

ഇന്ത്യയുടെ ജിഡിപിയില്‍ ഗണ്യമായ കുറവുണ്ടായതായും കരകയറാന്‍ ഇനിയുമേറെ സമയമെടുക്കുമെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍ ജിഡിപി വളര്‍ച്ചാ നിരക്ക് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജിന്റെയും പിന്തുണയുടെയോ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതുവരെ വളരെ കുറഞ്ഞ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി. ലിങ്ക്ഡ്ഇനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, ഒന്നാം പാദ കാലയളവില്‍ ജിഡിപിയിലെ 23.9 ശതമാനം ഇടിവ് അനൗപചാരിക മേഖലയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ഇതിലും മോശമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ ത്രൈമാസ ജിഡിപി വളര്‍ച്ചാ നമ്മെയെല്ലാം ഭയപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യയിലെ 23.9 ശതമാനം ഇടിവ് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയെയും (12.4% ജിഡിപി ഇടിവ്) അമേരിക്കയെയുമായി (9.5% ജിഡിപി ഇടിവ്) താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. അദ്ദേഹം കുറിച്ചു.
ലയനത്തിനു ശേഷം രണ്ട് വര്‍ഷമാകുമ്പോള്‍ റീബ്രാന്‍ഡിങ്ങുമായി വോഡഫോണ്‍ ഐഡിയ ടെലികോം ഒപ്പറേറ്റേഴ്‌സ്. വോഡഫോണിന്റെ വിയും ഐഡിയയുടെ ഐയും ചേര്‍ത്ത് വി എന്നായിരിക്കും വോഡ- ഐഡിയ ഇനി അറിയപ്പെടുക. ഇത്രയും നാള്‍ വോഡഫോണ്‍, ഐഡിയ ബ്രാന്‍ഡുകള്‍ പ്രത്യേകമായി ആണ് കമ്പനി പ്രൊമോട്ടു ചെയ്തിരുന്നത് എങ്കിലും ഇനി ഒറ്റ ബ്രാന്‍ഡ് ആയിട്ടായിരിയ്ക്കും അറിയപ്പെടുന്നതും. 2018 ഓഗസ്റ്റിലായിരുന്നു വോഡഫോണും ഐഡിയയും ലയിക്കുന്നത്. പുതിയ ബ്രാന്‍ഡ് നാമം തിങ്കളാഴ്ച വൈകുന്നേരം മുന്‍പ് മുതല്‍ പ്രസിദ്ധപ്പെടുത്തുമെന്നും വോഡഫോണ്‍ ഐഡിയ എം ഡിയും സി ഇ ഓ യുമായ രവിന്ദര്‍ താക്കര്‍ അറിയിച്ചു.
രാജ്യം സ്വന്തമായി വികസിപ്പിച്ച കോവിഡ് വാക്സിനുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ബെയ്ജിംഗ് ട്രേഡ് ഫെയറിലാണ് വാക്‌സിനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചൈനീസ് മരുന്നുല്‍പ്പാദന സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇവ വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ സുപ്രധാനമായ മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇവയ്ക്ക് ഈ വര്‍ഷം അവസാനംതന്നെ അനുമതി ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ലോകം വാക്‌സിന്‍ ഫലങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച ശുഭകരമായ വാര്‍ത്തയാണിതെന്നു റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ്) പ്രകാരം ആദ്യമായി വീട് വാങ്ങുന്ന 2 ലക്ഷത്തിലധികം പേര്‍ക്ക് 47,000 കോടി രൂപയിലധികം ഭവന വായ്പയ്ക്ക് അംഗീകാരം നല്‍കിയതായി ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. ഗുണഭോക്താക്കള്‍ക്ക് 4,700 കോടിയിലധികം രൂപ പലിശ സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് എച്ച്ഡിഎഫ്‌സി അറിയിച്ചു. സാമ്പത്തികമായി ദുര്‍ബലമായ വിഭാഗം (ഇഡബ്ല്യുഎസ്), ലോ ഇന്‍കം ഗ്രൂപ്പ് (എല്‍ഐജി), മിഡില്‍ ഇന്‍കം ഗ്രൂപ്പുകള്‍ (എംഐജി) എന്നിവയില്‍പ്പെട്ട 2 ലക്ഷത്തിലധികം പേര്‍ക്കാണ് സിഎല്‍എസ്എസിന് കീഴില്‍ 47,000 കോടിയിലധികം ഭവന വായ്പ അനുവദിച്ചതെന്ന് എച്ച്ഡിഎഫ്സി പ്രസ്താവനയില്‍ പറഞ്ഞു. 2 ലക്ഷം പേര്‍ക്ക് 4,700 കോടിയിലധികം രൂപ പിഎംഎവൈക്ക് കീഴിലുള്ള സബ്സിഡി കൈമാറി, ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി മാറിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
'എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം' എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഭവന, നഗരകാര്യ മന്ത്രാലയവും ദേശീയ ഭവന ബാങ്കും (എന്‍എച്ച്ബി) പങ്കാളിത്തതോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2015 മുതല്‍ വിവിധ വരുമാന വിഭാഗങ്ങളില്‍പെട്ട അപേക്ഷകരെ സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതി സഹായിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രേണു സുദ് കര്‍ണാട് പറഞ്ഞു.
സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച് 1300 രൂപയില്‍ നിന്നും 1400 രൂപയാക്കാന്‍ ആണ് സര്‍ക്കാര്‍ ഉത്തരവായത്. 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. കേരള സര്‍ക്കാര്‍ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.
എല്‍ഐസി ഐപിഒ ഉണ്ടാകുമെന്ന് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ഐപിഒയ്ക്കുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരും തുടങ്ങിക്കഴിഞ്ഞു. 25 ശതമാനം വരെ ഓഹരികള്‍ ഉടന്‍ തന്നെ വിറ്റഴിച്ചേക്കും എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ ലഭിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനം ആണ് എല്‍ഐസി. 25 ശതമാനം ഓഹരികള്‍ വിറ്റഴിച്ചാല്‍ സര്‍ക്കാരിന് 75 ശതമാനം ആയിരിക്കും എല്‍ഐസിയില്‍ പങ്കാളിത്തുമുണ്ടാവുക. ചെറുകിട നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും മെച്ചമുണ്ടാകുന്ന രീതിയില്‍ ആയിരിക്കും ഐപിഒ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിലയില്‍ മാത്രം 10 ശതമാനം ഇളവ് ഈ രണ്ട് വിഭാഗക്കാര്‍ക്കും ലഭിച്ചേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി, എഫ് എം സി ജി ഓഹരികള്‍ എന്നിവയില്‍ നിക്ഷേപകര്‍ ഇന്ന് താല്‍പ്പര്യം കാണിച്ചു. അതേ സമയം ചില ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദവും പ്രകടവുമായി. ഇത് രണ്ടും ചേര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി സൂചിക ഇന്ന് 'ഫല്‍റ്റ്' ആയിരുന്നു. സെന്‍സെക്സ് 60 പോയ്ന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 38,417 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചികാ കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി 0.19 ശതമാനം ഉയര്‍ന്ന് (21 പോയ്ന്റ്) 11,355 ലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക് സൂചികകള്‍ താഴ്ന്നപ്പോള്‍ നിഫ്റ്റി ഐടി, നിഫ്റ്റി എഫ് എം സി ജി സൂചികകള്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ സ്മോള്‍കാപ്, മിഡ് കാപ് സൂചികകളും താഴ്ചയാണ് രേഖപ്പെടുത്തിയത്.
വെറും ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ വിലയില്‍ 4.93 ശതമാനം വര്‍ധനയുണ്ടായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഏകദേശം ഒരു ശതമാനത്തോളം ഉയര്‍ന്നു. ബാങ്കിംഗ് ഓഹരികളില്‍, സിഎസ്ബി ബാങ്ക് നേരിയ നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കി ബാങ്കിംഗ് ഓഹരികളും എന്‍ ബി എഫ് സികളും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.
കൊറോണ അപ്ഡേറ്റ്സ്
കേരളത്തില്‍ ഇതുവരെ
രോഗികള്‍:1648, മരണം:359
ലോകത്ത് ഇതുവരെ
രോഗികള്‍: 27,103,845, മരണം: 883,339
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍:4,204,613, മരണം:71,642
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine