വേണു രാജാമണി ഇനി 'ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ഡ്യൂട്ടി'; വായിക്കാം അദ്ദേഹത്തിന്റെ വിജയ വഴി

ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡറും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ നിയമിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചീഫ് സെക്രട്ടറി റാങ്കില്‍ പാര്‍ട്ട് ടൈമായി ഒരു വര്‍ഷത്തേക്കാണ് നിയമനം.1986 ബാച്ച് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണി തിരുവനന്തപുരം സ്വദേശിയാണ്.
വിദേശ മലയാളികളുടെ പൊതുവായ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും വിവിധ നയതന്ത്ര മിഷനുകളുടെയും ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുകയാണ് ചുമതല. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കല്‍, കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായുള്ള ബന്ധം ഏകോപിപ്പിക്കല്‍ തുടങ്ങിയ ചുമതലയുമുണ്ട്.
മുന്‍ എം.പി എ സമ്പത്ത് ആണ് നേരത്തെ ഈ പദവി വഹിച്ചിരുന്നത്. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും വേണു രാജാമണി പറഞ്ഞു.
ഹോങ്കോങ്, ബീജിംഗ്, ജനീവ, ദുബായ്, വാഷിംഗ്ടണ്‍ ഡി.സി എന്നിവടങ്ങളിലെല്ലാമായി നയതന്ത്രരംഗത്ത് പ്രവര്‍ത്ത വ്യക്തിയാണ് രാജാമണി. ഹേഗിലെ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു) യില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന കാലത്തെ അദേഹത്തിന്റെ ഇടപെടല്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്.
വായിക്കാം വേണു രാജാമണി ധനം മാഗസിനുമായി പങ്കുവച്ച തന്റെ വിജയവഴികള്‍.
  • വലിയ സ്വപ്നങ്ങള്‍ കാണുന്നവരോട് എനിക്ക് എന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ പറയാനുള്ള കാര്യങ്ങള്‍ ഇതാണ്.
  • പത്താംതരത്തിലും പ്ലസ്ടുവിലും പഠിക്കുമ്പോള്‍ മികച്ച അടിത്തറയിടാന്‍ വേണ്ടി പരിശ്രമിക്കുക. ഈ പ്രായത്തില്‍ കുട്ടികളോട് സിവില്‍ സ്വപ്നം പോലെ വലിയ കാര്യങ്ങള്‍ പറയേണ്ടതില്ല. പറ്റുന്നത്ര ഭാഷകള്‍ കുട്ടികള്‍ ഇക്കാലത്ത് പഠിച്ചിരിക്കണം.
  • മഹാരാജാസ് കോളെജിലും അത് കഴിഞ്ഞ് ന്യൂഡെല്‍ഹിയില്‍ ജെ എന്‍ യുവിലും പഠിക്കുമ്പോഴെല്ലാം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു. കോളെജ് പഠനകാലത്തെ സജീവമായൊരു സാമൂഹ്യജീവിതം പില്‍ക്കാലത്ത് നമുക്ക് ഏറെ ഉപകാരപ്പെടും. സംഘാടക മികവൊക്കെ ആര്‍ജ്ജിക്കാന്‍ സഹായിക്കുന്ന ഘടകം അതാണ്.
  • വളരെ ചെറിയ പ്രായത്തില്‍ തന്നെ പത്രവായന എന്റെ ശീലമായിരുന്നു. എന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ഘടകം പത്രവായനയാണ്.
  • യാത്ര നല്ലൊരു വിദ്യാഭ്യാസമാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരാളാണ് എന്റെ പിതാവ്. വളരെ ചെറുപ്പത്തില്‍ തന്നെ ഒരുപാട് യാത്ര നടത്താന്‍ ഭാഗ്യം കിട്ടി. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍ സി സി കേഡറ്റ് എന്ന നിലയില്‍ കാനഡയില്‍ പോയി. അത് കഴിഞ്ഞുവന്ന് ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. ചെന്നൈയില്‍ നിന്ന് കപ്പലില്‍ കയറി സിംഗപ്പൂര്‍ പോയി. റോഡ് മാര്‍ഗം തെക്ക് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ജെ എന്‍ യുവില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോയി അവിടം മുഴുവന്‍ സഞ്ചരിച്ചു. ഈ യാത്രകളാണ് എന്നെ പാകപ്പെടുത്തിയ ഒരു ഘടകം. വിദേശ രാജ്യത്ത് എല്ലാവരും തന്നെ യാത്ര ചെയ്യാന്‍ വേണ്ടി യാത്ര ചെയ്യുന്നവരാണ്. നമ്മളും മക്കളെ ഇതുപോലെ അഴിച്ചുവിടണം. അവരെ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ അനുവദിക്കണം. നമ്മുടെ പേടികളുടെ പേരില്‍ അവരെ തളച്ചിടരുത്.
  • മഹാരാജാസില്‍ വെച്ച് സംഘാടന മികവൊക്കെ ആര്‍ജ്ജിച്ചിരുന്നെങ്കിലും അത് തേച്ചുമിനുക്കപ്പെട്ടത് ജെ എന്‍ യു ജീവിതകാലത്താണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമെല്ലാമുള്ള കുട്ടികളും അധ്യാപകരുമുള്ള ക്യാംപസുകള്‍ യുവതലമുറയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും.
  • ഞാന്‍ കോളെജ് വിദ്യാര്‍ത്ഥിയായിരിക്കെ, അക്കാലത്ത് കണ്ട ഒരു മുതിര്‍ന്ന ഐ എ എസ് ഓഫീസറോട് എനിക്കും സിവില്‍ സര്‍വീസില്‍ പ്രവേശിക്കണമെന്നുണ്ട് എന്ന ആഗ്രഹം പറഞ്ഞു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ധൈര്യമായി മുന്നോട്ട് പോകൂ. നിങ്ങള്‍ക്കും അത് സാധിക്കുമെന്നാണ്.
  • ഇന്ന് യുവതലമുറയോട് ഞാനും അത് പറയുന്നു. സിവില്‍ സര്‍വീസ് മാത്രമായി സ്വപ്നങ്ങള്‍ ഒതുക്കരുത്. അത് നല്ല സാധ്യതയാണ്. അതിനൊപ്പം മറ്റനേകം രംഗങ്ങളില്‍ അവസരങ്ങളുണ്ട്. നമുക്കും എന്തുകൊണ്ട് ഗൂഗല്‍നെ പോലെ ഫേസ് ബുക്കിനെ പോലെ ആപ്പിള്‍ ഐ ഫോണിനെ പോലെ ലോകോത്തരമികവുള്ള കാര്യങ്ങള്‍ സൃഷ്ടിച്ചുകൂടാ എന്ന് ചിന്തിക്കുന്നവരാകണം യുവതലമുറ. ആ വലിയ ലക്ഷ്യങ്ങളെ പിന്തുടരുക. നക്ഷത്രങ്ങളെ ലക്ഷ്യമാക്കി നിങ്ങള്‍ ഉയര്‍ന്നു ചാടുക. ആകാശം നിങ്ങളുടെ വിരല്‍തുമ്പാല്‍ തൊടാനാകും.

കൂടുതല്‍ വായിക്കാം:


Related Articles
Next Story
Videos
Share it