പഠനം ഉപേക്ഷിച്ച് ഡെലിവറി ആപ്പ് തുടങ്ങി; ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലെ 19കാരന്‍
ഈ വര്‍ഷത്തെ ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ (Hurun India Rich List 2022) ഇടം പിടിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒരു പത്തൊമ്പതുകാരനാണ്. സെപ്‌റ്റോ എന്ന ഫാസ്റ്റ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ സഹസ്ഥാപകരില്‍ ഒരാളായ കൈവല്യ വോറ. ഒരു കൗമാരക്കാരന്‍ പട്ടികയില്‍ ഇടം നേടുന്നതും ആദ്യമായാണ്.
Read More: ഒരു ദിവസം സമ്പാദിച്ചത് 1,612 കോടി, ഹുറുണ്‍ ഇന്ത്യ പട്ടികയിലും ഒന്നാമന്‍ അദാനി തന്നെ
1000 കോടി രൂപയാണ് കൈവല്യ വോറയുടെ ആസ്തി. വോറയെക്കാള്‍ ഒരു വയസ് കൂടുതലുള്ളത് കൊണ്ട് മാത്രം തലക്കെട്ടില്‍ ഇടംപിടക്കാതിരുന്ന ഒരാളുണ്ട്. വോറയുടെ സുഹൃത്തും ഇരുപതുകാരനുമായ ആദിത് പലിച്ച. 1200 കോടിയുടെ ആസ്തിയാണ് ആദിത്തിനുള്ളത്. യാഥാക്രമം 950, 1036 എന്നിങ്ങനെയാണ് പട്ടികയില്‍ വോറയുടെയും ആദിത്തിന്റെയും സ്ഥാനം. നേരത്തെ ഇരുവരും ഫോബ്‌സിന്റെ 30 Under 30 Asia Listലും ഇടം നേടിയരുന്നു.
2021ല്‍ ആണ് ഇരുവരും ചേര്‍ന്ന് സെപ്‌റ്റോ എന്ന പേരില്‍ സംരംഭം തുടങ്ങുന്നത്. 900 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സെപ്‌റ്റോ ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളില്‍ ഒന്നാണ്. ബിസിനസ് സ്വപ്‌നം കണ്ട്, സ്റ്റാന്‍ഫോര്‍ഡ് യൂണീവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ചാണ് ഇവര്‍ സെപ്‌റ്റോ ആരംഭിക്കുന്നത്. 10 മിനിട്ടില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കും എന്നതാണ് സെപ്‌റ്റോയുടെ പ്രത്യേകത. ദുബായില്‍ ജനിച്ചുവളര്‍ന്ന വോറയും ആദിത്തും കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് കിരാനകാര്‍ട്ട് (KiranaKart) എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോം തുടങ്ങിയത്.
ചെറുകടകളുമായി ചേര്‍ന്ന് ഡെലിവറി സേവനം നല്‍കിയ കിരാനകാര്‍ട്ട് വളരെ വേഗം തന്നെ സെപ്‌റ്റോ ആയി മാറി. പലചരക്കുകള്‍ക്കൊപ്പം കാപ്പിയും ചായയും വരെ ഇന്ന് സെപ്‌റ്റോ എത്തിച്ചു നല്‍കുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്‌റ്റോയ്ക്ക് ഇന്ന് ബംഗളൂര്‍, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പടെയുള്ള 10 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.