സോളാര്‍ വൈദ്യുതിയോട് കമ്പംകൂടുതല്‍ ഗുജറാത്തിന്; കേരളത്തിന്റെ കുതിപ്പും അതിവേഗം

പുരപ്പുറം സോളാര്‍ കപ്പാസിറ്റിയില്‍ കേരളവും തമിഴ്നാടും ഒപ്പത്തിനൊപ്പം
Image: Canva
Image: Canva
Published on

രാജ്യത്തെ വൈദ്യുതരംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറിചിന്തിക്കാന്‍ സര്‍ക്കാരുകളും അതിനൊത്ത് ഉപയോക്താക്കളും സജ്ജമായതോടെ സോളാര്‍ വൈദ്യുതിയുടെ വിഹിതം അതിവേഗമാണ് ഉയരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ വര്‍ധന 78 ശതമാനമാണ്. അതിവേഗം വളരുന്ന വിപണികളിലൊന്നായി കേരളവും മാറുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

മുന്നില്‍ ഗുജറാത്ത്

സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ ഗുജറാത്താണ് മുന്നില്‍. 2023-24 സാമ്പത്തികവര്‍ഷം 3,455 മെഗാവാട്ട് വൈദ്യുതിക്കുള്ള സോളാര്‍ പാനലുകള്‍ ഗുജറാത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും (2,071 മെഗാവാട്ട്), രാജസ്ഥാനും (1,154 മെഗാവാട്ട്) ആണ് തൊട്ടുപിന്നില്‍. മൊത്തം കപ്പാസിറ്റിയുടെ 56 ശതമാനവും ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്.

മറ്റ് സംസ്ഥാനങ്ങളും സോളാര്‍ വൈദ്യുതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തുടങ്ങിയതോടെ ഉത്പാദനത്തില്‍ വലിയ കുതിപ്പ് നടത്താന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷം 6,645 മെഗാവാട്ട് വൈദ്യുതിക്കുള്ള പാനലുകള്‍ സ്ഥാപിച്ചു. 2023-24ല്‍ ഇത് 11,869 മെഗാവാട്ടായി ഉയര്‍ന്നു. 78 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്.

വളര്‍ച്ചയില്‍ മുന്നില്‍ കേരളവും തമിഴ്‌നാടും

മൊത്തം പുരപ്പുറ സോളാര്‍ കപ്പാസിറ്റിയില്‍ രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. 2022-23ല്‍ 440 മെഗാവാട്ട്‌സില്‍ നിന്ന് 675 മെഗാവാട്ടായി കഴിഞ്ഞ സാമ്പത്തികവര്‍ഷം വളരാന്‍ കേരളത്തിനായി. 53 ശതമാനമാണ് വളര്‍ച്ച. 386 മെഗാവാട്ടില്‍നിന്ന് 599ലേക്ക് കുതിച്ച തമിഴ്‌നാടും പിന്നിലല്ല. സോളാര്‍ റൂഫ്‌ടോപ് സ്ഥാപിക്കുന്നതില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് കേരളവും തമിഴ്‌നാടുമാണ്.

കെ.എസ്.ഇ.ബി വൈദ്യുതി ചാര്‍ജ് വലിയതോതില്‍ കൂടുന്നതാണ് കേരളത്തില്‍ ഉപയോക്താക്കള്‍ സോളാറിലേക്ക് കണ്ണെറിയാന്‍ കാരണം. ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എം-സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന പദ്ധതി തിരഞ്ഞെടുപ്പിനുശേഷം സജീവമായേക്കും. ഇതോടെ സോളാര്‍ വൈദ്യുതിയില്‍ രാജ്യത്ത് വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശരാശരി 400 മെഗാവാട്ട് സോളാര്‍ റൂഫ്‌ടോപ് ഇന്‍സ്റ്റലേഷനാണ് ഓരോ മാസവും നടക്കുന്നത്. എന്നാല്‍ കഴിഞ്ഞമാസം ഇത് 144 മെഗാവാട്ട് മാത്രമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയില്‍ കൂടുതല്‍ സബ്‌സിഡി കിട്ടിയേക്കാമെന്നതിനാല്‍ പലരും മടിച്ചുനില്‍ക്കുന്നതാണ് കാരണം.

പി.എം-സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന

മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയാണ് പി.എം-സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന.  ഈ സൗജന്യ സോളാര്‍ വൈദ്യുത പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് രാജ്യമെമ്പാടുനിന്നുമായി ലഭിക്കുന്നത്. രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സോളാര്‍ശോഭയുടെ വെളിച്ചമേകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയിലേക്കായി ഇതിനകം ഒരുകോടിയിലധികം പേര്‍ അപേക്ഷിച്ച് കഴിഞ്ഞു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് സബ്സിഡി ലഭിക്കും. പരമാവധി 3 കിലോവോട്ട് വരെ ശേഷിയുള്ള സോളാര്‍ സംവിധാനത്തിനാണ് സബ്സിഡി. രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്സിഡി. അതായത് 30,000 രൂപ മുതല്‍ 78,000 രൂപവരെ സബ്സിഡി നിലവില്‍ നേടനാകും. pmsuryaghar.gov.in എന്ന വെബ്സൈറ്റില്‍ അക്കൗണ്ട് തുറന്നാണ് അപേക്ഷിക്കേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com