

തൊഴില്‍ നിഷേധം ആരോപിച്ച് സിഐടിയു നടത്തുന്ന സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ രണ്ടാമത്തെ കടയും അടച്ചുപൂട്ടി. കണ്ണൂര്‍ മാടായിയിലെ ശ്രീപോര്‍ക്കലി സ്റ്റീല്‍ എന്ന കടയാണ്, ആരംഭിച്ച് ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടേണ്ടി വന്നത്. ജനുവരി 23 നാണ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് ലാലു ശ്രീപോര്‍ക്കലി സ്റ്റീല്‍ കട പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ തന്നെ കയറ്റിറക്ക് ജോലിക്കായി ലേബര്‍ കാര്‍ഡുള്ള മൂന്ന് തൊഴിലാളികളെ സ്ഥാപനത്തില്‍ നിയമിക്കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നാലെ തൊഴില്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സിഐടിയു സമരവുമായി രംഗത്തെത്തുകയായിരുന്നു.
'60 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ റൂഫിംഗ് മറ്റീരിയലും മറ്റും വില്‍ക്കുന്ന കട ആരംഭിച്ചത്. കയറ്റിറക്ക് ജോലിക്കായി ലേബര്‍ കാര്‍ഡുള്ള മൂന്ന് തൊഴിലാളികളെ സ്ഥാപനത്തില്‍ നിയമിച്ചിരുന്നു. യാതൊരു തര്‍ക്കവും വേണ്ടെന്ന് കരുതി തുടക്കത്തില്‍ തന്നെ പഴയങ്ങാടിയിലെ സിഐടിയു തൊഴിലാളികളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് ദിവസം ആറ് ലോഡുകള്‍ സ്ഥാപനത്തില്‍ ഇറക്കുകയും ചെയ്തു. പിന്നാലെയാണ് സിഐടിയു സമരം ആരംഭിച്ചത്. കൂടാതെ, കടയിലേക്ക് സാധനം വാങ്ങാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ കച്ചവടവും ഇല്ലാതായി' ലാലു ധനത്തോട് പറഞ്ഞു.
സിഐടിയു സമരം ആരംഭിച്ചതിന് ശേഷം ഒരു രൂപയുടെ പോലും കച്ചവടം നടന്നിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ''സാധനം വാങ്ങാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്, ആരും തന്നെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നില്ല. കടയ്ക്ക് മുന്നിലുള്ള സമരം ഒഴിവാകാതെ കട തുറന്നുവച്ചിട്ട് കാര്യമില്ല' അദ്ദേഹം പറഞ്ഞു. നിലവില്‍, പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതിയില്‍നിന്ന് അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി പോലീസ് നടപ്പാക്കുമെന്ന് വിശ്വസിക്കുന്നതായും ലാലു പറഞ്ഞു.
നേരത്തെ, സിഐടിയു സമരത്തെ തുടര്‍ന്ന് മാതമംഗലത്ത് ഹാര്‍ഡ്വയര്‍ കട അടച്ചുപൂട്ടേണ്ടി വന്നിരുന്നു. പിന്നീട്, ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine