ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 14, 2021

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങി ഏപ്രില്‍ എട്ടിന് സമാപിക്കും. രണ്ടുഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയാകും. രണ്ടാമത്തെ ഘട്ടം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ നീളും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം.
യാത്രാവാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞു
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ടചറേഴ്‌സ് (SIAM) ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 2020 ഡിസംബറില്‍ 13 ശതമാനം ഇടിഞ്ഞു. മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന രണ്ടുശതമാനം ഇടിഞ്ഞപ്പോള്‍ സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ 24 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇരുചക്രവാഹന വില്‍പ്പനയില്‍ 25 ശതമാനം ഇടിവുണ്ടായി.
ഡെല്‍ഹിവറിയുടെ ഐപിഒയ്ക്ക് അനുമതി
പുതുതലമുറ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പായ ഡെല്‍ഹിവറിയുടെ 7,460 കോടി സമാഹരണ ലക്ഷ്യത്തോടെയുള്ള ഐ പി ഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചതായി സൂചന.
ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്: ഡോഗ്‌കോയ്ന്‍ വില ഉയര്‍ന്നു
ടെസ്ല ഡോഗ്‌കോയ്ന്‍ സ്വീകരിക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വില 25 ശതമാനം ഉയര്‍ന്നു.

എസ് എം ഇകള്‍ക്ക് വായ്പ നല്‍കാന്‍ ജി പേയും ഇന്‍ഡിഫൈയും കൈകോര്‍ക്കുന്നു

ചെറുകിട സംരംഭകര്‍ക്ക് ഗൂഗ്ള്‍ പേ പ്ലാറ്റ് ഫോമിലൂടെ വായ്പ നല്‍കാന്‍ ജി പേയും ഇന്‍ഡിഫൈ ടെക്‌നോളജീസും കൈകോര്‍ക്കുന്നു. സംരംഭകരുടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇരു കമ്പനികളുടെയും അനുമാനം.
ഓഹരി വിപണിയില്‍ ഇടിവ്
നാലുദിവസം തുടര്‍ച്ചയായി നേട്ടം കൊയ്ത ഓഹരി സൂചികകള്‍ ഇന്ന് ചാഞ്ചാട്ടത്തിനൊടുവില്‍ നേരിട്ട നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 12 പോയ്ന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 61,223ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി രണ്ട് പോയ്ന്റ് താഴ്ന്ന് 18,256 ലെത്തി.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. എവിറ്റി (6.98 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.99 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.02 ശതമാനം), എഫ്എസിടി (3.79 ശതമാനം), കേരള ആയുര്‍വേദ (2.84 ശതമാനം), സിഎസ്ബി ബാങ്ക് (1.71 ശതമാനം) തുടങ്ങിയ കേരള കമ്പനികളുടെ ഓഹരി വിലയിലാണ് വര്‍ധനയുണ്ടായത്. അതേസമയം പാറ്റ്സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, അപ്പോളോ ടയേഴ്സ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.




Related Articles
Next Story
Videos
Share it