

രാജ്യത്ത് ടാബ്‌ലെറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ 26 ലക്ഷം പേരാണ് രാജ്യത്ത് ടാബ്‌ലെറ്റ് ഡിവൈസുകള്‍ വാങ്ങിയത്.തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. തൊഴില്‍, വിനോദ ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകളേക്കാള്‍ വലിയ സ്‌ക്രീനുള്ള ടാബ്‌ലെറ്റ് ഡിവൈസുകള്‍ പ്രയോജനകരമാകും എന്നതാണ് കൂടുതല്‍ പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതോടെ ഇക്കൊല്ലം രാജ്യത്ത് ടാബ്‌ലെറ്റുകളുടെ വില്‍പ്പന ലാപ്‌ടോപ്പുകളെ കടത്തിവെട്ടുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അടക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങുന്ന എന്‍ട്രി ലെവല്‍ ടാബ്‌ലെറ്റുകളുടെ കണക്ക് കൂട്ടാതെയാണിത്.
ആധുനിക കാലത്തെ പ്രൊഫഷണനുകള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗാഡ്‌ജെറ്റായി പല ടെക് വിദഗ്ധരും തിരഞ്ഞെടുത്ത ഡിവൈസുകളില്‍ ഒന്നാണ് ടാബ്‌ലെറ്റ്. മൊബൈല്‍ ഫോണിനേക്കാള്‍ വലിയ സ്‌ക്രീനാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിന് പുറമെ ഡിറ്റാച്ചബിള്‍ കീബോര്‍ഡ്, സ്‌റ്റൈലസ് പെന്‍ തുടങ്ങിയ ഗാഡ്‌ജെറ്റുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ടാബ്‌ലെറ്റുകളെ ജനപ്രിയമാക്കുന്നു. യാത്രയില്‍ അടക്കം കയ്യില്‍ കൊണ്ടുനടക്കാമെന്നതും മൊബൈല്‍ ഫോണിനെപ്പോലെ ഉപയോഗിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്. സിം കാര്‍ഡ് ഉപയോഗിക്കാമെന്നതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം, കോള്‍ വിളി എന്നിവയും സാധ്യമാണ്.
കൊവിഡ് മഹാമാരിക്ക് പിന്നാലെ വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ 2021ല്‍ ലാപ്‌ടോപ്പ് വില്‍പ്പന 62 ലക്ഷം യൂണിറ്റ് കടന്നിരുന്നു. വിപണിയിലുണ്ടായ അപ്രതീക്ഷിത ഡിമാന്‍ഡ് നിറവേറ്റാന്‍ കഴിയാതെ വന്നതോടെ ലാപ്‌ടോപ്പ് കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയ വര്‍ഷമായിരുന്നു ഇത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വില്‍പ്പന കുറഞ്ഞു. 2024ല്‍ 58 ലക്ഷം യൂണിറ്റ് ലാപ്‌ടോപ്പുകളാണ് ഇന്ത്യയില്‍ വിറ്റത്. തൊട്ടുമുന്നത്തെ വര്‍ഷത്തേക്കാള്‍ 1.7 ശതമാനം ഇടിവ്.
എന്നാല്‍ ഇതേകാലയളവില്‍ ടാബ്‌ലെറ്റ് വില്‍പ്പന കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം 26 ലക്ഷം യൂണിറ്റുകള്‍ വ്യക്തികളും 31 ലക്ഷം യൂണിറ്റുകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും വാങ്ങി. കൊവിഡ് കാലത്തിന് ശേഷം ടാബ്‌ലെറ്റ് വില്‍പ്പന 19 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ലാപ്‌ടോപ് വില്‍പ്പന വളര്‍ച്ച 9 ശതമാനമായിരുന്നു. 2024ല്‍ വ്യക്തികള്‍ വാങ്ങിയ ടാബ്‌ലെറ്റുകളുടെ മൂല്യം ഇതാദ്യമായി ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 8,729 കോടി രൂപ) കടന്നിരുന്നു.
അതേസമയം, വിപണിയില്‍ ടാബ്‌ലെറ്റ് ഡിവൈസുകളുടെ വില വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023ല്‍ ശരാശരി 23,000 രൂപയുണ്ടായിരുന്നു ടാബ്‌ലെറ്റ് വില 15 ശതമാനം വര്‍ധിച്ച് 2024ല്‍ ശരാശരി 30,000 രൂപയിലെത്തി. ഇതേകാലയളവില്‍ രാജ്യത്തെ ലാപ്‌ടോപ്പിന്റെ ശരാശരി വില 65,000 രൂപയിലെത്തി. വിപണിയിലെ പുതിയ ട്രെന്‍ഡില്‍ സാംസംഗ്, ഷവോമി തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. സാംസംഗ് വില്‍പ്പന 54 ശതമാനം വര്‍ധിച്ചപ്പോള്‍ ഷവോമിയുടേത് ഇരട്ടിയായെന്നും കണക്കുകള്‍ പറയുന്നു.
ടാബ്‌ലെറ്റ് ഡിവൈസുകള്‍ സ്വന്തമാക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ടെക് വിദഗ്ധര്‍ പറയുന്നു. ടാബ്‌ലെറ്റ് ഡിവൈസ് തനിക്ക് ആവശ്യമുണ്ടോയെന്ന ചോദ്യം സ്വയം ചോദിക്കണം. ടാബ്‌ലെറ്റുകള്‍ മൊബൈല്‍ ഫോണിനോ ലാപ്‌ടോപ്പുകള്‍ക്കോ പകരമാകില്ലെന്ന് ആദ്യം മനസിലാക്കണം. 6,000 രൂപ മുതല്‍ വിപണിയില്‍ ടാബ്‌ലെറ്റുകള്‍ ലഭ്യമാണെന്നതിനാല്‍ ആവശ്യം എന്താണ് മനസിലാക്കി കൃത്യമായ മോഡല്‍ തിരഞ്ഞെടുക്കണം.
ഏഴ് മുതല്‍ 14 ഇഞ്ച് വരെയുള്ള സ്‌ക്രീന്‍ വലിപ്പത്തിലാണ് ടാബുകള്‍ ലഭ്യമാകുന്നത്. വലിപ്പം കുറഞ്ഞവ കൊണ്ടുനടക്കാന്‍ എളുപ്പമാണ്. വലിപ്പം കൂടുമ്പോള്‍ ഗെയിമിംഗ്, വീഡിയോ-ഫോട്ടോ എഡിറ്റിംഗ് തുടങ്ങിയ ജോലികള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാം. സിം കാര്‍ഡ് ഉപയോഗിക്കുന്ന മോഡല്‍ ആവശ്യമാണോയെന്നും ചിന്തിക്കണം. ഇതിന് പുറമെ ടാബ്‌ലെറ്റിലെ പ്രോസസര്‍, റാം, സ്‌റ്റോറേജ്, സ്‌ക്രീന്‍, ബാറ്ററി ലൈഫ്, വാറന്റി തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine