ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 27, 2021

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി ഡിസംബറില്‍ ട്രയലിന്

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികളുടെ ട്രയല്‍ ഡിസംബറില്‍ നടക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്തദാസ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) യുടെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കല്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം: ഞായറാഴ്ച കേരളത്തിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ചയുണ്ടാവുക. ഞായറാഴ്ചകളിലുണ്ടായിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് കഴിഞ്ഞ രണ്ടാഴ്ചയും ഇളവ് നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്തായിരുന്നു ഇളവ്. വരുന്ന ഞായറാഴ്ചയോടെ ഈ ഇളവ് ഇല്ലാതാകും.
സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പാലിക്കാന്‍ നിര്‍ദേശം
രണ്ട് ദിവസം തുടര്‍ച്ചയായി 40,000 ത്തിലധികം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍, കോവിഡ് -19 കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ പരിഗണിക്കാന്‍ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
റിലയന്‍സ് ലൈഫ് സയന്‍സ് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നു
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റിലയന്‍സ് ലൈഫ് സയന്‍സസിന്റെ അപേക്ഷ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ചു. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതിതേടുക. എന്നാല്‍ ഇക്കാര്യം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ രാജ്യത്ത് ആറ് വാക്‌സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് എന്നിവക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്‌സിനുമാണ് അനുമതിയുള്ളത്.
എംഎസ്എംഇ മേഖയ്ക്ക് രാജ്യാന്തര വിപണി; സൂചന നല്‍കി വാണിജ്യമന്ത്രി
രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ രാജ്യാന്തര തലത്തില്‍ വിപണി ഒരുങ്ങുകയാണെന്ന സൂചന നല്‍കി കേന്ദ്ര വാണിജ്യ വകുപ്പ് ജേയിന്റ് സെക്രട്ടറി ശ്രീകള്‍ കെ. റെഡ്ഡി. മറ്റു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കു കൂടുതല്‍ വിപണി ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.
ബിപിഎല്‍, കെല്‍വിനേറ്റര്‍ ഉല്‍പ്പന്നങ്ങള്‍ ഇനി റിലയന്‍സ് നിര്‍മിക്കും

ബിപിഎല്‍, കെല്‍വിനേറ്റര്‍ എന്നീ സാധാരണക്കാരുടെ ബ്രാന്‍ഡ് മെല്ലെ ഇലക്രിക്കല്‍ അപ്ലൈയന്‍സ് വിപണിയില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതുജീവന്‍ കൈവരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ ഈ ബ്രാന്‍ഡുകളുടെ കീഴിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള അനുമതി നേടിയിരിക്കുകയാണ്.
കെല്‍വിനേറ്ററുമായുള്ള ഉടമ്പടി ഒപ്പുവച്ചതായും ബിപിഎല്ലുമായുള്ള കരാര്‍ ഉടനെ കമ്പനി പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ട്. ബിപിഎല്ലിന്റെ ബ്രാന്‍ഡില്‍ എസികള്‍, റഫ്രിജിറേറ്റര്‍, വാഷിംഗ് മെഷിന്‍, ടെലിവിഷന്‍ എന്നിവ കൂടാതെ താറ്റ് ബള്‍ബുകളും ഫാനും നിര്‍മിച്ച് വില്‍ക്കും.
ഇന്ത്യയില്‍ ഇന്നുമുതല്‍ 'യാഹൂ' പ്രവര്‍ത്തിക്കില്ല
യുഎസ് സെര്‍ച്ച് എന്‍ജിന്‍ ദാതാക്കളായ യാഹൂ ഇന്ത്യയിലെ വാര്‍ത്താ സേവനങ്ങള്‍ നിര്‍ത്തി. ഓഗസ്റ്റ് 26 മുതലാണ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്. പുതിയ കണ്ടന്റ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേ സമയം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നത് യാഹൂ മെയിലിനെ ബാധിക്കില്ല. ഗൂഗ്ള്‍ അല്ലെങ്കില്‍ മറ്റ് ബ്രൗസര്‍ വഴി യാഹൂ അക്കൗണ്ട്, മെയില്‍ എന്നിവ സേര്‍ച്ച് ചെയ്യാന്‍ ആകും. എന്നാല്‍ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ട്ടെയ്ന്‍മെന്റ് തുടങ്ങിയവ ഇനി ലഭ്യമാക്കില്ല.
വാഹന കൈമാറ്റത്തിന് ബാങ്കുകളുടെ എന്‍ഒസിക്ക് ഇനി ബാങ്കില്‍ പേകേണ്ട
വാഹന കൈമാറ്റത്തിന് ബാങ്കുകളുടെ എന്‍ഒസിക്ക് ഇനി ബാങ്കില്‍ പോകേണ്ടെന്ന്് വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ 'വാഹന്‍' വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂര്‍ണ്ണ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ആയിരിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്
കേരളത്തില്‍ രണ്ടു ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. കേരളത്തില്‍ ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 35,520 രൂപയായി. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 35,360 രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാമിന് 4440 രൂപയാണ് കേരളത്തിലെ വില. എംസിഎക്‌സില്‍ സ്വര്‍ണ വില വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാപാരത്തില്‍ 10 ഗ്രാമിന് 46,213 രൂപയയ്ക്കാണ് ക്ലോസ് ചെയ്തിരുന്നത്. ദേശീയ വിപണിയില്‍ സ്വര്‍ണ വില കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10 ഗ്രാമിന് 2000 രൂപയിലധികമാണ് കുറഞ്ഞു.
സര്‍വകാല റെക്കോര്‍ഡിട്ട് സെന്‍സെക്സ്!
സര്‍വകാല റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് സെന്‍സെക്സിന്റെ തേരോട്ടം. സൂചികയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ന് 56,000 പോയ്ന്റ് കടന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തു. 176 പോയ്ന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന സെന്‍സെക്സ് ഇന്ന് 56,125ലാണ് ക്ലോസ് ചെയ്തത്.
ഇന്ന് 15 കേരള കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. റബ്ഫില ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു 106.30 രൂപയിലെത്തി. എവിറ്റി നാച്വറല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, കിറ്റെക്സ് ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 2.72 ശതമാനം വര്‍ധിച്ചു.




Related Articles
Next Story
Videos
Share it