ഇനി പാസുണ്ടെങ്കില്‍ മാത്രം വെല്‍കം ടു ഊട്ടി, കൊടൈക്കനാല്‍! ടൂര്‍ പോകുക ഇനി എളുപ്പമല്ല

കേരളത്തിലെ കൊടുംചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഊട്ടിക്കോ കൊടൈക്കനാലിലും ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ രണ്ടാമതൊന്നു ആലോചിച്ച ശേഷം പ്ലാനിംഗുമായി മുന്നോട്ടു പോയാല്‍ മതി. കാരണം, മേയ് 7 മുതല്‍ ഊട്ടിയിലും കൊടൈക്കനാലും പ്രവേശിക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ വരുന്നത് ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഞെരുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ഇ-പാസ് വരുന്നതോടെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണവും നിജപ്പെടുത്തും. കൃത്യമായ രേഖകളില്ലാതെ പോയാല്‍ പെട്ടുപോകുമെന്ന് ചുരുക്കം.
കടുത്ത ചൂടില്‍ വലയുന്ന കേരളത്തിലെ ടൂറിസത്തിന്
തമിഴ്‌നാട്ടിലെ നിയന്ത്രണം ഗുണംചെയ്യും.
പ്രവേശനം നിയന്ത്രിക്കും
മേയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ-പാസ് വഴി ടൂറിസ്റ്റ് വാഹനങ്ങളെ നിയന്ത്രിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇ-പാസ് ആവശ്യമില്ല. 1,300ലധികം ടൂറിസ്റ്റ് ബസുകള്‍ അടക്കം 20,000 വാഹനങ്ങള്‍ പ്രതിദിനം ഊട്ടിയില്‍ എത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പലപ്പോഴും മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നത് നാട്ടുകാരെയും വന്യമൃഗങ്ങളെയും ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്.
ഇതിനു പ്രതിവിധി എന്ന നിലയിലാണ് ഇ-പാസ് കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചത്. അമിതമായ രീതിയില്‍ ആളുകളെത്തുന്നതിന്റെ ദൂഷ്യവശങ്ങള്‍ പഠിക്കാനും ഇതിനു പ്രതിവിധി കണ്ടെത്താനും മദ്രാസ് ഐ.ഐ.ടി, ബംഗളൂരു ഐ.ഐ.എം എന്നിവരോട് നിര്‍ദേശിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ആറുമാസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.
ഇ-പാസ് കര്‍ശനം
നീലഗിരി, ഡിണ്ടിഗല്‍ കളക്ടര്‍മാര്‍ക്കാണ് ഇ-പാസില്‍ കൃത്യമായ നടപടി എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദേശീയ തലത്തിലുള്ള മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് കൊടൈക്കനാലിലും ഊട്ടിയിലും ഇ-പാസ് നിര്‍ബന്ധമാക്കിയിരുന്നു. ഈ മാതൃക തന്നെയാകും ഇത്തവണയും നടപ്പിലാക്കാന്‍ സാധ്യത.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

കേരളത്തില്‍ നിന്ന് മേയ് മാസത്തില്‍ നിരവധിപേര്‍ ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. കടുത്ത തിരക്കും നിയന്ത്രണം വരുന്നതോടെ പല ട്രിപ്പുകളും മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് പോകാന്‍ തയാറെടുത്തിരുന്നവര്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര മാറ്റുന്നത് കേരള ടൂറിസത്തിന് ഗുണം ചെയ്യും.

ചൂട് കടുത്തതോടെ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. മൂന്നാറില്‍ പോലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് തീരെ കുറവാണ്. ചൂട് മാറി മഴ എത്തുന്നതോടെ സഞ്ചാരികള്‍ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it