3,806 കോടി ചെലവ്, 51,000 പേര്‍ക്ക് ജോലി; അവസരങ്ങളുടെ മഹാ നഗരമാകാന്‍ പാലക്കാട് പുതുശേരി

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി അവസരങ്ങളുടെ മഹാ നഗരമാകും. 3,806 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി മുടക്കുക. 51,000 പേര്‍ക്ക് നേരിട്ടും ഇരട്ടിയിലേറെ പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും. സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് പുതുശേരിയിലാണ് പദ്ധതിക്കായി 1,710 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിപ്പിച്ച് 28,602 കോടി രൂപ ചെലവില്‍ 12 വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
ഊന്നല്‍ ഈ മേഖലയ്ക്ക്
മെഡിസിനല്‍, കെമിക്കല്‍സ്, ബൊട്ടാണിക്കല്‍ പ്രോഡക്ട്‌സ്, നോണ്‍ മെറ്റാലിക് മിനറല്‍ പ്രോഡക്ട്, റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക് പ്രോഡക്ട്‌സ്, ഹൈടെക് ഇന്‍ഡസ്ട്രി, ഫാബ്രിക്കേറ്റഡ് മെറ്റല്‍ പ്രോഡക്ട്‌സ്, മെഷീനറി ആന്‍ഡ് എക്യുപ്‌മെന്റ് തുടങ്ങിയ വ്യവസായങ്ങളിലാകും ഊന്നല്‍ നല്‍കുക. മെഡിസിനല്‍ കെമിക്കല്‍സ്, ബൊട്ടാണിക്കല്‍ ഉത്പന്ന വ്യവസായത്തിന് ഊന്നല്‍ നല്‍കുന്ന ഏക സ്മാര്‍ട്ട് സിറ്റിയും പാലക്കാടാണ്. ഇക്കോ ടൂറിസത്തിനും ഏറെ സാധ്യതയുള്ള പദ്ധതിയാണിതെന്നാണ് പ്രഖ്യാപനം
നിക്ഷേപങ്ങള്‍ അതിര്‍ത്തി കടന്നുവരും
തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന കോയമ്പത്തൂരില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി വരുന്നത്. ഇത് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. കോയമ്പത്തൂര്‍ വ്യവസായ മേഖലയുമായി അടുത്ത് സ്ഥിതി ചെയ്യുന്നതും പാലക്കാട് സ്മാര്‍ട്ട് സിറ്റിക്ക് ഏറെ ഗുണം ചെയ്യും. ഇവിടെ 8,729 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്.
പ്ലഗ് ആന്‍ഡ് പ്ലേ ബിസിനസ് സ്റ്റൈല്‍
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെ നിലവില്‍ വരുന്ന സ്മാര്‍ട്ട് സിറ്റിയില്‍ വ്യവസായം തുടങ്ങാന്‍ വേണ്ട എല്ലാം സജ്ജീകരിക്കും. പ്ലഗ് ആന്‍ഡ് പ്ലേ എന്ന രീതിയില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ ഇവിടെ സാധിക്കും. 24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതി, കുടിവെള്ളം, ഗ്യാസ് പൈപ്പ്‌ലൈന്‍, പാരിസ്ഥിതിക അനുമതി, മറ്റ് അനുമതികള്‍ക്കായി ഏകജാലക സംവിധാനം, ഇ-ലാന്റ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ദേശീയ പാത 544 (കൊച്ചി - സേലം), സംസ്ഥാന പാതകളായ എസ്.എച്ച് 25, എസ്.എച്ച് 52 എന്നിവയുമായി സ്മാര്‍ട്ട് സിറ്റിയെ ബന്ധിപ്പിക്കും. കഞ്ചിക്കോട്, വാളയാര്‍, ഷൊര്‍ണൂര്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകള്‍ അടുത്താണെന്നത് റെയില്‍ കണക്ടിവിറ്റിയെയും സഹായിക്കും. 50 കിലോമീറ്റര്‍ ദൂരത്തില്‍ കോയമ്പത്തൂരിലും 117 കിലോമീറ്റര്‍ ദൂരത്തില്‍ കൊച്ചിയിലുമുള്ള വിമാനത്താവളങ്ങളും 151 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി തുറമുഖവും ചരക്കുനീക്കത്തിന് കരുത്താകും.
സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി
പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിനായി 1,710 ഏക്കര്‍ ഭൂമി 1,300 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ഇക്കാര്യം പരിശോധിച്ച കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ടിന്റെയും ഉന്നതതല ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന് കീഴിലെ എന്‍.എസ്.ഡി.സിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  

Related Articles

Next Story

Videos

Share it