കേരളത്തിലും സോളാര്‍ വിപ്ലവം; ഡിമാന്‍ഡ് ഇന്ത്യന്‍ പാനലുകള്‍ക്ക്, കാരണം സര്‍ക്കാര്‍ നയം

കടുത്ത ചൂടില്‍ കേരളം ഉരുകിയൊലിക്കുകയാണ്. മാര്‍ക്കറ്റില്‍ എ.സി വില്‍പനയാകട്ടെ പൊടിപൊടിക്കുന്നു. എ.സി വാങ്ങിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോലും വരാനിരിക്കുന്ന വൈദ്യുതി ബില്ലിനെ പേടിച്ച് ആഗ്രഹത്തിന് നോ പറയുകയാണ്. എന്നാല്‍, വൈദ്യുതി ബില്ലും ചൂടും പിടിവിട്ടു പോകുന്നതിനിടെ കേരളീയരുടെ സോളാര്‍ വൈദ്യുതിയോടുള്ള പ്രിയവും വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍ അടിവരയിടുന്നു.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയതോതില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള പ്രോത്സാഹനം സോളാര്‍ പാനല്‍ സ്ഥാപിക്കുന്നവരുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സോളാര്‍ പാനല്‍ സ്ഥാപിച്ചവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2023 മേയ് വരെ 6,836 പോരാണ് കൊച്ചിയില്‍ സോളാറിലേക്ക് മാറിയത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17,721 പേരാണ് സോളാര്‍ വൈദ്യുതിയിലേക്ക് മാറിയത്.
പ്രിയം ഇന്ത്യന്‍ പാനലിന്
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പാനലുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാണ് ഡിമാന്‍ഡ് കൂടുതല്‍. വില കൂടുതലാണെങ്കിലും സര്‍ക്കാര്‍ സബ്‌സിഡി ഉണ്ടെന്നതാണ് ഇന്ത്യന്‍ കമ്പനികളോട് പ്രിയം കൂടാന്‍ കാരണമെന്ന് കേരളത്തിലെ സോളാര്‍ രംഗത്തെ ആദ്യകാല കമ്പനികളിലൊന്നായ ലൈഫ്‌വേ സോളാര്‍ ഡിവൈസസ് എം.ഡി ജോര്‍ജുകുട്ടി കരിയാനപ്പിള്ളി ധനം ഓണ്‍ലൈനോട് പറഞ്ഞു.

ഇന്ത്യന്‍ പാനലുകള്‍ക്ക് ഒരു വാട്ടിന് 21,000 രൂപ വരെയാണ് വില. വിദേശ പാനലുകള്‍ 18,000 രൂപ മുതല്‍ ലഭ്യമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പാനലുകള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. രാജ്യത്ത് നിര്‍മിച്ച പാനലുകള്‍ക്ക് വിപണിയില്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് വിതരണക്കാരും പറയുന്നു. പെട്ടെന്ന് ഡിമാന്‍ഡ് വലിയതോതില്‍ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കെ.എസ്.ഇ.ബി മെല്ലെപ്പോക്ക്

സോളാര്‍ പാനലുകളുടെ ഗാര്‍ഹിക ഉപയോക്താക്കള്‍ കൂടിയെങ്കിലും കെ.എസ്.ബിയുടെ ഉത്സാഹക്കുറവ് വലിയൊരു പ്രശ്‌നമാണ്. ബോര്‍ഡിന് കൊടുക്കുന്ന അധികവൈദ്യുതിയുടെ അളവ് അറിയാനുള്ള മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ മെല്ലെപ്പോക്കാണെന്ന് ഉപയോക്താക്കളും പറയുന്നു. സോളാര്‍ പാനലിന് ഡിമാന്‍ഡ് കൂടിയതോടെ മീറ്റര്‍ സ്‌റ്റേക്ക് കുറഞ്ഞതാണ് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ ന്യായം.

ഇത്തവണത്തെ കൊടുംചൂട് സോളാറിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങളിലൊന്ന് ഓരോ വീട്ടിലും സോളാര്‍ വൈദ്യുതി എത്തിക്കുന്നതാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Videos
Share it