രജനികാന്തിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വീസ; യൂസഫലിക്ക് 'നന്‍ട്രി' പറഞ്ഞ് സൂപ്പര്‍സ്റ്റാര്‍

തമിഴ് സിനിമാലോകത്തെ സ്‌റ്റൈല്‍ മന്നന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ഗോള്‍ഡന്‍ വീസ സമ്മാനിച്ച് യു.എ.ഇ. സ്വന്തം പ്രവര്‍ത്തന മേഖലയുടെ ഉന്നമനത്തിന് മികവുറ്റ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് ആദരവെന്നോണം യു.എ.ഇ സമ്മാനിക്കുന്നതാണ് 10 വര്‍ഷക്കാലാവധിയുള്ള ഗോള്‍ഡന്‍ വീസ.
മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് നിരവധി താരങ്ങൾ നേരത്തേ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയിരുന്നു. സിനിമാലോകത്തെ മാത്രമല്ല, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളിലെ പ്രമുഖര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വീസ സമ്മാനിക്കുന്നുണ്ട്.
നന്ദി പറഞ്ഞ് തലൈവര്‍
ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഇതിന് വഴിയൊരുക്കിയ സുഹൃത്തും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയോട് നന്ദിയുണ്ടെന്നും തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ 'തലൈവര്‍' എന്നും വിശേഷണമുള്ള രജനികാന്ത് പറഞ്ഞു. യു.എ.ഇ സര്‍ക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു.
താരപരിവേഷങ്ങളില്ലാതെ സാധാരണക്കാരനായി ഏവരോടും ഇടപഴകുന്ന വ്യക്തിയാണ് രജനികാന്തെന്നും തികഞ്ഞ മാനവസ്‌നേഹി കൂടിയായ അദ്ദേഹത്തിന് ഗോള്‍ഡന്‍ വീസ ലഭ്യമാക്കുന്നതില്‍ ചെറിയ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എം.എ. യൂസഫലി പ്രതികരിച്ചു.
നിലവില്‍ യു.എ.ഇയിലുള്ള രജനികാന്ത് നേരത്തേ എം.എ. യൂസഫലിക്കൊപ്പം അദ്ദേഹത്തിന്റെ റോള്‍സ്-റോയ്‌സ് കാറില്‍ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും തരംഗമായിരുന്നു.
അബുദബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനം സന്ദര്‍ശിച്ച രജനികാന്ത്, നഗരത്തില്‍ അടുത്തിടെ നിര്‍മ്മിച്ച ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.
Related Articles
Next Story
Videos
Share it