കൃഷിയും മികച്ച സംരംഭമാക്കാം: ലാഭം നേടാന്‍ മൂന്നു വഴികളിതാ…
കോവിഡ് 19 മൂലം ഗ്ലാമര്‍ കൂടുന്ന മേഖലയുണ്ട്; കൃഷി. താല്‍പ്പര്യം കൊണ്ടോ
സാഹചര്യങ്ങള്‍ കൊണ്ടോ ഏറെ പേര്‍ കാര്‍ഷിക മേഖലയിലേക്ക് തിരിയാന്‍
നിര്‍ബന്ധിതമാക്കും. കാരണം കോവിഡ് മൂലം ഏറെ പേരുടെ തൊഴില്‍ പോകും. കേരളത്തിനകത്തും പുറത്തും തൊഴിലവസരങ്ങള്‍ കുറയും. അതുകൊണ്ട് പലര്‍ക്കും കൃഷിയിലേക്ക് തിരിയേണ്ടിവരും.
നാട്ടില്‍ പുറത്തും തൊഴിലുകള്‍ കുറയുന്നതുകൊണ്ട് കൃഷിപ്പണിക്ക് ആളുകളെ
കിട്ടാനിടയുണ്ട്. അതുകൊണ്ട് കൃഷിയിടങ്ങളെ സജീവമാക്കാന്‍ പലരും ആലോചിക്കും. എത്ര കടുത്ത മാന്ദ്യത്തിലും മനുഷ്യര്‍ ആഹാരത്തിനുള്ള വക തേടും. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ രംഗത്താണെങ്കില്‍ നിലനിന്നുപോകാന്‍ മിനിമം ഗ്യാരണ്ടിയുണ്ട്. ഇത് വിവിധ മേഖലകളില്‍ ഉന്നത പദവികളില്‍ ഇരുന്നവരെ പോലും കാര്‍ഷിക രംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കും.
കേരളത്തില്‍ പലരും പല ലക്ഷ്യങ്ങളോടെയും ഭൂമി വാങ്ങിയിട്ടുണ്ട്. ചിലര്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കാന്‍, ചിലര്‍ ഫഌറ്റ് പണിയാന്‍, ചിലര്‍ കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കാന്‍ ... അങ്ങനെ. എന്നാല്‍ സമീപകാലത്ത് ഈ രംഗത്തൊന്നും തിരിച്ചുകയറ്റം പ്രതീക്ഷിക്കാനാവില്ല. ഭൂമി വെറുതെ ഇടുന്നതിലും ഭേദം അവിടെ നിന്നൊരു വരുമാനമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കും. ഇതും കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വാകും.
ഓര്‍ഗാനിക് കാര്‍ഷികോല്‍പ്പന്നങ്ങളോട് മുന്‍പെങ്ങുമില്ലാത്ത പ്രിയം ഇപ്പോഴുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ അല്ലെങ്കിലും സ്വന്തം ആവശ്യത്തിനായെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളുണ്ടാക്കി സ്വയം പര്യാപ്ത നേടാന്‍, നഗരവാസികളും ഗ്രാമവാസികളും നടത്തുന്ന ശ്രമങ്ങളും കാര്‍ഷിക മേഖലയ്ക്ക് ഗുണമാകും.
കൃഷി, പഴയ രീതി പോര
ഈ കൊറോണ കാലവും കടന്നുപോകും. ഇതുവരെ സംരംഭകത്വത്തെയും കൃഷിയെയും കുറിച്ച് ചിന്തിക്കാത്തവര്‍ ഇപ്പോള്‍ കുത്തിയിരുന്ന് അതൊക്കെ ചിന്തിക്കുന്നുണ്ടാകും.
അത്തരക്കാരോട് ഒരു കാര്യം. ഇനി കൃഷിയെന്നാല്‍ പഴയ കൃഷിയല്ല. കാര്യങ്ങള്‍
മാറുകയാണ്. അമേരിക്കയില്‍ പ്ലെന്റി ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനി വെര്‍ട്ടിക്കല്‍ ഫാമിംഗ് രംഗത്ത് വന്‍ സംഭവങ്ങള്‍ സൃഷ്ടിക്കുന്നു. ശാസ്ത്രഞ്ജര്‍ ലാബോറട്ടറിയില്‍ വെച്ച മാംസമുണ്ടാക്കുന്നു. ഇതൊന്നും കേരളത്തില്‍ അടുത്ത കാലത്തൊന്നും വരില്ലെന്ന് കരുതരുത്. 2012ല്‍ ഊബര്‍ നമ്മുടെ നാട്ടില്‍ പ്രചാരം നേടുമെന്ന് പറഞ്ഞിരുന്നുവെങ്കില്‍
ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? സ്മാര്‍ട്ട് ഫോണ്‍ വഴി ഭക്ഷണം വീട്ടിലെത്തിക്കാന്‍ ആരെങ്കിലും തയ്യാറാവുമെന്ന് കരുതിയിരുന്നോ? ഇപ്പോള്‍ അതില്ലാത്ത ലോകം ഊഹിക്കാന്‍ വയ്യ. നാളെ കേരളത്തിലും വരും വെര്‍ട്ടിക്കല്‍ ഫാമിംഗ്. അതായത് രണ്ടോ മൂന്നോ ഏക്കറില്‍ വലിയ ബഹുനില മന്ദിരങ്ങള്‍ നിര്‍മിച്ച് അവിടെ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കും. ഒന്നു മാറി ചിന്തിച്ചാല്‍ കൃഷിഭൂമിയുടെ ഓരോ ഇഞ്ചും മികച്ച രീതിയില്‍ വിനിയോഗിച്ച് നല്ല വരുമാനം ആര്‍ക്കും നേടാം.
മൂന്നുകാര്യങ്ങളിതാ
കൃഷിയില്‍ പരമാവധി വരുമാനം നേടാന്‍ അഗ്രിപ്രണറായ റോഷന്‍ കൈനടി നല്‍കുന്ന
മൂന്ന് മാര്‍ഗനിര്‍ദേശങ്ങളിതൊക്കെയാണ്.
1. പുത്തന്‍ സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും പരമാവധി
ഉള്‍ക്കൊള്ളിക്കുക: കൃഷിയിടത്തില്‍ പരമാവധി പുതിയ സാങ്കേതിക വിദ്യകള്‍
കൊണ്ടുവരണം. സാധ്യമായത്ര യന്ത്രവല്‍ക്കരണവും. ഇതു രണ്ടും ആദ്യഘട്ടത്തില്‍
ചെലവ് കൂട്ടുമെങ്കിലും കൂലിയിനത്തിലുള്ള ചെലവുകള്‍ കുറയ്ക്കും.കാര്യക്ഷമത കൂട്ടും. വിളകള്‍ക്ക് നല്ല വിപണി കിട്ടാന്‍ പുതിയ മാര്‍ക്കറ്റിംഗ് രീതികളും കൊണ്ടുവരണം.
2. ലൈവ് സ്‌റ്റോക്കിന് ഇടം വേണം: കൃഷിയ്‌ക്കൊപ്പം ആട്, പശു, കോഴി
വളര്‍ത്തലിനും പ്രാധാന്യം കൊടുക്കണം. കൃഷിയിടത്തില്‍ വളത്തിന്റെ ചെലവ്
ഇതുമൂലം കുറയ്ക്കാനാകും. കൃഷിയിടത്തിലെ കളയും കാടുമെല്ലാം ഇവയ്ക്ക്
തീറ്റയാകും. വരുമാനത്തില്‍ 30 ശതമാനത്തോളം വര്‍ധയുണ്ടാകും.
3. ഫാം ഒരു ടൂറിസം കേന്ദ്രമാക്കാം: കൃഷിയെന്താണെന്ന് നേരിട്ടറിയാത്ത ഒരു
തലമുറ നമുക്കിടയിലുണ്ട്. അവര്‍ക്ക് കൃഷി ഒരു അനുഭവമാക്കുന്ന ഇടമൊരുക്കാന്‍ സാധിച്ചാല്‍ കൃഷിയിടം ഒരു വിനോദ സഞ്ചാര കേന്ദ്രമാകും. ഫാം ടൂറിസത്തിലൂടെ കൃഷിയിടത്തുനിന്നുള്ള വരുമാനം വന്‍തോതില്‍ വര്‍ധിപ്പിക്കാം. ഇവിടേക്ക് വിദേശ സഞ്ചാരികളൊന്നും വരണമെന്നില്ല. നമ്മുടെ നാട്ടിലെ പുതുതലമുറയും അയല്‍ സംസ്ഥാനങ്ങളില്‍ ഐറ്റി, മാനുഫാക്ചറിംഗ് രംഗത്ത് ജോലി ചെയ്യുന്നവരും വന്നാല്‍ തന്നെ ഫാമില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine