
ഒരു ഡോളര്‍ : 75.50 രൂപ (ഇന്നലെ:75.52 )
വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ടിക്കറ്റ് ബുക്കിംഗില്‍ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്. കൊറോണ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിരക്ക് അംഗീകരിച്ച് സര്‍വീസ് നടത്താന്‍ വിമാനകമ്പനികള്‍ തയ്യാറാകണമെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യാഴാഴ്ച അറിയിച്ചു. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍ വീശിയടിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുത്തനെ ഉയര്‍ത്തി മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വില്‍പനയില്‍ 60 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വില്‍പനശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ ആദ്യ മൂന്നു ദിവസങ്ങളില്‍ റെക്കോര്‍ഡ് വില്‍പനയായിരുന്നു രേഖപ്പെടുത്തിയത്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്യണ്‍ ഡോളര്‍ നറുക്കെടുപ്പില്‍ കോട്ടയം സ്വദേശി രാജന്‍ കുര്യന്‍ 10 ലക്ഷം ഡോളര്‍ (7.5 കോടി രൂപ) സമ്മാനത്തിന് അര്‍ഹനായി.കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയില്‍ കഴിയവെയാണ കെട്ടിട നിര്‍മാണ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന രാജന്‍ കുര്യനെ ഭാഗ്യം കടാക്ഷിച്ചത്. തുകയില്‍ നല്ലൊരു ശതമാനം ദുരിതമനുഭവിക്കുന്നവര്‍ക്കു മാറ്റിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനം നിര്‍ത്തുന്ന ഫണ്ടുകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നു സെബി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പണലഭ്യത കുറഞ്ഞതിനാല്‍ പ്രതിസന്ധിയിലായ ഫ്രങ്ക്‌ളിന് ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ച സാഹചര്യത്തിലാണിത്. വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും പണംപിന്‍വലിക്കാനുള്ള അവസരം ലഭിക്കും. ഓഹരികളെപ്പോലെ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഇലക്ട്രോണിക്(ഡീമാറ്റ്) രൂപത്തിലേക്ക് മാറ്റിയശേഷമാണ് ഇടപാട് സാധ്യമാകുക.
പ്രതിസന്ധിയെതുടര്‍ന്ന് ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍നിന്ന് മുഴുവന്‍ പണവും തിരിച്ചുകിട്ടാന്‍ ആറു വര്‍ഷം വരെയെടുത്തേക്കും. നിക്ഷേപകര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് എഎംസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ഘട്ടംഘട്ടമായിട്ടായിരിക്കും ആറു ഫണ്ടുകളിലെയും നിക്ഷേപകര്‍ക്ക് പണം നല്‍കുക. ഷോര്‍ട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം തിരിച്ചുകിട്ടാനാണ് ആറു വര്‍ഷമെടുക്കുന്നത്.
തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. യാത്രാസമയത്തെ മുന്‍ നിര്‍ത്തി ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുക. 40 മിനിറ്റു മുതല്‍ 210 മിനിറ്റുവരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞതും പരമാവധിയുമായ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഇടയ്ക്കുള്ള തുകയ്ക്കായിരിക്കും ടിക്കറ്റ് വില്‍ക്കുക. 40 ശതമാനം സീറ്റുകളില്‍ യാത്ര അനുവദിക്കും.
കോവിഡ് -19 കാരണം സ്വിഗ്ഗിയും സൊമാറ്റോയും ബിസിനസ് താഴ്ന്ന് വിളറുമ്പോള്‍ ആമസോണ്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനം ബെംഗളൂരുവിലെ തിരഞ്ഞെടുത്ത മേഖലകളില്‍ ആരംഭിച്ചു. ശുചിത്വ സര്‍ട്ടിഫിക്കറ്റുള്ള റെസ്റ്റോറന്റുകളില്‍നിന്നു സമ്പര്‍ക്ക രഹിത ഡെലിവറിയാണ് ആമസോണ്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.ഇന്ത്യയില്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനം ആരംഭിച്ച ആദ്യ സ്ഥലം ബെംഗളൂരുവാണ്.
കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമായിരിക്കുമ്പോഴും രാജ്യത്തെ 5 കോടിയിലധികം ആളുകള്‍ക്ക് കൈകഴുകുന്നതിനുള്ള മതിയായ സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനില്‍ (ഐഎച്ച്എംഇ) ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 46 രാജ്യങ്ങളിലെ പകുതിയിലധികം വരുന്ന ജനങ്ങള്‍ക്കും സോപ്പും ശുദ്ധജലവും ലഭ്യമല്ലെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം മൂലം ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി താല്‍ക്കാലികമാകുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഇപ്പോഴത്തെ ബുദ്ധിമട്ടുകള്‍ തരണം ചെയ്ത് കൂടുതല്‍ ശക്തിയോടെയുള്ള തിരിച്ചുവരവുണ്ടാകുമെന്ന് സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലേക്ക് 80% ഗള്‍ഫ് പ്രവാസികള്‍ മടങ്ങിയെത്തിയേക്കും. ഇവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്- എം.എ യൂസഫലി പറഞ്ഞു.ഇപ്പോള്‍ തന്നെ പലരുടെയും ശമ്പളം 50% വരെ വെട്ടിക്കുറച്ചു. ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്നവരുമേറെ.കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശങ്ങളിലുള്ള മലയാളി സംരംഭകര്‍ ശ്രദ്ധ ചെലുത്തണം.
തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം.യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.
അലിബാബയും, ബൈഡുവും ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനി ഓഹരികളുടെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയാന്‍ വരെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സുപ്രധാന ബില്ലിന് യു.എസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ കുറേക്കാലമായി തുടര്‍ന്നുവരുന്ന സംഘര്‍ഷം മുറുകാന്‍ വഴി തെളിക്കുന്ന സംഭവ വികാസമാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine