2021 എത്തിക്കഴിഞ്ഞു; പുതിയ അവസരങ്ങളിലേക്ക് ചുവടുവയ്ക്കാം
ഓരോ പ്രതിസന്ധിയും തരുന്നത് ഒരുപാട് അവസരങ്ങളാണ്. വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോവിഡ് പോലുള്ള കടുത്ത പ്രതിസന്ധികള്‍ക്ക് കഴിയും. പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമാണ് ഇത്. പ്രതിസന്ധികള്‍ക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയ കമ്പനികള്‍ ധാരാളമുണ്ട്. അതു പോലെ തന്നെയാണ് ഇതിലൂടെ തുറക്കുന്ന പുതിയ ബിസിനസ് അവസരങ്ങളും. ചിരപരിചിതമല്ലാത്ത രീതികളും ഉല്‍പ്പന്നങ്ങളും നമുക്കിടയിലേക്കെത്തും. അതിലെ അവസരങ്ങള്‍ മുന്‍കൂട്ടി കാണുന്നവര്‍ക്കാണ് വിജയം കൈവരിക്കാനാകുക. കോവിഡിന് ശേഷം ഉണ്ടാകാനിടയുള്ള അവസരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
1 ഫ്രീലാന്‍സ് ചെയ്യാം
സ്ഥിര ജോലിയെ ആശ്രയിക്കാതെ പല ജോലികള്‍ സ്വന്തമായി ഏറ്റെടുത്ത് ജോലി ചെയ്യുന്ന ഗിഗ് ഇക്കണോമി ശക്തമാകും. ഫ്രീലാന്‍സ് ജോലിയ്ക്ക് ഇനി കൂടുതല്‍ അവസരങ്ങളുണ്ടാകും. മൈക്രോസോഫ്റ്റ് പോലുള്ള വലിയ കമ്പനികള്‍ നേരത്തെ തന്നെ ഇത്തരത്തില്‍ വര്‍ക്ക് വിഭജിച്ച് പലയാളുകള്‍ക്കായി നല്‍കുന്നുണ്ടെങ്കിലും കോവിഡിന് ശേഷം ഇത് എല്ലാത്തരം കമ്പനികളും ആശ്രയിക്കും. ഫ്രീലാന്‍സ് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള വലിയ അവസരം കേരളത്തിലെ നാട്ടുമ്പുറത്തെ ആളുകള്‍ക്ക് പോലും ലഭ്യമാകുന്നു എന്നതാണ് വലിയ മാറ്റം.
2 ഐറ്റി കമ്പനികള്‍
ആളുകള്‍ ജോലിക്ക് വേണ്ടിയുള്ള യാത്രകള്‍ കുറയ്ക്കുകയും വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ജോലികളോട് താല്‍പ്പര്യം കാട്ടുകയും ചെയ്യുന്ന കാലമാണ് വരാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ഐറ്റി മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഇവിടെയുണ്ടാകും. ടാലന്റ് കൂടുതലും ചെലവ് കുറവുമുള്ള കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ മേഖലയില്‍ സാധ്യതകളേറെയാണ്. ആയിരക്കണക്കിന് പേരെ ജോലിക്കെടുക്കുന്ന പരമ്പരാഗത സംരംഭങ്ങള്‍ക്കല്ല, ചെറുകിട സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാവുക. വര്‍ക്ക് അറ്റ് ഹോം വ്യാപകമാകുന്നതു വഴി വലിയ കെട്ടിടങ്ങളില്‍ വന്‍കിട ഓഫീസുകള്‍ എന്ന സങ്കല്‍പ്പത്തിന് പ്രസക്തി നഷ്ടപ്പെടുന്നതോടെ ചെലവ് ചുരുക്കി സ്ഥാപനം നടത്താനാവും.
3 കുടില്‍ വ്യവസായങ്ങള്‍
8ാം നൂറ്റാണ്ടില്‍ തൊഴില്‍ അല്ലെങ്കില്‍ വ്യവസായം എന്നത് വീടുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു. വീട്ടിലിരുന്ന് സാധനങ്ങള്‍ ഉണ്ടാക്കുന്ന രീതി. 19ാം നൂറ്റാണ്ടായപ്പോള്‍ അത് ചെറിയ ചെറിയ യൂണിറ്റുകളായി മാറി. 20ാം നൂറ്റാണ്ടില്‍ മാസ് പ്രൊഡക്ഷന്‍ എന്ന ആശയത്തിലേക്ക് വന്നു. വന്‍കിട വ്യവസായ പ്ലാന്റുകള്‍ സ്ഥാപിതമായി. എന്നാല്‍ ഇനി നാം വീണ്ടും തിരിച്ച് വീടുകളിലേക്ക് തന്നെ മടങ്ങിപ്പോകുന്നു. ഇനി കുടില്‍ വ്യവസായങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കും. വലിയ ബ്രാന്‍ഡുകള്‍ക്കു വേണ്ടി വീട്ടിലിരുന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ചെറിയ കുടില്‍വ്യവസായങ്ങള്‍ക്ക് മികച്ച സാധ്യതയുണ്ട്. എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള അവസരം ലഭിക്കും.
4 ഐറ്റി, ടെലി കമ്യൂണിക്കേഷന്‍
ബാംഗളൂര്‍ പോലുള്ള മെട്രോ നഗരങ്ങളോട് കിടപിടിക്കാവുന്ന സൗകര്യങ്ങളുടെ അഭാവം കേരളത്തിന് തിരിച്ചടിയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, എന്റര്‍ടെയ്ന്റ്മെന്റ് സൗകര്യങ്ങള്‍, വന്‍തോതിലുള്ള താമസ സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാമാണ് കേരളത്തെ പിന്നോക്കം വലിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എവിടെയിരുന്നും ജോലി ചെയ്യാവുന്ന അന്തരീക്ഷം ഉരുത്തിരിഞ്ഞതോടെ ഐറ്റി, ടെലികമ്മ്യൂണിക്കേഷന്‍ പോലുള്ള സംരംഭങ്ങള്‍ക്ക് സാധ്യതകളേറെയാണ്.
5 സാങ്കേതികവിദ്യാ സംരംഭങ്ങള്‍
ഇനി യാത്രകളൊന്നും പഴയ പോലെ എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. ചെറുകിട സംരംഭകര്‍ക്കും എളുപ്പത്തില്‍ കടന്നു വരാനും വിജയം വരിക്കാനും ഇതിലൂടെ അവസരമുണ്ട്. മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉള്ളപ്പോഴാണ് സൂം പോലൊരു ആപ്ലിക്കേഷന്‍ വന്‍ വിജയമായത്. ആളുകള്‍ക്ക് ആവശ്യമായത് നല്‍കുന്ന സംരംഭങ്ങള്‍ക്ക് കോവിഡ് ഒരു തടസ്സമേയല്ല എന്നു തന്നെയാണിത് കാട്ടുന്നത്.