

കോളേജില്‍ പോകാതെ ജോലിക്ക് ചേരുന്ന യു.എസിലെ ട്രെന്‍ഡ് ഇന്ത്യയിലും വേണമെന്ന് ആവശ്യപ്പെട്ട് സോഹോ കോര്‍പറേഷന്റെ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു. ഇന്ത്യന്‍ മാതാപിതാക്കളും കുട്ടികളെ ഇതിന് അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യു.എസിലെ സ്മാര്‍ട്ടായ കുട്ടികള്‍ നിലവില്‍ കോളേജ് വിദ്യാഭ്യാസത്തിന് കാര്യമായ സ്ഥാനം നല്‍കുന്നില്ല. ഇത് മനസിലാക്കിയ കമ്പനികള്‍ ഇവര്‍ക്ക് ജോലി നല്‍കാനും തയ്യാറാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
ഒരു ബിരുദ യോഗ്യതക്ക് വേണ്ടി വലിയ സാമ്പത്തിക ബാധ്യത വരുത്താതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ചെറുപ്പക്കാര്‍ക്ക് ഇതിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊരു സാംസ്‌ക്കാരികമായ മാറ്റമാണ്. ഈ ട്രെന്‍ഡ് വ്യാപകമായാല്‍ കുട്ടികള്‍ ചിന്തിക്കുന്ന രീതിയും അവരുടെ സംസ്‌ക്കാരവും മാറുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരക്കാര്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യന്‍ കമ്പനികളും തയ്യാറാകണം. സോഹോയിലെ നിയമനങ്ങള്‍ ഡിഗ്രി നിര്‍ബന്ധമല്ലാതാക്കിയത് 2013 മുതലാണ്. തെങ്കാശിയിലെ സോഹോ ക്യാമ്പസിലെ ടെക്‌നിക്കല്‍ ടീമിന്റെ ശരാശരി പ്രായം 19 വയസാണ്. ഈ പ്രായക്കാരുടെ ഊര്‍ജ്ജവും ജോലി ചെയ്യാനുള്ള താത്പര്യവുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. അവര്‍ക്കൊപ്പമെത്താന്‍ താന്‍ കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച കോളേജുകളില്‍ നിന്ന് ലഭിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകളായിരുന്നു കുറച്ച് കാലം മുമ്പ് വരെ ജോലി ലഭിക്കാനുള്ള അടിസ്ഥാന യോഗ്യത. പക്ഷേ ഇന്നത് പതുക്കെ മാറുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരാളുടെ കയ്യിലുള്ള ഡിഗ്രിയുടെ കനമോ റെസ്യൂമേയുടെ വലിപ്പമോ അല്ല കമ്പനികള്‍ക്ക് ആവശ്യം. മറിച്ച് തൊഴിലിടങ്ങളിലെ പ്രായോഗികമായ വൈഭവമാണ് കമ്പനികള്‍ പരിഗണിക്കുന്നത്. നിങ്ങള്‍ ചെയ്ത പ്രോജക്ടുകള്‍, മുന്‍കാല വര്‍ക്കുകള്‍, ആശയ വിനിമയം നടത്താനുള്ള ശേഷി, എ.ഐ പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള ശേഷി എന്നിവയും കമ്പനികള്‍ പരിഗണിക്കും.
ഈ ട്രെന്‍ഡ് വ്യാപകമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കമ്പനികള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം കൂടിയാണിത്. തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ പാസായവര്‍ക്ക് പോലും എങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്ന കാര്യത്തില്‍ ധാരണയില്ല. കമ്പനികള്‍ വീണ്ടും പണം മുടക്കിയാണ് ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇവിടെയാണ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവരെ തൊഴില്‍ പരിശീലനം നല്‍കി കമ്പനിയുടെ ഭാഗമാക്കിയാല്‍ എന്തെന്ന ചോദ്യം ഉയരുന്നത്. അതാകുമ്പോള്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളം നല്‍കിയാലും മതി.
യോഗ്യതയുള്ളവര്‍ക്ക് പണിയെടുക്കാന്‍ അറിയില്ലെന്ന കുറവ് നികത്താന്‍ ഇപ്പോള്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ധപ്പെട്ട മേഖലയിലെ കമ്പനികളുടെ സഹകരണം തേടാറുണ്ട്. ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
അതേസമയം, ഔപചാരിക വിദ്യഭ്യാസമില്ലാത്തവരെ ജോലിക്ക് എടുക്കുന്നത് എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നത്. ഐ.ടി, അനുബന്ധ ജോലികളില്‍ ഈ ട്രെന്‍ഡ് വ്യാപകമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിദഗ്ധ യോഗ്യത ആവശ്യമായ എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഫിനാന്‍ഷ്യല്‍ മേഖലകളില്‍ ഈ ട്രെന്‍ഡ് വരാനുള്ള സാധ്യത കുറവായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine