
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ പരിധിയില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് നിയമം 2024 ഏപ്രില്‍ 30 വരെ നീട്ടി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് പുറത്ത് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ഉത്തരവ് പ്രകാരം 2022 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 31 വരെയാണ് ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കേയാണ് 2024 ഏപ്രില്‍ 30 വരെ നീട്ടിയതായി ഉത്തരവ് വന്നത്. വിദ്യാര്‍ത്ഥികളുടെ യോഗ്യതയെ അടിസ്ഥാനമാക്കിയാണ് സംവിധാനം നടപ്പാക്കി വരുന്നത്.
വിദേശ വിദ്യാര്‍ത്ഥികളുടെ പഠന കാലാവധി തുടരുന്നിടത്തോളം ഒന്നില്‍ കൂടുതല്‍ ജോലികള്‍ ഏറ്റെടുത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധാരണയായി അനുവാദമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം ആരംഭിക്കുമ്പോള്‍ മാത്രമേ കാനഡയില്‍ ജോലി ചെയ്യാന്‍ കഴിയൂ, പഠനം ആരംഭിക്കുന്നതിന് മുമ്പ് ജോലി ചെയ്യാന്‍ അനുവദിക്കില്ല. ഈ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്നുള്ള പരിധിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ 20 മണിക്കൂറില്‍ അധികമാക്കിയത്.
കാനഡയില്‍ ജീവിതച്ചെലവ് വളരെ ഉയര്‍ന്നതാണെന്നും അതിനാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് തുടരാന്‍ ആഗ്രഹിക്കുന്നതായും കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്സിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് കമ്മീഷണര്‍ അമന്‍പ്രീത് സിംഗ് അധികൃതരെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ത്ഥികളും സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാലവധി നീട്ടിയതായി അറിയിച്ചത്.
News edited and updated on 20th December 2023
Read DhanamOnline in English
Subscribe to Dhanam Magazine