ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 11, 2020

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 11, 2020
Published on
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാലുപേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍

ഇതുവരെ 67,152 രോഗികള്‍, 2,206 കൊറോണ മരണങ്ങള്‍.

ലോകത്ത്

ഇതുവരെ 4,101,699 കോവിഡ് കേസുകള്‍. 282,709 മരണങ്ങള്‍.

പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുന്നതിനു പിന്നാലെ, ഈ മാസം പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകളും ഘട്ടം ഘട്ടമായി തുടങ്ങുമെന്ന് സൂചന.ഇതിനായി അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും പ്രതിനിധികള്‍ വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു

കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. വര്‍ധിപ്പിച്ച ക്ഷാമബത്ത നേരത്തെ നേരത്തെ ഒരു വര്‍ഷത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളത്തില്‍ 30 ശതമാനം കുറവ് വരുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ നികുതി വര്‍ധിപ്പിക്കും

ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിക്കുന്നത്.മലയാളി പ്രവാസികളെ ഏറെ വിഷമിപ്പിക്കുന്ന തീരുമാനമാണിത്. ഇതര ഗള്‍ഫ് രാജ്യങ്ങളും ഈ മാര്‍ഗ്ഗം സ്വീകരിക്കുമോയൈന്ന ആശങ്കയിലാണവര്‍.

കൊവിഡ് മൂലം 2020 ല്‍ അന്താരാഷ്ട്ര ടൂറിസം 60 -80 ശതമാനം വരെ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്ന് ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി 910 ബില്യണ്‍ ഡോളര്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വരുമാനനഷ്ടമുണ്ടാകുകയും ദശലക്ഷക്കണക്കിന് ഉപജീവനമാര്‍ഗങ്ങള്‍ അപകടത്തിലാക്കുകയും ചെയ്യുമെന്നും യുഎന്‍ഡബ്ല്യുടിഒ പറയുന്നു.

ഏഴ് രാജ്യങ്ങളില്‍ നിന്നുളള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഇന്ത്യ 10 ശതമാനം ആക്കിയേക്കും

ചൈന ഉള്‍പ്പെടെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളില്‍ നിന്നുളള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഇന്ത്യ 10 ശതമാനം ആക്കിയേക്കും. കമ്പനീസ് ആക്റ്റ് 2013 പ്രകാരം, 10 ശതമാനം നിക്ഷേപ പരിധി സുപ്രധാനമായ പ്രയോജനകരമായ ഉടമകള്‍ക്ക് നിയമങ്ങള്‍ക്കനുസൃതമായി ലഭിക്കുന്നതാണ്. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ടെക് ഭീമനായ ആപ്പിള്‍ 20 ശതമാനം നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി ആപ്പിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചൈനയില്‍ നിന്ന് പല കമ്പനികളും സമാന രീതിയില്‍ നിര്‍മ്മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായാണ് സൂചന.

ചൈനയില്‍ നിന്ന് പുറത്തുകടക്കുന്ന വിദേശ കമ്പനികള്‍ക്ക് ചുവപ്പു പരവതാനി ഒരുക്കി കര്‍ണാടക സര്‍ക്കാര്‍

ഈ നീക്കത്തിന് നേതൃത്വം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സംസ്ഥാന വന്‍കിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വ്യവസായികളുമായും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായും ചേര്‍ന്ന് രൂപീകരിക്കുന്ന കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ഇതിനായി എടുക്കുമെന്ന് ഷെട്ടാര്‍ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുപകള്‍ ഏപ്രിലില്‍ 12.2 കോടിയായി

ലോക്ഡൗണിനെതുടര്‍ന്നുണ്ടായ സാമ്പത്തിക തളര്‍ച്ച ഡിജിറ്റല്‍ പേയ്‌മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്‌മെന്റ് സിസ്റ്റം) വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു. 2020 ഫെബ്രുവരിയില്‍ 24.7 കോടി ഇടപാടുകള്‍ നടന്ന സ്ഥാനത്ത് ഏപ്രിലില്‍ 12.2 കോടിയായി .

അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്

വേനല്‍മഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചുദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓഹരി വിപണിയില്‍ ഇന്ന്

ഓഹരി വിപണിയില്‍ തിങ്കളാഴ്ച കയറ്റിറക്കങ്ങളുടെ ദിനമായിരുന്നു. രാവിലെ 450 പോയ്ന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 81.48 പോയ്ന്റ് നഷ്ടത്തില്‍ 31,561.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ 32301.58 പോയന്റ് വരെ വര്‍ധിച്ചിരുന്നു.

നിഫ്റ്റി 12.30 പോയ്ന്റ് ഇടിഞ്ഞ് 9,239.20 ത്തില്‍ ക്ലോസ് ചെയ്തു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, അപ്പോളോ ഓഹരികള്‍ നേട്ടത്തില്‍

കേരള കമ്പനികളുടെ ഓഹരികളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് ഇന്ന് നേട്ടമുണ്ടാക്കിയതില്‍ മുന്നില്‍. കമ്പനിയുടെ ഓഹരി വില 4.55 ശതമാനം(10.45 രൂപ) വര്‍ധിച്ച്് 240 രൂപയിലെത്തി. അപ്പോളോ ടയേഴ്സിന്റെ വില 3.39 ശതമാനം വര്‍ധിച്ച് 93.10 രൂപയായി. എവിടി, ഈസ്റ്റേണ്‍ട്രെഡ്സ്, കിറ്റെക്സ് എന്നീ ഓഹരികളും മൂന്നു ശതമാനത്തില്‍ മേല്‍ നേട്ടമുണ്ടാക്കി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com