കാനഡയില്‍ പണിയെടുക്കാന്‍ ആളെവേണം, ഡിമാന്‍ഡ് കൂടുതല്‍ ഈ മേഖലകളില്‍

തൊഴില്‍ രംഗത്ത് വിദേശ പൗരന്മാരുടെ ആവശ്യം വീണ്ടും ഉയരുകയാണെന്ന സൂചന നല്‍കി ബിസിനസ് കൗണ്‍സില്‍ ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും രാജ്യം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം (permanent residents) ഉയര്‍ത്തണമെന്നാണ് കൗണ്‍സിലിന്റെ സര്‍വ്വെയില്‍ പങ്കെടുത്ത 50 ശതമാനം തൊഴില്‍ ദാതാക്കളും ആവശ്യപ്പെട്ടത്. കാനഡയിലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2022-24 അനുസരിച്ച് പ്രതിവര്‍ഷം 4.5 ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സര്‍വ്വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് കമ്പനികളും കാനഡയ്ക്ക് പുറത്ത് നിന്ന് ജീവനക്കാരെ കണ്ടെത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ മാത്രം 91.26 ലക്ഷം എന്ന റെക്കോര്‍ഡ് തൊഴിലവസരങ്ങളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ആണ് തൊഴിലാളി ക്ഷാമം കൂടുതല്‍. സാങ്കേതിക പരിജ്ഞാനം വേണ്ട മേഖലകളില്‍ ഉള്‍പ്പടെ തൊഴിലാളികളെ ലഭിക്കണമെങ്കില്‍ കുടിയേറ്റം അനിവാര്യമാണെന്നാണ് കമ്പനികളുടെ നിലപാട്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, അനലിറ്റിക്സ് കുടങ്ങിയ മേഖലകളിലാണ് കാനഡയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ളത്. 2021ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനവും റിട്ടയര്‍മെന്റിലേക്ക് അടുക്കുകയാണ്. അഞ്ച് പേരെ എടുത്താല്‍ അതില്‍ ഒരാളുടെ ( 21.8 %) 55-64 വയസിനിടയില്‍ ആയിരിക്കും.

കഴിഞ്ഞ 50 വര്‍ഷമായി തുടരുന്ന കുറഞ്ഞ താഴ്ന്ന ജനന നിരക്കും പ്രായമാകുന്നവരുടെ എണ്ണവും കാനഡയിലെ തൊഴിലവസരങ്ങള്‍ വീണ്ടും ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്തെ എല്ലാ മേഖലയിലുമുള്ള സ്ഥാപനങ്ങളിലും 20 ശതമാനം വരെ വിദേശ തൊഴിലാളികളെ അനുവദിക്കുന്നുണ്ട്. തെരഞ്ഞെടുത്ത ഏഴ് മേഖലകളില്‍ അത് 30 ശതമാനം വരെ ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it